- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയാശാനെ പോലെ ബൂസ്റ്റ് ചെയ്യാൻ സോഷ്യൽ മീഡിയയിൽ സഖാക്കളെ കിട്ടിന്നെ് വരില്ല; ഡാം മാനേജ്മെന്റിൽ വീഴ്ച വരാതിരിക്കാൻ ആദ്യ ദിനം തന്നെ നീക്കങ്ങൾ തുടങ്ങി മന്ത്രി കൃഷ്ണൻകുട്ടി; ഡാമുകളിൽ ജലനിരപ്പ് നിയന്ത്രിച്ച് വെള്ളപ്പൊക്കം ഒഴിവാക്കാൻ ഉത്തരവിട്ട് വൈദ്യുതി മന്ത്രി
തിരുവനന്തപുരം: ഒന്നാം പ്രളയത്തിന് കാരണം ഡാമുകളെ മാനേജ് ചെയ്യുന്നതിലെ വീഴ്ചയാണെന്ന് കരുതുന്നവർ ഇപ്പോഴുമുണ്ട്. യാഥാർത്ഥ്യങ്ങൾ റിപ്പോർട്ടിന്റെ രൂപത്തിലും ചർച്ചയായി. എന്നാൽ സോഷ്യൽ മീഡിയയിലെ സൈബർ സഖാക്കൾ ഇതൊന്നും അംഗീകരിച്ചു കൊടുത്തില്ല. അവർ മണിയാശാനെ താരമാക്കി. വൈദ്യുത വകുപ്പിനെ കുറ്റം പറഞ്ഞവരെ എല്ലാം കടന്നാക്രമിച്ചു. ഇത് പഴയ കഥ. ഇനി പിണറായി രണ്ടാം വെർഷൻ.
ഇവിടെ എംഎം മണിയല്ല വൈദ്യുതി മന്ത്രി. സിപിഎം ഈ വകുപ്പ് ജനതാദള്ളിന് കൊടുത്തു. ദള്ളിന്റെ നേതാവ് കെ കൃഷ്ണൻകുട്ടി മന്ത്രിയുമായി. മാന്യനായ മിടുക്ക് കാട്ടിയ മന്ത്രി. അതുകൊണ്ട് തന്നെ തിരിച്ചറിവ് അദ്ദേഹത്തിനുമുണ്ട്. മണിയാശാന് കിട്ടിയ പിന്തുണ തനിക്ക് സോഷ്യൽ മീഡിയയിൽ കിട്ടില്ലെന്ന് കൃഷ്ണൻകുട്ടിക്കും അറിയാം. അതുകൊണ്ട് തന്നെ അതിവേഗ തീരുമാനവും നടപടികളും എടുക്കുകയാണ് കൃഷ്ണൻ കുട്ടി.
മഴയിൽ ഡാമുകളിലെ ജലനിരപ്പ് ഉയർന്നതു മഴക്കാലത്തു പ്രളയത്തിനു വഴിയൊരുക്കാതിരിക്കാൻ മുൻകരുതലുമായി വൈദ്യുത വകുപ്പിൽ അടിയന്തര യോഗത്തിൽ തീരുമാനമായി. റൂൾ കർവ് അടിസ്ഥാനമാക്കി വലിയ ഡാമുകളിലെ ജലനിരപ്പ് ശാസ്ത്രീയമായി കൈകാര്യം ചെയ്യണമെന്നു സർക്കാർ കെഎസ്ഇബിക്കും ജലസേചന വകുപ്പിനും നിർദ്ദേശം നൽകി. ഡാമുകളിലെ നിരപ്പ് 3 ദിവസം കൂടുമ്പോൾ വിലയിരുത്തും. 10 ദിവസം കൂടുമ്പോൾ അവലോകനം നടത്താനും തീരുമാനിച്ചു. പ്രാഥമിക ചർച്ചകൾ മന്ത്രി നടത്തി. വേണ്ട നിർദ്ദേശങ്ങളും. ഇതിനൊപ്പം ചീഫ് സെക്രട്ടറിയോടും കാര്യങ്ങൾ നിരീക്ഷിക്കാൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രളയം ഒഴിവാക്കാൻ ഇടപെടലുകൾ നടത്തുന്നുണ്ട്.
ടൗട്ടെ , യാസ് ചുഴലിക്കാറ്റുകളുടെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറി വി.പി.ജോയി വിളിച്ച യോഗത്തിലാണു തീരുമാനം. ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലെ അശാസ്ത്രീയ നടപടികളും വീഴ്ചയും 2018 ലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിപ്പിച്ചെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിർദ്ദേശപ്രകാരം ബെംഗളൂരു ഐഐഎസ്സി പഠനത്തിൽ കണ്ടെത്തിയതു തിരഞ്ഞെടുപ്പിനു മുൻപ് വിവാദമായിരുന്നു. മെയ് മാസ ശരാശരിയെക്കാൾ വെള്ളമുണ്ടെങ്കിലും ജൂണിൽ പതിവിലേറെ മഴ ലഭിച്ചാലും വലിയ ഡാമുകളിൽ സംഭരിക്കാനാകുമെന്നാണു വിലയിരുത്തൽ. ജൂലൈഓഗസ്റ്റ് മാസങ്ങളിൽ കുറഞ്ഞ സമയത്തിനിടെ അതിതീവ്ര മഴ പെയ്താൽ മുൻ വർഷങ്ങളിൽ ചെയ്തതു പോലെ ഡാമുകളിൽ നിന്നു വൻതോതിൽ വെള്ളം തുറന്നു വിടരുതെന്നും ഇതിനായി ജലനിരപ്പ് നിയന്ത്രിച്ചു നിർത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കെഎസ്ഇബി ഡാമുകളിലെ ജലനിരപ്പു കുറച്ചു നിർത്തുന്നതിനായി വൈദ്യുതി ഉൽപാദനം കൂട്ടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ പുഴയോരങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനാൽ പ്രാദേശികമായ എതിർപ്പുണ്ടെന്നു കെഎസ്ഇബി അധികൃതർ ചൂണ്ടിക്കാട്ടി. കെഎസ്ഇബിയുടെ തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 418.8 മീറ്റർ ആയതിനാൽ വെള്ളം തുറന്നു വിടാനുള്ള രണ്ടാം ഘട്ട ഓറഞ്ച് മുന്നറിയിപ്പും ഇടുക്കി പൊന്മുടി ഡാമിൽ ജലനിരപ്പ് 704.95 മീറ്റർ ആയതിനെത്തുടർന്ന് ഒന്നാംഘട്ട നീല മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പ്രളയമുണ്ടായ 2018 വേനലിനെ അപേക്ഷിച്ച് ജലനിരപ്പ് കൂടുതലാണെങ്കിലും ഇടുക്കി, ഇടമലയാർ, കക്കി, ബാണാസുര അണക്കെട്ടുകളിൽ വെള്ളം തുറന്നു വിടേണ്ട സാഹചര്യമില്ല. ജലസേചന വകുപ്പിന്റെ 13 ഡാമുകളിൽ മുൻകരുതലിന്റെ ഭാഗമായി വെള്ളം പുറത്തേക്കൊഴുക്കുന്നതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