- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കെസ്മ പ്രയോഗിച്ചാൽ സമരം പൊളിയുമെന്ന് മനസ്സിലായി; ഒരിക്കൽ പോലും കാണാൻ കൂട്ടാക്കാതെ മുഖ്യമന്ത്രി നൽകിയ സന്ദേശവും അസോസിയേഷന് എതിരായി; അശോകിന്റെ ഉറച്ച നിലപാട് തന്നെ ഒടുവിൽ ജയിച്ചു; സ്ഥലം മാറ്റം അംഗീകരിച്ച് ജോലിക്കെത്തി വീമ്പു പറഞ്ഞ നേതാക്കൾ; കെ എസ് ഇ ബിയിൽ ജയം നേടി സർക്കാരും മാനേജ്മെന്റും
തിരുവനന്തപുരം: കെഎസ്ഇബിയിലെ സമരക്കാർ മുട്ടുമടക്കി. കെ എസ് ഇ ബി ചെയർമാനെ അവർ അംഗീകരിച്ചു. ഹൈക്കോടതിയുടെ കെസ്മ നടപ്പാക്കാനുള്ള അനുമതിയാണ് ഇതിന് കാരണം. ഇതോടെ സ്ഥലം മാറ്റപ്പെട്ട ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കൾ ജോലിയിൽ പ്രവേശിച്ചു. പ്രസിഡന്റ് എം ജി സുരേഷ് കുമാർ പെരിന്തൽമണ്ണയിലും ജനറൽ സെക്രട്ടറി ഹരികുമാർ പാലക്കാട്ടും ജാസ്മിൻബാനു സീതത്തോട്ടലും ജോലിയിൽ പ്രവേശിച്ചു.
എറണാകുളത്ത് വൈദ്യുതിമന്ത്രിയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അസോസിയേഷൻ നിലപാട് തിരുത്തിയത്. ചെയർമാന്റെ നടപടികൾക്കെതിരെ മെയ് നാല് മുതൽ സംസ്ഥാനത്ത് നടത്താനിരുന്ന മേഖല പ്രചാരണജാഥകൾ ഒഴിവാക്കി. ഇതോടെ കെ എസ് ഇ ബിയിൽ പ്രശ്‌ന പരിഹാരമാവുകയാണ്. സ്ഥലം മാറ്റം അംഗീകരിച്ച അസോസിയേഷൻ നേതാക്കളെ തിരിച്ച് വൈദ്യുത ഭവനിൽ നിയമിക്കുമോ എന്നതാണ് ഇനി നിർണ്ണായകം. ഇതിൽ ജാസ്മിൻ ബാബുവിനെ തിരുവനന്തപുരത്തേക്ക് മടക്കി കൊണ്ടു വരാൻ കെ എസ് ഇ ബി മാനേജ്‌മെന്റ് സമ്മതം മൂളിയതായും സൂചനയുണ്ട്. ഹരികുമാറും സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയാൽ അംഗീകരിക്കും. എന്നാൽ സുരേഷ് കുമാറിന് തിരുവനന്തപുരത്തെ വൈദ്യുത ഭവനിൽ നിയമനം നൽകില്ലെന്നാണ് സൂചന. ഒത്തുതീർപ്പിന്റെ ഭാഗമായി തിരുവനന്തപുരത്തെ മറ്റ് ഓഫീസുകളിലേക്ക് മാറ്റാൻ സാധ്യത ഏറെയാണ്.
മന്ത്രിയുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ ജനപ്രതിനിധികൾക്ക് നൽകാനിരുന്ന വിശദീകരണകുറിപ്പ് വിതരണവും തുടർപ്രക്ഷോഭവും നിർത്തിവച്ചു. സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായ സമരത്തിനെരെ കെസ്മ പ്രയോഗിക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും അച്ചടക്ക നടപടിയിൽ വിട്ടുവീഴ്‌ച്ചയില്ലെന്ന ചെയർമാന്റെ ഉറച്ച നിലപാടും ഓഫീസേഴ്‌സ് അസോസിയേഷന് തിരിച്ചടിയായി. ഇതു മന്ത്രിയും അംഗീകരിച്ചു. ഇതോടെയാണ് അസോസിയേഷൻ നേതാക്കൾ ജോലിക്ക് കയറാൻ സമ്മതിച്ചത്. ജനവികാരം എതിരായതും പാർട്ടിയുടേയും മറ്റ് സംഘടനകളുടേയും കാര്യമായ പിന്തുണ കിട്ടാതിരുന്നതും അസോസിയേഷന്റെ നിലപാട് മാറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
സമരത്തിന്റെ ഭാഗമായി ബോർഡ് റൂമിലേക്ക് തള്ളിക്കയറിയവർക്കെതിരെയും വൈദ്യുതി ഭവൻ വളയലിൽ പങ്കെടുത്തവർക്കെതിരെയും കടുത്ത നടപടി വേണ്ടെന്ന ധാരാണയായെന്നാണ് സൂചന. സമരം തുടർന്നാൽ പൊലീസിൽ പരാതി നൽകുമെന്ന നിലപാടിലായിരുന്നു കെ എസ് ഇ ബി ചെയർമാൻ അശോക്. സ്ഥലം മാറ്റ ഉത്തരവ് അംഗീകരിക്കാതെ പ്രശ്‌ന പരിഹാരമില്ലെന്ന നിലപാടും എടുത്തു. അസോസിയേഷന് ട്രേഡ് യൂണിയൻ പരിരക്ഷ ഇല്ലെന്ന് നിലപാട് ഹൈക്കോടതിയിലും ചർച്ചയായി. ഇതെല്ലാം കൂടി പരിഗണിച്ചാണ് അസോസിയേഷൻ നേതാക്കൾ ജോലിക്ക് എത്തുന്നത്. അല്ലാത്ത പക്ഷം ഈ പദവികളിലേക്ക് മറ്റുള്ളവരെ നിയമിക്കുമെന്ന് കെ എസ് ഇ ബി മാനേജ്‌മെന്റ് അറിയിച്ചിരുന്നു.
അടുത്തമാസം അഞ്ചിനു നടത്തുന്ന മന്ത്രിതല ചർച്ചയിൽ പ്രതീക്ഷയർപ്പിച്ചാണ് അസോസിയേഷൻ നേതാക്കൾ സമരവും പ്രക്ഷോഭ പരിപാടികളും നിർത്തിവയ്ക്കുന്നത്. ഹൈ വോൾട്ടേജ് സമരമെന്നാണു നേതാക്കൾ പ്രക്ഷോഭത്തെ വിശേഷിപ്പിച്ചിരുന്നത്. പക്ഷേ, ചെയർമാൻ ബി. അശോക് കടുത്ത നിലപാട് എടുത്തതോടെ രംഗം ചