മുബൈ: മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ചധിക്ഷേപിച്ച ബോളിവുഡ് നിരൂപകൻ കെ.ആർ.കെ എന്ന കമാൽ റാഷിദ് ഖാൻ മാപ്പു പറഞ്ഞു. തന്റെ ട്വിറ്റർ പേജിലൂടെയാണ കെ.ആർ.കെ ഖേദപ്രകടനം നടത്തിയത്. മോഹൻലാലിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നെന്നും അതിനാലാണ് അത്തരമൊരു പരാമർശം നടത്തിയതെന്നും കെ.ആർ.കെ പറഞ്ഞു. മോഹൻലാൽ മലയാളത്തിലെ സൂപ്പർസ്റ്റാറാണെന്ന് ഇപ്പോൾ താൻ മനസിലാക്കിയതായും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

'മോഹൻലാൽ സാർ, ഛോട്ടാഭീം എന്ന് വിളിച്ചതിനു ക്ഷമ ചോദിക്കുന്നു. കാരണം എനിക്ക് നിങ്ങളെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. പക്ഷെ ഇപ്പോഴെനിക്കറിയാം നിങ്ങൾ മലയാള സിനിമയുടെ സൂപ്പർസ്റ്റാറാണെന്ന്.' - ഇതായിരുന്നു കെ.ആർ.കെയുടെ ട്വീറ്റ്.

ആയിരം കോടി മുതൽ മുടക്കിൽ, എം ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം എന്ന ചിത്രത്തിൽ ഭീമനായി മോഹൻലാൽ അഭിനയിക്കുന്നതിനെ പരിഹസിച്ചാണ് കെ.ആർ.കെ പുലിവാലു പിടിച്ചത്. തുടർന്ന് മലയാളികൾ കെ.ആർ.കെയുടെ പേജിൽ പൊങ്കാല ഇടുകയായിരുന്നു. മോഹൻലാലിന് പകരം ബാഹുബലി ഫെയിം പ്രഭാസാണ് ഭീമനാവാൻ അനുയോജ്യനെന്നും കെ.ആർ.കെ പറഞ്ഞിരുന്നു. ചിത്രത്തിൽ കൃഷ്ണനായി അഭിനയിക്കാൻ താൻ ആഗ്രഹിക്കുന്നതായും കെ.ആർ.കെ. പറഞ്ഞിരുന്നു.

'മോഹൻലാൽ ഛോട്ടാ ഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങനെ മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കുമെന്നും വെറുതെ നിർമ്മാതാവിന്റെ കാശ് കളയണോ' എന്നുമായിരുന്നു മലയാളത്തിന്റെ പ്രിയതാരത്തെ കളിയാക്കിക്കൊണ്ടുള്ള കെആർകെയുടെ ട്വീറ്റ്.

പ്രിയ നടനെ കളിയാക്കിയതിൽ മല്ലൂസ് വൻ ആക്രമണമാണ് കെ.ആർ.കെയ്‌ക്കെതിരേ നടത്തിയത്. കെആർകെയുടെ ട്വിറ്റർ അക്കൗണ്ടിൽ മലയാളികൾ പൊങ്കാലയിട്ടുതുടങ്ങി. മല്ലു സൈബർ സോൾജ്യേഴ്സ് എന്ന ഹാക്കിങ് കൂട്ടായ്മയും കെ.ആർ.കെയ്‌ക്കെതിരേ രംഗത്തിറങ്ങി. കെ.ആർ.കെയുടെ ഇമെയിൽ അക്കൗണ്ട് ഹാക് ചെയ്തതായി മല്ലു സൈബർ സോൾജിയേഴ്‌സ് അവകാശപ്പെട്ടിരുന്നു. മോഹൻലാലിനോട് കെ.ആർ.കെ മാപ്പു പറയണമെന്നതായിരുന്നു ഇവരുടെ ആവശ്യം.

ഇതിനിടെ ഫേസ്‌ബുക്കിൽ മോഹൻലാലിന് എതിരായ പോസ്റ്റ് മാസ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുകയും ചെയ്തു. കമൽ ആർ ഖാൻ മോഹൻലാലിനെ കളിയാക്കിയിട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് റിമൂവ് ചെയ്തത്. ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടിയ റിപ്പോർട്ട് ചെയ്ത ഉപയോക്താക്കളാണ് വിവരം ഫേസ്‌ബുക്കിലിട്ടത്. വ്യക്തിപരമായി മറ്റൊരാളെ അപമാനിക്കുന്നതാണ് പോസ്റ്റെന്ന് ബോധ്യപ്പെട്ടതിനാലാണ് ഫേസ്‌ബുക്ക് അധികൃതർ പോസ്റ്റ് റിമൂവ് ചെയ്തത്.

പ്രശസ്തരെ അവഹേളിച്ചുള്ള ട്വീറ്റുകളിലൂടെ മുൻപും 'പ്രശസ്തി' ലക്ഷ്യം വച്ചിട്ടുള്ള ആളാണ് കെആർകെ. കരൺ ജോഹറും കമൽഹാസനും അമിതാഭ് ബച്ചനുമൊക്കെ മുൻപ് കെആർകെയുടെ 'ഇര'കളായിട്ടുണ്ട്. അവയിൽ പലതിനും താരങ്ങൾ തന്നെ മറുപടി കൊടുക്കുകയോ ചിലതെല്ലാം കണ്ടില്ലെന്ന് നടിക്കുകയോ ചെയ്തിട്ടുണ്ട്.