- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡയറക്ടറെ അഭിസംബോധന ചെയ്യേണ്ടത് 'സർ' എന്ന്; സിഎംഡിയുടെ യോഗത്തിൽ യൂണിയൻ നേതാവ് വിളിച്ചത് 'സുകു' എന്നും; എംഎം മണിയുടെ കാലത്തെ എപിഎസിനെതിരെ ഉയരുന്നത് ജാതീയ അധിക്ഷേപ വിവാദം; നിർണ്ണായകം മന്ത്രി കൃഷ്ണൻകുട്ടിയുടെ മനസ്സ്; വൈദ്യുത ബോർഡിൽ പട്ടികജാതി വിവാദം; പുലിവാല് പിടിച്ച് സിപിഎം അനുകൂല സംഘടന
തിരുവനന്തപുരം: വൈദ്യുത ബോർഡിലും പട്ടികജാതി വിവാദം. സിപിഎം അനുകൂല സംഘടനാ നേതാവിനെതിരെ ആരോപണവുമായി എത്തുന്നത് വൈദ്യുത ബോർഡിലെ ഒരു ഡയറക്ടറാണ്. സിപിഎമ്മിൽ നിന്നും വൈദ്യുത വകുപ്പ് ഏറ്റെടുത്ത ജനതാദൾ നേതാവ് കെ കൃഷ്ണൻകുട്ടിയെ ധർമ്മസങ്കടത്തിലാക്കുന്നതാണ് ഈ പരാതി. സിപിഎം സംഘടനയ്ക്കെതിരെ ഡയറക്ടർ സുകു പരസ്യ നിലപാട് എടുത്തു കഴിഞ്ഞു. അതുകൊണ്ട് തന്നെ സിപിഎം നേതാവിനെതിരെ നടപടി എടുക്കേണ്ട സാഹചര്യമുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ പേരുവിളിച്ച് സംസാരിക്കുന്ന അടുത്തറിയാവുന്നവർ തമ്മിലെ പ്രശ്നത്തെ വഴി തിരിച്ചു വിടുന്നുവെന്ന ആരോപണവും സജീവമാണ്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഡയറക്റ്ററെ സി എം ഡി യുടെ ഔദ്യോഗിക മീറ്റിംഗിൽ സാർ എന്ന് അഭിസംബോധന ചെയ്യാൻ അറപ്പുള്ളതും, അവജ്ഞയോടെ സംസാരിക്കുകയും ചെയ്യുന്ന നേതാക്കൾ നേതൃത്വം നൽകുന്ന സംഘടനയുമായി ഒരു ചർച്ചക്കും തയ്യാറല്ലെന്ന നിലപാടിൽ ഡയറക്ടർ എത്തി കഴിഞ്ഞുവെന്നാണ് സൂചന. ഈ വിഷയത്തിൽ ഉറച്ച നിലപാടാണ് വൈദ്യുത ബോർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബി അശോകിനുമുള്ളത്. ആക്ഷേപം ഉന്നയിച്ച സംഘടനാ നേതാവുമായി ചർച്ചയ്കില്ലെന്ന നിലപാടിനെതിരെ സംഘടനയും രംഗത്തു വരുന്നു. അതിനിടെ ഈ ഇടതു സംഘടനയ്ക്ക് ജാതീയ അധിക്ഷേപം ഉയർത്തി ഡയറക്ടറും പരാതി കൊടുത്ത. ഇദ്ദേഹവും ഇടതുപക്ഷത്ത് നിന്ന് പ്രവർത്തിച്ച വ്യക്തിയാണ്.
