ഇടുക്കി: അദാനിയുടെ ഒരു കമ്പനിയുമായും കെ.എസ്.ഇ.ബിയോ സർക്കാരോ കരാറുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി എം.എം.മണി. കേന്ദ്ര സർക്കാരിന്റെ പാരമ്പര്യേതര ഊർജ സ്ഥാപനം നൽകുന്ന വൈദ്യുതിയേ വാങ്ങുന്നുള്ളൂ. മറ്റൊരു കരാറുമില്ല. ചെന്നിത്തല ചുമ്മാ വിഡ്ഢിത്തരം പറഞ്ഞ് നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. അദാനിയിൽ നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കരാർ ഒപ്പിട്ടുവെന്ന ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വൈദ്യുതി ബോർഡ് ഉണ്ടാക്കിയ കരാറുകളുടെ എല്ലാ വിവരങ്ങളും കെഎസ്ഇബി വെബ്സൈറ്റിലുണ്ട്. പ്രതിപക്ഷ നേതാവ് പറയുന്ന പോലെയൊന്നും ഇവിടെ ജലവൈദ്യുതി ഉണ്ടാക്കുന്നില്ല. ചുമ്മാ കഥ അറിയാതെ ആട്ടം കാണുകയാണ്. കേന്ദ്ര ഊർജ കോർപ്പറേഷനിൽ നിന്ന് വൈദ്യുതി ലഭിക്കുന്നുണ്ട്. അതാണ് നിജസ്ഥിതി. തെറ്റിദ്ധാരണ പരത്താൻ വേണ്ടി ഓരോന്ന് പറയുകയാണ്. നിയമവിരുദ്ധമായി ഉമ്മൻ ചാണ്ടിയുടെ കാലത്താണ് കരാറുണ്ടാക്കിയത്. പത്തുവർഷത്തേക്ക് അന്നുണ്ടാക്കിയ കരാർ ഇപ്പോൾ നഷ്ടമാണ് ഉണ്ടാക്കുന്നത്. നിയപരമായ നടപടികളിലേക്ക് പോകുന്നതിനാലും നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നതിനാലുമാണ് ഈ കരാർ തങ്ങൾ റദ്ദാക്കാത്തതെന്നും മണി കൂട്ടിച്ചേർത്തു.

ചെന്നിത്തലയുടെ സമനില തെറ്റിയ പോലെയാണ് തോന്നുന്നത്. സ്വർണം പിടികൂടിയപ്പോൾ കേരള പൊലീസ് കേസെടുക്കണമെന്ന് പറഞ്ഞു. സാമാന്യബുദ്ധിയുള്ളവർ ഇങ്ങനെ പറയുമോ. വിമാനത്താവളം കേന്ദ്ര സർക്കാരിന്റെ കീഴിലാണ്. കസ്റ്റംസാണ് കേസെടുക്കേണ്ടത്. പ്രളയം വന്നപ്പോൾ മനുഷ്യസൃഷ്ടിയാണെന്ന് പറഞ്ഞു. കോമൺസെൻസുള്ളവർ പറയുന്ന കാര്യമല്ല അതെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ഇ.ബിയുടെ വിശദീകരണം

കെ.എസ്.ഇ.ബി. ലിമിറ്റഡ് അദാനി പവർ കമ്പനിയുമായി വൈദ്യുതി വാങ്ങൽ കരാറിൽ ഏർപ്പെട്ടതിൽ വൻ അഴിമതി എന്ന നിലയിൽ ഒരാരോപണം വിവിധ മാധ്യമങ്ങളിൽ വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളും കാണുന്നുണ്ട്. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ആരോപണങ്ങളായി ഉന്നയിക്കപ്പെട്ടിട്ടുള്ളത്. എങ്കിലും ഇത്തരം വാർത്തകൾ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിന് ഇടയാക്കും എന്നതിനാൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിലെ വസ്തുതകൾ വിശദമാക്കേണ്ടത് ആവശ്യമാണെന്ന് കാണുന്നു. വിവിധ മാധ്യമങ്ങളിലായി ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങൾ പ്രധാനമായും ആറായി തരം തിരിക്കാം. അവയോരോന്നിലുമുള്ള വസ്തുതകൾ താഴെ നൽകുന്നു.

