തിരുവനന്തപുരം :കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വൈദ്യുത ബോർഡിൽ ഉന്നത ഉദ്യോഗസ്ഥരെ ബന്ദിയാക്കി സിഐടിയുവിന്റെ ഉപരോധ സമരം നടുന്നു. ആരും പൊലീസിനെ അറിയിച്ചില്ല. തുടർഭരണത്തിൽ സിപിഎം എത്തിയതോടെ വൈദ്യുത വകുപ്പ് ഭരിക്കുന്നത് സിഐടിയുവാണ്. എന്തും അവിടെ നടക്കും. ഇതിനിടെയാണ് പുതിയൊരു വിചിത്ര ഉത്തരവും.

വൈദ്യുതി ബോർഡ് ജീവനക്കാരുടെ വർധിപ്പിച്ച ശമ്പളത്തിൽനിന്ന് ഒരു മാസത്തെ വർധനയ്ക്കു തുല്യമായ തുക പിരിച്ചെടുത്തു സിഐടിയു യൂണിയൻ ഫണ്ടിൽ നിക്ഷേപിക്കാൻ ഡപ്യൂട്ടി ചീഫ് എൻജിനീയർ ഉത്തരവിറക്കിയത് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. സിഐടിയുടെ ഫണ്ട് പരിവ് ഏജൻസിയായി കെ എസ് ഇ ബി മാറിയെന്നാണ് വിമർശനം.

കെഎസ്ഇബിയിൽ സിപിഎമ്മിന് ഓഫിസർമാരുടെയും മറ്റു ജീവനക്കാരുടെയും സംഘടനകളുണ്ട്. ജീവനക്കാരുടെ സംഘടനയിൽ ഏകദേശം 13,000 അംഗങ്ങളുണ്ട്. ഓഫിസർമാരുടേതിൽ 4500. ബോർഡിൽ ആകെ 32,000 ഉദ്യോഗസ്ഥരാണുള്ളത്. അതുകൊണ്ട് തന്നെ കോടികളുടെ ആസ്തി ഉണ്ടാക്കാനാണ് ഫണ്ട് പിരിവ് നടത്തുന്നതെന്നാണ് സൂചന.

വാക്‌സീൻ ചാലഞ്ച് എന്ന പേരിൽ നേരത്തേ ജീവനക്കാരിൽനിന്നു പണം പിരിച്ചിരുന്നു. കോവിഡ് വാക്‌സീൻ കേന്ദ്ര സർക്കാർ സൗജന്യമാക്കിയെങ്കിലും ആ പണം തിരിച്ചു കൊടുത്തിട്ടില്ലെന്ന വിമർശനവും ഉയർന്നു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയോ എന്നും വ്യക്തമല്ല. ഇതിനിടെയാണ് ഫണ്ട് പിരിവ് വിവാദം.

കല്ലാർകുട്ടി ജനറേഷൻ സർക്കിളിലെ എക്‌സിക്യൂട്ടീവ് എൻജിനീയർക്കാണ് ക്രമവിരുദ്ധമായി പുതിയ ഉത്തരവു നൽകിയത്. ശമ്പളപരിഷ്‌കരണത്തെത്തുടർന്നു ജീവനക്കാർക്ക് 7000 30,000 രൂപയാണ് ഒരു മാസം വർധിച്ചത്. ഈ തുക കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തന ഫണ്ടിലേക്കു പിരിക്കണമെന്നാണ് ആവശ്യം.

ഭരണകക്ഷി സംഘടനയുടെ പ്രവർത്തന ഫണ്ടിലേക്കു പണം പിരിക്കാൻ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ചില ജീവനക്കാർ എന്നി റിപ്പോർട്ടുണ്ട്. യൂണിയന്റെ ഇടപെടൽ മൂലമാണു ശമ്പളം വർധിപ്പിച്ചതെന്നും അതിനാൽ ഒരു മാസത്തെ വർധിച്ചതുക നൽകണമെന്നുമാണു സംഘടനയുടെ ആവശ്യം.

പണം പിരിക്കാൻ കല്ലാർകുട്ടി എംപ്ലോയീസ് സഹകരണ സൊസൈറ്റി സെക്രട്ടറിയുടെ കത്തും ജീവനക്കാരുടെ പട്ടികയും ഓരോ വ്യക്തിയുടെ ശമ്പളത്തിൽനിന്നു പിരിക്കേണ്ട തുകയും ഉത്തരവിലുണ്ട്. 13ന് ആണ് ഡപ്യൂട്ടി ചീഫ് എൻജിനീയർ ഉത്തരവിറക്കിയത്. പണം പിരിക്കാൻ സമ്മതം നൽകുന്ന അപേക്ഷ ഓരോ ഉദ്യോഗസ്ഥനും 16ന് അകം നൽകണമെന്നും ഉത്തരവിലുണ്ട്.

സ്ഥലംമാറ്റവും കള്ളക്കേസുമൊക്കെ ഭയന്നു ഭൂരിപക്ഷം ജീവനക്കാരും സമ്മതപത്രം നൽകും. അത് ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് പിരിച്ചെടുക്കുകയും ചെയ്യും. വിസമ്മതിക്കുന്നവരെ തെക്കു വടക്ക് സ്ഥലം മാറ്റും. അതാണ് രീതി.