പാലക്കാട്: കെഎസ്ഇബി മാനേജ്മെന്റുമായുള്ള ജീവനക്കാരുടെ ഭിനത പരിഹരിക്കാനാവാത്ത സാഹചര്യത്തിൽ വിഷയത്തിൽ സിപിഐഎം ഇടപെടുന്നു. തൊഴിലാളി സംഘടനയായ സിഐടിയുവിന്റ ആവശ്യപ്രകാരമാണ് ഇടപെടൽ. ഇതിന്റെ ഭാഗമായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എകെ ബാലൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകീട്ട് പാലക്കാടാണ് കൂടിക്കാഴ്ച.

മാനേജ്മെന്റിന് എതിരെ കെഎസ്ഇബി ഇടതുസംഘടന പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ഇന്ന് ആരംഭിച്ച സാഹചര്യത്തിൽ കൂടിയാണ് വിഷയത്തിൽ സിപിഐഎം നേതൃത്വം ഇടപെടുന്നത്. സസ്പെൻഷൻ പിൻവലിക്കുക, ചെയർമാന്റെ ഏകപക്ഷീയ നിലപാടുകൾ ഉപേക്ഷിക്കുക, സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിത കാല സമരത്തിലേക്ക് ജീവനക്കാർ കടന്നത്.

പ്രശ്ന പരിഹാരത്തിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും തീരുമാനം നീണ്ടേക്കുമെന്ന സാഹചര്യം കൂടി നിലനിൽക്കുന്നതിനിടെയാണ് സിപിഐഎം ഇടപെടൽ. ചർച്ചകൾക്കുള്ള സാഹചര്യം നീണ്ടേക്കുമെന്നായിരുന്നു വിലയിരുത്തൽ. ചൊവ്വാഴ്ച മാത്രമാണ് വൈദ്യുതി മന്ത്രി തലസ്ഥാനത്ത് എത്തുകയുള്ളു. ഈ സാഹചര്യത്തിൽ ചർച്ചകൾക്ക് നാളെ വൈകീട്ട് വരെ കാത്തിരിക്കേണ്ട നിലയുണ്ടാവുന്ന അവസ്ഥയിലാണ് പാലക്കാട്ടെ കൂടിക്കാഴ്ച പ്രധാനമാവുന്നത്.

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ വൈദ്യുതി ഭവൻ ആസ്ഥാനത്ത് റിലേ സത്യാഗ്രഹം ഉൾപ്പെടെയുള്ള സമര പരിപാടികളാണ് പ്രതിഷേധക്കാർ പദ്ധതിയിട്ടിരിക്കുന്നത്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ മൂന്ന് നേതാക്കളെ സസ്പെൻഡ് ചെയ്ത ചെയർമാന്റെ നടപടിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഏറെ നാളായി മാനേജ്മെന്റും ഇടതു സംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടലും സ്ഥിതി രൂക്ഷമാക്കി. എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചട്ടപ്പടി സമരത്തിലേക്ക് ഉൾപ്പെടെ കടക്കാനാണ് തീരുമാനം.

പ്രശ്നപരിഹാരത്തിന് വൈദ്യുതി മന്ത്രി ഇടപെടാത്തതിലും ഇടത് സംഘടനയ്ക്ക് ശക്തമായ അമർഷമുണ്ടായിരുന്നു. ചർച്ചയ്ക്ക് ഒരുക്കമെന്ന് ചെയർമാൻ മാധ്യമങ്ങളിലുടെ പറയുന്നതല്ലാതെ തങ്ങളെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തിയിരുന്നു. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന നിലപാടിലാണ് സിപിഐഎമ്മും മുന്നണിയും.