സംഘടനാ പരമായ വിഷയങ്ങൾ സംസാരിക്കാൻ ഡയറക്ടർ തയ്യാറാകുന്നില്ലെന്നാണ് സിപിഎം അനുകൂല സംഘടനയുടെ നിലപാട്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന നിലപാട് ഡയറക്ടറും എടുക്കുന്നു. ചർച്ചയില്ലെന്ന തീരുമാനത്തിൽ താങ്കളുടെ സംഘടനക്ക് എതിർപ്പുണ്ടെങ്കിൽ വിഷയം സി എം ഡി യേയോ, അല്ലങ്കിൽ ബഹു മന്ത്രിയുടെ സമക്ഷമോ ഉന്നയിക്കുകയോ അതുമല്ലങ്കിൽ പ്രക്ഷോഭം നടത്താമെന്ന് ഈ ഡയറക്ടർ സംഘടനാ നേതാവിനേയും അറിയിച്ചിട്ടുണ്ട്. സീനിയർ മോസ്റ്റ് ചീഫ് എഞ്ചിനിയർ ആയിട്ടും 2016 മുതൽ ഡയറക്റ്റർ പദവിയിൽ നിന്നും എന്നേ മാറ്റി നിർത്തുവാൻ താങ്കളുടെ സംഘടന പ്രവർത്തിച്ചത് മേൽക്കാരണം കൊണ്ടാണന്ന് ഇതോടുകൂടി വ്യക്തമായി എന്നും ഡയറക്ടർ വിശദീകരിക്കുന്നു.
മൂന്നു നാലു പ്രാവശ്യമെങ്കിലും നേരിട്ട് കാണാൻ വന്നിരുന്നു. ഒന്നുകിൽ കാബിനിൽ സാറിന്റെ മീറ്റിങ്. അല്ലെങ്കിൽ സാറ് മറ്റേതെങ്കിലും മീറ്റിംഗിന് പുറത്തു പോയിരിക്കും. അതു കാരണം കാണാൻ സാധിച്ചില്ല. സംഘടനാപരമായി ചില വിഷയങ്ങൾ സംസാരിക്കാനുണ്ട്. സൗകര്യമായി സംസാരിക്കാൻ പറ്റിയ സാറിന്റെ സമയം ഒന്നു പറയണമെന്നായിരുന്നു കെ എസ് ഇ ബി ഒ എ ജനറൽ സെക്രട്ടറി ഹരികുമാർ ബിയുടെ ഡയറക്ടർക്കുള്ള കത്ത്. ഈ കത്തിലാണ് ജാതീയ അധിക്ഷേപം ആരോപിച്ച് മറുപടി നൽകിയത്. ഈ സംഘടനയുടെ മറ്റൊരു നേതാവായ സുരേഷിനെതിരേയാണ് ആരോപണം.
പരാതി ഉന്നയിച്ച ഡയറക്ടറും സുരേഷും എല്ലാം ഒരുമിച്ച് പ്രവർത്തിച്ചവരാണ്. അവർ പേരു പറഞ്ഞാണ് തുടക്ക കാലം മുതൽ പ്രവർത്തിക്കുന്നത്. ആ ശീലത്തിലാണ് സുരേഷ് യോഗത്തിൽ സ്വാഭാവികമായി പേരു വിളിച്ചതെന്ന നിലപാടാണ് സിപിഎം സംഘടനയ്ക്കുള്ളത്. ചിലർ നടപടി എടുക്കാൻ വേണ്ടി മാത്രമായി ഈ വിഷയം ചർച്ചയാക്കുന്നുവെന്ന് അവരും ആരോപിക്കുന്നു. പഴയ സുഹൃത്തുക്കൾ പരസ്പരം ശത്രുക്കളായതാണ് ഇതിന് കാരണമെന്നാണ് അവരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ സുരേഷിനെതിരായ നടപടികളെ സിപിഎം സംഘടന ചെറുക്കുമെന്നും അവർ വിശദീകരിക്കുന്നുണ്ട്.