1. കെ.എസ്.ഇ.ബി. ലിമിറ്റഡ് 2021 മാർച്ചിൽ അദാനി ഗ്രീൻ എനർജിയുമായി 300 MW ന്റെ വൈദ്യുതി വാങ്ങൽക്കരാറിൽ ഏർപ്പെട്ടു എന്നും അതുവഴി അദാനി ഗ്രീൻപവർ കമ്പനിക്ക് വലിയ ലാഭം ഉണ്ടായി എന്നും അതുവഴി ഓഹരി വിപണിയിൽ അവരുടെ ഓഹരി വില വർദ്ധിച്ചു എന്നുമാണ് ആദ്യ ആരോപണം. അദാനിയുമായി നേരിട്ട് കരാർ ഉണ്ടാക്കുന്നത് ഒഴിവാക്കാൻ SECI മുഖാന്തിരം കരാർ ഉണ്ടാക്കിയെന്ന ആരോപണവും ഉന്നയിച്ചിട്ടുണ്ട്.

2021 മാർച്ചിൽ ലിമിറ്റഡ് അദാനി ഗ്രീൻ എനർജിയുമായി യാതൊരു കരാറിലും ഏർപ്പെട്ടിട്ടില്ല. എന്നാൽ കേന്ദ്ര ഗവ. സ്ഥാപനമായ SECl ( Solar Power Corporation of India)യുമായി ജൂൺ 2019 ൽ 200 MW ഉം സെപ്റ്റംബർ 2019 ൽ 100 MW ഉം കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ വച്ചിട്ടുണ്ട്. ഈ കരാറുകൾ ഉൾപ്പടെ എല്ലാ വൈദ്യുതി വാങ്ങൽ കരാറുകളും KSEB യുടെ വെബ് സൈറ്റിൽ സുതാര്യമായി മുൻപേ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. SECl താരിഫ് അധിഷ്ടിത ടെൻഡർ നടപടികളിലൂടെ തിരഞ്ഞെടുത്ത ഉല്പാദക കമ്പനികളിൽ നിന്നാകും പ്രസ്തുത വൈദ്യുതി ലഭ്യമാക്കുക. SECl ഇപ്രകാരം തിരഞ്ഞെടുത്ത വിവിധ കമ്പനികളായ അദാനി വിൻഡ് എനർജി (75 MW), സെനാട്രിസ് വിൻഡ് എനർജി (125 MW), സ്പ്രിങ്ങ് വിൻഡ് എനർജി (100 MW) എന്നിവരിൽ നിന്നാകും KSEB യ്ക്ക് വൈദ്യുതി നല്കുക എന്ന് SECl 2020 ൽ അറിയിച്ചിട്ടുണ്ട്. ഇതിൽ 25 MW അദാനി വിൻഡ് എനർജിയിൽ നിന്നും 2021 മാർച്ച് മുതൽ ലഭ്യമായിട്ടുണ്ട്. തികച്ചും സുതാര്യമായ നടപടിക്രമങ്ങൾ പാലിച്ച് ദേശീയാടിസ്ഥാനത്തിൽ ടെണ്ടർ ചെയ്ത് ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലാണ് SECI വിവിധ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങുന്നത്. ഇതുപ്രകാരം കേരളത്തിന് അലോട്ട് ചെയ്തിട്ടുള്ള വിഹിതം വാങ്ങുന്നതിനപ്പുറം യാതൊരു വിധകരാറും ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങളുമായി കെ.എസ്.ഇ.ബി. ലിമിറ്റഡ് ഏർപ്പെട്ടിട്ടില്ല. കെ.എസ്.ഇ.ബി. ലിമിറ്റഡ് അദാനി ഗ്രീൻ എനർജിയുമായി കരാറിൽ ഏർപ്പെട്ടു എന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്.

