തിരുവനന്തപുരം: കെ എസ് ഇ ബി എൽ പൊതുമേഖലയിൽ നിൽക്കുന്നതു കൊണ്ടാണ് എല്ലാ വിഭാഗം ജനങ്ങൾക്കും വൈദ്യുതി എത്തിക്കാൻ സാധിച്ചതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. എറണാകുളത്ത് പുതുതായി നിർമ്മിച്ച ഗിരിനഗർ സെക്ഷൻ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന പുതിയ പദ്ധതി പ്രകാരം എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സമയബന്ധിതമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കേണ്ടിവരും. അതോടു കൂടി വൈദ്യുതി ചാർജ് മുൻകൂറായി അടയ്‌ക്കേണ്ട സാഹചര്യമാണ് ഉണ്ടാവുക എന്നും മന്ത്രി അറിയിച്ചു.

എറണാകുളം ജില്ലയിലെ കൊച്ചി കോർപ്പറേഷന്റെ പരിധിയിൽ വരുന്ന ഗിരിനഗർ ഇലക്ടിക്കൽ സെക്ഷന്റെ കീഴിൽ 28,000 LT ഉപഭോക്താക്കളും 50 HT ഉപഭോക്താക്കളും ഉണ്ട്. പ്രസ്തുത സെക്ഷൻ പഴയ ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ച് വരുന്നത്. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സ്വന്തമായി ഒരു കെട്ടിടം പണിയുന്നതിന് 1.05 കോടി രൂപയുടെ ഭരണാനുമതി 2018-ൽ കേരള സ്റ്റേറ്റ് ഇലക്ടിസിറ്റി ബോർഡ് ലിമിറ്റഡ് നൽകിയിരുന്നു.

കെ.എസ്.ഇ.ബി.എൽ.ന്റെ പ്രസരണ വിഭാഗത്തിന്റെ കീഴിൽ ഗാന്ധിനഗറിൽ ഉള്ള 15 സെന്റ് സ്ഥലത്ത് 2200 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസ് കെട്ടിടം പണി 2020 ഏപ്രിൽ മാസം ആരംഭിച്ച് 2021 ഓഗസ്റ്റ് മാസം പണി പൂർത്തിയാക്കുകയും ചെയ്തു. കെട്ടിട നിർമ്മാണത്തിന് ഏകദേശം 85 ലക്ഷം രൂപയാണ് ചെലവായത്.