- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജോലി ചെയ്യാതെയുള്ള പ്രതിഷേധ സംഗമം സമരത്തിന്റെ പരിധിയിൽ വരും; സ്ഥലം മാറ്റം തിരുത്തില്ലെന്നും ചെയർമാൻ; ഓഫീസ് വളയാൻ ഇറങ്ങുന്നവർക്ക് ശമ്പളവും നഷ്ടമാകും; കെ എസ് ഇ ബിയിലെ തർക്കം പരിഹാരമില്ലാതെ തുടർന്നേക്കും; മന്ത്രിയേയും ചെയർമാനേയും പുറത്താക്കാൻ ഓഫീസർമാരുടെ സംഘടന
തിരുവനന്തപുരം: കെ എസ് ഇ ബിയിലെ തർക്കം പരിഹാരമില്ലാതെ തുടർന്നേക്കും. ഇന്ന് മന്ത്രിതല ചർച്ച നടക്കുമെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടാകില്ല. മന്ത്രി കെ കൃഷ്ണൻകുട്ടിയും ചെയർമാൻ ബി അശോകും മാറണമെന്നതാണ് ഇടത് തൊഴിലാളി സംഘടനകളുടെ ആവശ്യം. അതിനുള്ള സമ്മർദ്ദമാണ് സമരം. അതിനാൽ ഇനിയും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. ചെയർമാൻ ബി.അശോകും സംഘടനയും തമ്മിലുള്ള പോര് ഇതോടെ പൊട്ടിത്തെറിയിലേക്കു നീങ്ങുകയാണ്.
അതിനിടെ വൈദ്യുതി ബോർഡിലെ സിപിഎം അനുകൂല ഓഫിസേഴ്‌സ് അസോസിയേഷൻ ഇന്നു നടത്തുമെന്നു പ്രഖ്യാപിച്ച വൈദ്യുതിഭവൻ വളയൽ സമരത്തിനു ബോർഡ് അനുമതി നിഷേധിച്ചു. എന്നാൽ, വിലക്കു ലംഘിച്ച് സമരം ചെയ്യുമെന്ന് അസോസിയേഷൻ അറിയിച്ചു. അച്ചടക്കനടപടി സ്വീകരിക്കുമെന്ന ചെയർമാന്റെ മുന്നറിയിപ്പു ലംഘിച്ച് പ്രവർത്തകർ യോഗം ചേരുമെന്നും വൈദ്യുതി ഭവന്റെ കവാടങ്ങളിൽ നിൽക്കുമെന്നും അവർ പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടു വിശദീകരിച്ച ശേഷമാണ് അസോസിയേഷൻ സമരം നടത്തുന്നത്. സമരത്തിനെതിരെ ഹൈക്കോടതിയിലുള്ള കേസിലാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ബോർഡിന്റെ പ്രവർത്തനം തടസ്സപ്പെടുത്താനോ ആരെയും തടയാനോ ഉദ്ദേശിക്കുന്നില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.ജി.സുരേഷ്‌കുമാറും ജനറൽ സെക്രട്ടറി ബി.ഹരികുമാറും അറിയിച്ചു.
മന്ത്രിയെ കാണാൻ സമയം ചോദിച്ചിട്ടുണ്ട്. അദ്ദേഹം തയാറായാൽ ചർച്ച നടത്തും. പ്രശ്‌നം തീർന്നില്ലെങ്കിൽ മെയ് 15നു നിസ്സഹകരണ സമരം ആരംഭിക്കും. അതിനിടെ, ബോർഡിലെ വർക്കർമാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച സുപ്രീം കോടതി വിധിയെത്തുടർന്ന് മന്ത്രി ഇന്നു സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ അനുകൂല തീരുമാനങ്ങൾ എടുക്കും.
സമരക്കാരെ അതിശക്തമായി നേരിടാനാണ് തീരുമാനം. ഇന്നു വൈദ്യുതിഭവൻ വളയുന്നവർ ഏപ്രിൽ 5 മുതൽ സമരത്തിൽ പങ്കെടുക്കുന്നതായി കരുതി കോടതിയുടെ നിർദേശപ്രകാരം നടപടിയെടുക്കുമെന്നാണു ബോർഡിന്റെ മുന്നറിയിപ്പ്. സർവീസ് ചട്ടലംഘനത്തിനു പ്രത്യേകം നടപടിയുണ്ടാകും. സമരത്തിന് അനുമതി നിഷേധിച്ച് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.ഹരികുമാറിനാണു ബോർഡ് കത്ത് നൽകിയത്.
അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥയുടെ കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതി നിർദേശപ്രകാരമാണു നടപടിയെന്നും അറിയിച്ചിട്ടുണ്ട്. കേരള സർവീസ് ചട്ടം അനുസരിച്ച്, ജോലി ചെയ്യാതെയുള്ള പ്രതിഷേധ സംഗമം സമരത്തിന്റെ പരിധിയിൽ വരും. സസ്‌പെൻഷനിലായിരുന്നവരെ തിരിച്ചെടുത്തു.
തെളിവുകളുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ സ്വീകരിച്ച അച്ചടക്ക നടപടി പരിശോധന കൂടാതെ പിൻവലിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നതിനാൽ അതിനു സാധിക്കില്ലെന്നും കത്തിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