അദാനിയുമായി നേരിട്ട് കരാർ ഉണ്ടാക്കുന്നത് ഒഴിവാക്കാൻ SECI മുഖാന്തിരം കരാർ ഉണ്ടാക്കിയെന്ന ആരോപണത്തിനും യാതൊരു അടിസ്ഥാനവുമില്ല. SECI പാരമ്പര്യേതര ഊർജ്ജ വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമാണ്. കാറ്റാടി, സോളാർ എന്നിങ്ങനെ വിവിധ അക്ഷയ ഊർജ്ജ മേഖലകളിലെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി ദേശീയാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് SECI. പത്തോളം വിവിധ ടെണ്ടറുകളിലൂടെ ഇതിനകം 10,000 മെഗാവാട്ടിന്റെ കാരാറുകളിൽ SECI ഏർപ്പെട്ടിട്ടുണ്ട്. അദാനിയടക്കം 20ഓളം കമ്പനികളുമായി SECI ഇതിനകം കരാർ വെച്ചിട്ടുണ്ട്. ഇതിൽ കുറഞ്ഞ ഒരു ഭാഗം മാത്രമേ അദാനി വിന്റ് പവറിന് ലഭിച്ചിട്ടുള്ളൂ എന്നതാണ് വസ്തുത. ഒന്നിച്ചു ചേർത്ത് ടെണ്ടർ വിളിക്കുന്നതിലൂടെ കുറഞ്ഞ നിരക്കിൽ കരാറുകൾ ഉണ്ടാക്കാൻ SECIക്ക് കഴിയുന്നുണ്ട്. ഈ നേട്ടം ഉപയോഗപ്പെടുത്തുക മാത്രമാണ് കേരളം ചെയ്തിട്ടുള്ളത്. അല്ലാതുള്ള ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണ്.

2. സോളാർ വൈദ്യുതി 2020 ഡിസംബറിൽ 1.99 രൂപയ്ക്ക് ലഭ്യമാണെന്നിരിക്കെയാണ് അദാനിയിൽ നിന്നും വലിയ വിലക്ക് വൈദ്യുതി വാങ്ങുന്നത് എന്നതാണ് അടുത്ത ആരോപണം. ഭൂമി അടക്കമുള്ള പശ്ചാത്തല സൗകര്യങ്ങളൊക്കെ സർക്കാർ തലത്തിൽ ലഭ്യമാക്കി ആ ഭൂമിയിൽ സോളാർ നിലയം സ്ഥാപിച്ച് 2023ഓടെ വൈദ്യുതി ഉത്പാദിപ്പിച്ചു നൽകുന്നതിന് രാജസ്ഥാൻ സർക്കാർ ഒരു ടെണ്ടർ വിളിച്ചിരുന്നു. ഈ ടെണ്ടറിൽ യൂണിറ്റിന് 1.99രൂപ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിന് ടെണ്ടർ നിരക്ക് ലഭിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ഭൂമിയുടെ വിലയടക്കമുള്ള ചെലവുകൾ കൂടി കണക്കാക്കിയാൽ മാത്രമേ യഥാർത്ഥത്തിൽ ഒരു യൂണിറ്റിന് എത്ര നിരക്ക് വരും എന്നത് തിട്ടപ്പെടുത്താൻ കഴിയുകയുള്ളൂ. 2023ൽ മാത്രം യാഥാർത്ഥ്യമാകുന്ന ഈ നിലയങ്ങളിൽ നിന്ന് രാജസ്ഥാനിലെ വൈദ്യുതി വിതരണ കമ്പനികൾക്ക് മാത്രമേ വൈദ്യുതി ലഭ്യമാകുകയുള്ളൂ. കെ.എസ്.ഇ.ബി. ലിമിറ്റഡിന് ഈ നിലയങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാകുകയില്ല. കേരളത്തിൽ ഒരു യൂണിറ്റ് സോളാർ വൈദ്യുതിക്ക് നിലവിൽ മൂന്നു രൂപയിലേറെ നിരക്കുണ്ട് എന്നതുകൂടി ഈ സാഹചര്യത്തിൽ കാണേണ്ടതുണ്ട്. കമ്പോളത്തിൽ യൂണിറ്റിന് 1.99 രൂപ നിരക്കിൽ സോളാർ വൈദ്യുതി ലഭ്യമാണ് എന്നത് വസ്തുതയല്ല. മാത്രമല്ല കാറ്റാടി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിയുടെ നിരക്ക് സോളാർ നിലയങ്ങളിൽ നിന്നുള്ള നിരക്കുമായി താരതമ്യപ്പെടുത്തുന്നത് ശരിയായ സമീപനമല്ല. കമ്പോളത്തിൽ നിന്ന് കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടുമ്പോൾ അത് ഒഴിവാക്കി അദാനിയുമായി കരാർ ഒപ്പിട്ടു എന്ന ആരോപണം വസ്തുതയുമായി യാതൊരു ബന്ധവുമുള്ളതല്ല.

SECI യുമായി 2019 ജൂണിൽ ഒപ്പിട്ട കരാർ പ്രകാരം കാറ്റാടി വൈദ്യുതിയുടെ പരമാവധി നിരക്ക് യൂണിറ്റിന് 2.83 രൂപയും 2019 സെപ്റ്റംബറിൽ ഒപ്പിട്ട കരാർ പ്രകാരമുള്ള പരമാവധി നരിക്ക് യൂണിറ്റിന് 2.80 രൂപയും ആണ്. ഇത് കഴിഞ്ഞ 10 വർഷത്തിനിടെ കെ.എസ്.ഇ.ബി. ലിമിറ്റഡ് ഏർപ്പെട്ട കരാറുകളിലെ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്കാണ്. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങൾ (സ്ഥല വില, കാറ്റിന്റെ അളവ് തുടങ്ങി ) മൂലം കേരളത്തിനുള്ളിലെ കാറ്റാടി നിലയങ്ങൾക്ക് ഉയർന്ന നിരക്കാണ് ഇക്കാലയളവിൽ റഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്. 2017 ലും 2018 ലും കമ്മീഷൻ കേരളത്തിനുള്ളിലെ കാറ്റാടി നിലയങ്ങളിലെ വൈദ്യുതി നിരക്ക് നിശ്ചയിച്ചത് യൂണിറ്റിന് യഥാക്രമം 5.23 രൂപയും 4.09 രൂപയും തോതിലാണ്. ഈ നിരക്കുകളുമായി താരതമ്യം ചെയ്താൽ SECIയുമായി കെ.എസ്.ഇ.ബി. ലിമിറ്റഡ് ഏർപ്പെട്ടിട്ടുള്ള കരാർ വളരെ ആദായകരമാണ് എന്നും കാണാവുന്നതാണ്.

3. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ ചേർന്ന് സൗരോർജ്ജത്തിൽ നിന്നും വാങ്ങേണ്ട വൈദ്യുതിയുടെ അളവ് കുറച്ച് കാറ്റിൽ നിന്നും വാങ്ങേണ്ട അളവ് കൂട്ടി എന്നതാണ് മറ്റൊരു ആരോപണം. ഇതും വസ്തുതയല്ല. സംസ്ഥാന റഗുലേറ്ററി കമ്മീഷനാണ് കെ.എസ്.ഇ.ബി. ലിമിറ്റഡ് വാങ്ങേണ്ട വൈദ്യുതിയുടെ അളവ് തീരുമാനിക്കുന്നത്. 2019 -20 ൽ ചെറുകിട ജലവൈദ്യുതി, കാറ്റ് എന്നിവയിൽ നിന്നാകെ വാങ്ങേണ്ട അളവ് 8% വും സോളാർ നിലയങ്ങളിൽ നിന്നുള്ള അളവ് 4 % വും എന്നാണ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്. ഇത് 2020-21 ൽ യഥാക്രമം 9% വും 5.25% വും 2021-22 ൽ യഥാക്രമം 10.25% വും 6.75% വും ആയാണ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്. ഈ അനുപാതത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ കെ.എസ്.ഇ.ബിക്ക് കഴിയില്ല. സംസ്ഥാന സർക്കാരും ഇതിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. റിന്യൂവബിൾ പർച്ചേസ് ഇംപ്ലിമെന്റേഷൻ ഈ രണ്ട് ബാസ്‌കറ്റിലും വൈദ്യുതി വാങ്ങിയാലേ നിറവേറ്റപ്പെടുകയുള്ളൂ. സോളാർ മാത്രം വാങ്ങിയാൽ മതിയാവില്ല. ചെറുകിട ജലവൈദ്യുതി, കാറ്റ് എന്നിവയടങ്ങിയ ബാസ്‌കറ്റിൽ ഏറ്റവും കുറഞ്ഞ വിലക്ക് ഇപ്പോൾ വൈദ്യുതി ലഭ്യമാകുന്നത് കാറ്റാടി നിലയങ്ങളിൽ നിന്നാണ്. അതുകൊണ്ടുതന്നെ സോളാർ വാങ്ങാതെ കാറ്റാടി തെരെഞ്ഞെടുത്തു എന്ന ആരോപണത്തിന് അടിസ്ഥാനമില്ല.

