തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബില്ലിൽ കുടിശിക വരുത്തിയ വൻകിടക്കാരെ പിടിക്കാൻ കർശന നീക്കവുമായി കെ എസ് ഇ ബി രംഗത്ത്. ലോക്ക് ഡൗൺ കാലത്ത് ബില്ലടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് എതിരെയാണ് നടപടി വരുന്നത്. ഡിസംബർ 31ന് മുമ്പ് കുടിശിക തീർക്കാൻ എല്ലാവർക്കും കെ എസ് ഇ ബി നോട്ടീസ് നൽകിയിരുന്നു.കുടിശിക അടച്ച് തീർക്കുന്ന കാര്യത്തിൽ ചിലർ കെ എസ് ഇ ബിയോട് സാവകാശം തേടിയിരുന്നു. ചിലരാകട്ടെ പണമടയ്ക്കുന്നതിന് ഇളവുകളും ആവശ്യപ്പെട്ടു.

ഇവരുടെ അപേക്ഷ പരിഗണിച്ച ബോർഡ് മൂന്നോ നാലോ ഇൻസ്റ്റാൾമെന്റുകളായി തുക അടയ്ക്കാൻ അനുമതി നൽകി. എന്നാൽ നോട്ടിസ് പൂർണമായും അവഗണിച്ചവർക്കെതിരെയാണ് ഇപ്പോഴത്തെ നടപടി. കോവിഡ് ഇളവുകൾ ദുരുപയോഗം ചെയ്ത് ബില്ലടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് എതിരെയാണ് നീക്കം.അതേസമയം, കെ എസ് ഇ ബി ആദ്യം പിടികൂടാൻ നിശ്ചയിച്ചിട്ടുള്ളത് വൻകിടക്കാരെയാണ്.

സിനിമാ ശാലകൾ, കമ്മ്യൂണിറ്റി ഹാളുകൾ, ചെറുകിട വ്യവസായങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവർ കുടിശിക വരുത്തിയവരുടെ കൂട്ടത്തിലുണ്ട്. ഏകദേശം 700 കോടിയോളം ബോർഡിന് ലഭിക്കാനുണ്ടെന്നാണ് കെ എസ് ഇ ബിയുടെ കണക്ക്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കെ എസ് ഇ ബിക്ക് താങ്ങാവുന്നതിനും അപ്പുറമാണ് ഇത്.