ചെന്നൈ: മലയാള സിനിമയുടെ ചരിത്ര പുരുഷൻ സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു. 90 വയസ്സായിരുന്നു. നിരവധി ഭാഷകളിൽ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 1960 മുതൽ 90കൾ വരെ സിനിമാ സംവിധാനത്തിൽ സജീവമായിരുന്നു സേതു മാധവൻ. പൂർണ്ണമായും വിശ്രമ ജീവിതത്തിലായിരുന്നു. മലയാളത്തിനു പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേൽ പുരസ്‌ക്കാരം ലഭിച്ചു.

പാലക്കാട് സുബ്രഹ്മണ്യം ലക്ഷ്മി ദമ്പതികളുടെ മകനായി 1931ൽ സേതുമാധവൻ ജനിച്ചു. മൂന്നു സഹോദരിമാരും ഒരു സഹോദരനുമുണ്ടു്. തമിഴ്‌നാട്ടിലെ വടക്കേ ആർക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാടു് വികോടോറിയ കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദം നേടി. സിനിമയിൽ എത്തിയതു സംവിധായകൻ കെ രാംനാഥിന്റെ സഹായി ആയിട്ടായിരുന്നു . എൽ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദർ റാവു, നന്ദകർണി എന്നീ സംവിധായകരുടെ കൂടെ നിന്നു് സംവിധാനം പഠിച്ചു. സേതുമാധവൻ 1960ൽ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സാഹിത്യത്തെ സിനിമയോട് അടുപ്പിച്ചതും കെ എസ് സേതുമാധവന്റെ പ്രത്യേകതയാണ്.

ആദ്യ മലയാള സിനിമ കമൽഹാസൻ ബാലതാരമായി അഭിനയിച്ച 'കണ്ണും കരളും'. മലയാളത്തിൽ ഏറ്റവുമധികം സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകനാണ്. ഓടയിൽനിന്ന്, അടിമകൾ, അച്ഛനും ബാപ്പയും, അരനാഴിക നേരം, കരകാണാക്കടൽ, പണി തീരാത്ത വീട്, ചട്ടക്കാരി, ഓപ്പോൾ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നിരവധി തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.

പുരസ്‌കാരങ്ങൾ
കേരള സംസ്ഥാന പുരസ്‌കാരം
1970 - മികച്ച സംവിധായകൻ (അരനാഴിക നേരം)
1971 - മികച്ച സംവിധായകൻ (കരകാണാകടൽ)
1972 - മികച്ച സംവിധായകൻ (പണി തീരാത്ത വീട്)
1972 - മികച്ച ചിത്രം (പണി തീരാത്ത വീട്)
1974 - മികച്ച രണ്ടാമത്തെ ചിത്രം (ചട്ടക്കാരി)
1980 - മികച്ച സംവിധായകൻ(ഓപ്പോൾ)
1980 - മികച്ച ചിത്രം (ഓപ്പോൾ)
2009 - മലയാളചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകൾക്കുള്ള ജെ.സി. ഡാനിയേൽ പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം
1965 - മികച്ച മലയാളചലച്ചിത്രം ( ഓടയിൽ നിന്ന്)
1969 - മികച്ച മലയാളചലച്ചിത്രം ( അടിമകൾ)
1971 - മികച്ച മലയാളചലച്ചിത്രം ( കരകാണാകടൽ)
1972 - മികച്ച ദേശീയോദ്‌ഗ്രഥനചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്‌കാരം (അച്ഛനും ബാപ്പയും)
1972 - മികച്ച മലയാളചലച്ചിത്രം ((പണി തീരാത്ത വീട്)
1980 - മികച്ച രണ്ടാമത്തെ ചിത്രം (ഓപ്പോൾ)
1990 - മികച്ച ചലച്ചിത്രം (മറുപക്കം)
1990 - മികച്ച തിരക്കഥ (മറുപക്കം)
1994 - മികച്ച തമിഴ് ചലച്ചിത്രം (നമ്മവർ)
1995 - മികച്ച തെലുങ്കു ചലച്ചിത്രം (സ്ത്രീ)

സിനിമകൾ
ജ്ഞാനസുന്ദരി 1961
കണ്ണും കരളും 1962
നിത്യകന്യക 1963
സുശീല 1963
മണവാട്ടി 1964
ഓമനക്കുട്ടൻ 1964
ദാഹം 1965
ഓടയിൽ നിന്ന് 1965
അർച്ചന 1966
സ്ഥാനാർത്ഥി സാറാമ്മ 1966
കോട്ടയം കൊലക്കേസ് 1967
നാടൻ പെണ്ണ് 1967
ഒള്ളതുമതി 1967
ഭാര്യമാർ സൂക്ഷിക്കുക 1968
തോക്കുകൾ കഥ പറയുന്നു 1968
യക്ഷി 1968
അടിമകൾ 1969
കടൽപ്പാലം 1969
കൂട്ടുകുടുംബം 1969
അര നാഴിക നേരം 1970
കുറ്റവാളി 1970
മിണ്ടാപ്പെണ്ണ് 1970
വാഴ്‌വേ മായം 1970
അനുഭവങ്ങൾ പാളിച്ചകൾ 1971
ഇങ്ക്വിലാബ് സിന്ദാബാദ് 1971
കരകാണാക്കടൽ 1971
ലൈൻ ബസ്സ് 1971
ഒരു പെണ്ണിന്റെ കഥ 1971
തെറ്റ് 1971
ആദ്യത്തെ കഥ 1972
അച്ഛനും ബാപ്പയും 1972
ദേവി 1972
പുനർജന്മം 1972
അഴകുള്ള സെലീന 1973
ചുക്ക് 1973
കലിയുഗം 1973
പണി തീരാത്ത വീട് 1973
ചട്ടക്കാരി 1974
കന്യാകുമാരി 1974
ചുവന്ന സന്ധ്യകൾ 1975
മക്കൾ 1975
പ്രിയംവദ 1976
അമ്മേ അനുപമേ 1977
ഓർമ്മകൾ മരിക്കുമോ 1977
നക്ഷത്രങ്ങളേ കാവൽ 1978
അവിടത്തെപ്പോലെ ഇവിടെയും 1985
സുനിൽ വയസ്സ് ഇരുപത്1986
വേനൽകിനാവുകൾ1991