ചെറുകിട ജലവൈദ്യുതി പദ്ധതികൾ, കാറ്റാടി എന്നീ ബ്ലോക്കുകളിലും സോളാർ ബ്ലോക്കിലും സംസ്ഥാനം ഉപയോഗിക്കേണ്ടത്ര വൈദ്യുതി ഉപയോഗിക്കാൻ കേരളത്തിന് ഇപ്പോഴും കഴിയുന്നില്ല എന്നതാണ് വസ്തുത. സോളാർ വികസനത്തിന്റെ ഭാഗമായി 1000 മെഗാവാട്ട് ഉത്പാദനം നേടി ഒബ്ലിഗേഷൻ നിറവേറ്റാനുള്ള പ്രവർത്തനങ്ങളാണ് കേരളത്തിൽ നടന്നു വരുന്നത്. ഇതോടൊപ്പം ചെറുകിട ജലവൈദ്യുതി, കാറ്റ് തുടങ്ങിയ മേഖലകളിലെ ഒബ്ലിഗേഷനും നിറവേറ്റേണ്ടതുണ്ട്. ഉപയോഗിക്കേണ്ടത് ഈ ഇനങ്ങളിലെല്ലാം ഇനിയും വൈദ്യുതി വാങ്ങേണ്ട സ്ഥിതി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് SECIയിൽ നിന്നും കുറഞ്ഞ നിരക്കിൽ കാറ്റാടി വൈദ്യുതി ലഭ്യമായപ്പോൾ അത് വാങ്ങുന്നതിനും റിന്യൂവബിൾ പർച്ചേസ് ഒബ്ലിഗേഷൻ പ്രകാരം വരുന്ന പിഴയിൽ കുറവ് വരുത്തുന്നതിനും കെ.എസ്.ഇ.ബി. ലിമിറ്റഡ് തീരുമാനിച്ചത്.

4. കേരളത്തിൽ നിന്നുള്ള വൈദ്യുതിക്ക് പകരം പുറത്തു നിന്നുള്ള വൈദ്യുതി വാങ്ങുന്നതു വഴി പ്രസരണ നഷ്ടം കേരളം സഹിക്കേണ്ടി വരും. ഇതും വസ്തുതാവിരുദ്ധമാണ്. പുനരുപയോഗ വൈദ്യുതി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അവയുടെ പ്രസരണ ചാർജ്ജും പ്രസരണ നഷ്ടവും പൂർണ്ണമായി ഒഴിവാക്കി നല്കിയിട്ടുണ്ട്. അഥവാ ഉല്പാദന നിലയത്തിൻ ഉല്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും പ്രസരണ നഷ്ടം കണക്കാക്കാതെ തന്നെ കെ.എസ്.ഇ.ബി. ലിമിറ്റഡിന് ലഭ്യമാകും. 5. ഒരു രൂപയ്ക്ക് റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റ് വാങ്ങി വൈദ്യുതി ആവശ്യം നിറവേറ്റാമായിരുന്നു എന്നതാണ് ഉന്നയിക്കുന്ന മറ്റൊരു ആരോപണം. ജലവൈദ്യുതിനിലയങ്ങളിൽ നിന്നുള്ള വൈദ്യുതിക്ക് ഒരു രൂപ മാത്രമേ ഉള്ളൂ എന്നിരിക്കിലും മൂന്നു രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു എന്നും ആരോപണമായി ഉന്നയിച്ചിട്ടുണ്ട്.

റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റ് എന്നത് വൈദ്യുതി വാങ്ങൽ അല്ല. റഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ച അളവിൽ റിന്യൂവബിൾ എനർജി ഉപയോഗിക്കുന്നില്ലെങ്കിൽ അതിന് പകരം അത്രയും യൂണിറ്റിനുള്ള സർട്ടിഫിക്കറ്റ് വാങ്ങി വെക്കണം എന്നാണ് നിയമം. അതായത് സർട്ടിഫിക്കറ്റിന് ചെലവാക്കുന്ന തുക പിഴയാണ്. റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റിന് ഒരു യൂണിറ്റിന് ഒരു രൂപയാണ് നിരക്ക് എന്നതിന്റെ പ്രായോഗികമായ അർത്ഥം ഉപയോഗിക്കുന്ന വൈദ്യുതിയിൽ റിന്യൂവബിൾ എനർജിയുടെ അളവ് ഒരു യൂണിറ്റ് കുറഞ്ഞാൽ ഒരു രൂപ പിഴ കൊടുക്കേണ്ടി വരുന്നു എന്നതാണ്. അല്ലാതെ ഒരു രൂപക്ക് വൈദ്യുതി ലഭിക്കും എന്നല്ല. വൈദ്യുതി വാങ്ങുന്നതിന് വില വേറെ നൽകണം. പുനരുപയോഗ ഊർജ്ജം നിശ്ചിത അളവിൽ വാങ്ങാതെ വരുമ്പോൾ അതിന് പിഴയായി ആണ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നത്. വൈദ്യുതി ലഭിക്കാതെ ഈ പിഴ നല്കുന്നതാണ് ലാഭകരമെന്ന് പറയുന്നത് വസ്തുതകളെ മറച്ചു വെക്കാനാണ്.

