പാലക്കാട്: പി.എം. മുഹമ്മദ് ഹാജി എന്ന മനുഷ്യസ്നേഹിയുടെ കാരുണ്യ സ്പർശത്താൽ പത്ത് നിർധനരായ വിധവകൾക്ക് കാരുണ്യ വീട് ഒരുങ്ങുന്നു. റഹീം ഒലവക്കോടിന്റെ നേതൃത്വത്തിലുള്ള ഏകതാ പ്രവാസി ചാരിറ്റബിൾ ട്രസ്റ്റാണ് പി.എം. മുഹമ്മദ് ഹാജിയുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ നേതൃത്വം നൽകുന്നത്. മുഹമ്മദ് ഹാജി ഏകതാ പ്രവാസിക്കു ഇതിനായി നാൽപത് സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകി. പാലക്കാട് മേനാംപാറ ഭാഗത്താണ് സ്ഥലം വിട്ടു നൽകിയത്. ഇവിടെ വീടുകൾ നിർമ്മിക്കുന്നതിനായി 27നു വിക്ടോറിയ കോളജ് ഗ്രൗണ്ടിൽ സിനിമയിൽ 50 വർഷം പൂർത്തീകരിച്ച കെ.പി.എ.സി.ലളിതയെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'ലളിതം 50' ന്റെ ലാഭവിഹിതം വിനിയോഗിക്കും.

തൃശൂർ ആൽത്തറ പരപ്പുരയിൽ മുഹമ്മദ് ഹാജി ദാരിദ്ര്യത്തിൽ നിന്നും ഉയർന്നു വന്നയാളാണ്. താൻ അനുഭവിച്ച ദുരിതങ്ങളെ ഓർമ്മിക്കുന്ന മുഹമ്മദ് ഹാജിയുടെ നന്മ വറ്റാത്ത മനസ്സാണ് കാരുണ്യ പ്രവർത്തിക്കു പ്രചോദനമായത്.

എഴുപതുകളിൽ പാലക്കാട് എത്തിയ മുഹമ്മദ് ഹാജി ആദ്യം 15 രൂപാ ശമ്പളക്കാരനായിട്ടാണ് ജീവിതയാത്രയ്ക്ക് തുടക്കമിട്ടത്. 14 പേരടങ്ങിയ വലിയ കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടും ഒട്ടേറെയുണ്ടായെങ്കിലും തളർന്നില്ല. ഏഴു സഹോദരങ്ങളെയും ഒപ്പം കൂടി. 1980ൽ ഒരു ചെറിയ സ്ഥാപനം വാടകക്കെടുത്ത് ആരംഭിച്ച പ്രയാണത്തിൽ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 82ൽ ചന്ദ്രാനഗറിൽ സ്ഥലം വാങ്ങി പലചരക്ക് വ്യാപാരത്തിന് തുടക്കം കുറിച്ചു. മുഹമ്മദ് ഹാജിയും സഹോദരങ്ങളായ മൂസ്സക്കുട്ടി, ഇബ്രാഹിം, അബൂബക്കർ, യൂസഫ്, ഖാദർ, അബ്ദുള്ള എന്നിവർ ചേർന്ന് നാട്ടിലും ദുബായ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ 20തോളം സ്ഥാപനങ്ങൾ നടത്തിവരികയാണ്. വാൾമാർട്ട് ഹൈപ്പർ മാർക്കറ്റ്, ലാവണ്ടർ ഹൈപ്പർ മാർക്കറ്റ്, പി.എം.ഗ്രൂപ്പ് എന്നീ പേരുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 1500 പരം ആളുകൾ ജോലി ചെയ്യുന്നുണ്ട്. മുഹമ്മദ് ഹാജിയുടെ നന്മ മനസിനു പിന്തുണയുമായി ഭാര്യ അലീമു മക്കളായ സിറാജുദ്ദീൻ, ഷറഫുദ്ദീൻ, സൈനുദ്ദീൻ എന്നിവരും ഒപ്പമുണ്ട്.

ഏകതാ പ്രവാസി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വീടുകൾ നിർമ്മിക്കുന്നതിനായുള്ള സ്ഥലത്തിന്റെ ആധാരം ചലച്ചിത്രനടൻ മോഹൻലാലിനു പി.എം.മുഹമ്മദ് ഹാജി കൈമാറി. മോഹൻലാൽ ഏകതാ പ്രവാസി ചെയർമാൻ റഹീം ഒലവക്കോടിനെ ആധാരം ഏൽപ്പിച്ചു. ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ എം.പത്മകുമാർ, ഏകതാ പ്രവാസി വൈസ്ചെയർമാൻ എബി ജെ. ജോസ്, പാലക്കാട് മുരളി, അഭിരാമി അസോസിയേറ്റ്സ് ഡയറക്ടർ നിഷാന്ത് തുടങ്ങിയവർ പങ്കെടുത്തു.