വിഷയം മന്ത്രി കൃഷ്ൺകുട്ടിയുടേയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇടതുഭരണം വന്ന ശേഷം കെ എസ് ഇ ബിയിലെ എല്ലാം നിയന്ത്രിച്ചിരുന്നത് സിപിഎം സംഘടനയാണ്. മന്ത്രി എംഎം മണിയുടെ കാലത്ത് എല്ലാ തീരുമാനവും അവർ എടുത്തു. സമീപകാലത്ത് കാര്യങ്ങൾ മാറി മറിഞ്ഞു. ഇതാണ് സംഘടനാ നേതാക്കളെ പ്രകോപിപ്പിച്ചതെന്നാണ് മറുവിഭാഗം ഉയർത്തുന്ന ആരോപണം. പ്രസിഡന്റിന്റെ സന്ദർശന ദിവസം ഈ സംഘടന വായ്മൂടി കെട്ടി പ്രതിഷേധിച്ചതും വിവാദമായിട്ടുണ്ട്. ഈ സമരത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥന്റെ പരിധിയിൽ വൈദ്യുതി മുടങ്ങിയതാണ് ചർച്ചയ്ക്ക് കാരണം.
രാഷ്ട്രപതി തലസ്ഥാനത്തെത്തിയ ദിവസം കെ.എസ്.ഇ.ബി.യിലെ ഭരണാനുകൂല സംഘടന വായ് മൂടിക്കെട്ടി പ്രകടനം നടത്തിയതിനെതിരേ ബോർഡ് നടപടികൾ എടുക്കും. ഇക്കാര്യം ഗൗരവമായി കാണുമെന്ന് ജീവനക്കാർക്കുള്ള പരിപത്രത്തിൽ മാനേജ്മെന്റ് വ്യക്തമാക്കി. ബോർഡിലെ ഓഫീസർമാരുടെ ഭരണാനുകൂല സംഘടനയാണ്, സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചതിന് തങ്ങളുടെ അംഗത്തിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയതിനെതിരേ പ്രതിഷേധവുമായി ഇറങ്ങിയത്. ഡിസംബർ 23-ന് രാഷ്ട്രപതിയുടെ സന്ദർശന സമയത്തുതന്നെ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി വൈദ്യുതിഭവൻ അങ്കണത്തിൽ പ്രതിഷേധം സംഘടിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതാണ് വിവാദമായത്.
ഓഫീസർമാർക്ക് നിയമപ്രകാരം പ്രകടനമോ സമരമോ നടത്താൻ അനുമതിയില്ല. ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സംഘടനയുടെ അംഗങ്ങളാണ് നിയമലംഘനം നടത്തിയിരിക്കുന്നതെന്ന് ബോർഡ് ചൂണ്ടിക്കാട്ടുന്നു. അവർ നടത്തിയ പ്രതിഷേധം രാഷ്ട്രപതിയുടെ സന്ദർശനവേളയിൽ അവശ്യ സർവീസായ വൈദ്യുതി ബോർഡിന്റെ കേന്ദ്ര ഓഫീസിലെ പ്രവർത്തനം അലങ്കോലമാക്കാനുള്ള പരസ്യ ഉദ്യമമാണെന്നും അത് തുറന്ന അച്ചടക്കലംഘനമാണെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
ബോർഡിലെ സാധാരണ ഭരണനടപടിക്രമത്തിന്റെ പേരിൽ നോട്ടീസ് പോലും നൽകാതെയുള്ള പ്രതിഷേധമാണ് ഉണ്ടായത്. ഉയർന്ന ഉദ്യോഗസ്ഥർതന്നെ ബോർഡിനും സന്ദർശകർക്കും അസൗകര്യമുണ്ടാക്കി. 1957 മുതൽ ഇതുവരെ ബോർഡിനെതിരേ മാധ്യമങ്ങളിൽ എഴുതിയ പത്തോളം ജീവനക്കാർക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ ചട്ടങ്ങളിൽ ഇപ്പോഴും മാറ്റമില്ലെന്നും സമാനമായ ചട്ടലംഘനങ്ങൾക്കുള്ള നടപടിയിലും വ്യത്യാസമില്ലെന്നും ബോർഡ് ഓർമിപ്പിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