ചെറുകിട ജലവൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിക്ക് ഒരു രൂപയേ വരുന്നുള്ളൂ എന്നതും വസ്തുതയല്ല. കേരളത്തിൽ അഞ്ചു മെഗാവാട്ട് വരെയുള്ള ചെറുകിട ജലവൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിക്ക് റഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള ബെഞ്ച്മാർക്ക് നിരക്ക് യൂണിറ്റിന് 5.95 രൂപയാണ്. അതിന് മുകളിൽ പ്രോജക്ട് സ്‌പെസിഫിക്ക് താരീഫ് ആണ്. ഇന്നത്തെ നിർമ്മാണച്ചലവുകൾ കണക്കിലെടുക്കുമ്പോൾ ഇത് അഞ്ചുരൂപക്ക് മുകളിലാണ്. ദേശീയാടിസ്ഥാനത്തിലും ഇതുതന്നെയാണ് നിരക്ക്. കേരളത്തിൽ കെ.എസ്.ഇ.ബി. നിർമ്മിക്കുന്ന നിലയങ്ങളിൽ നിന്നുള്ള വില പലപ്പോഴും ഇതിലധികമാണ്. ഇതാണ് വസ്തുതയെന്നിരിക്കേയാണ് യൂണിറ്റിന് ഒരു രൂപ നിരക്കിൽ ചെറുകിട ജലവൈദ്യുതി പദ്ധതിയിൽ നിന്നും വൈദ്യുതി കിട്ടും എന്ന് ആരോപിക്കുന്നത്.

6. നിലവിൽ ഒരു വൈദ്യുതി വിതരണക്കമ്പനികളും ദീർഘകാല കരാറുകൾ വെക്കുന്നില്ല എന്നും 25 വർഷത്തേക്ക് ദീർഘകാലകരാർ വെച്ചതിൽ അഴിമതിയുണ്ട് എന്നതുമാണ് ഉന്നയിക്കുന്ന മറ്റൊരാരോപണം. ഇതും വസ്തുതാ വിരുദ്ധമാണ്. രാജ്യത്ത് റിന്യൂവബിൾ എനർജി വാങ്ങലുമായി ബന്ധപ്പെട്ട് ദീർഘകാലകരാറുകൾ മാത്രമേ ഉള്ളൂ. അല്ലാതുള്ള ഒരു കരാറും ഈ രംഗത്ത് നിലവിലില്ല. മേൽ വസ്തുതകളിൽ നിന്നും കെ.എസ്.ഇ.ബി. ലിമിറ്റഡ് SECIയുമായി വെച്ചിട്ടുള്ള വൈദ്യുതി വാങ്ങൽക്കരാറുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ടിട്ടുള്ള മുഴുവൻ ആരോപണങ്ങളും വസ്തുതാവിരുദ്ധമാണെന്ന് മനസ്സിലാകും. കേരളത്തിന്റെ പൊതുതാൽപര്യം സംരക്ഷിച്ചുകൊണ്ട് ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കിൽ നമ്മുടെ ആവശ്യങ്ങൾക്കനുസൃതമായി വൈദ്യുതി ലഭ്യമാക്കുന്നതിനാണ് കെ.എസ്.ഇ.ബി. ലിമിറ്റഡ് ശ്രമിക്കുന്നത്. അക്കാര്യത്തിൽ ഫലപ്രദമായി പ്രവർത്തിക്കാൻ കെ.എസ്.ഇ.ബി. ലിമിറ്റഡിന് കഴിയുന്നുണ്ട്. കൂടാതെ കേരള സ്റ്റേറ്റ് റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ വൈദ്യുതി നിരക്ക് നിശ്ചയിക്കുകയോ, വാങ്ങുവാനോ കഴിയുകയില്ല എന്ന വസ്തുതയും അറിയിച്ചുകൊള്ളുന്നു.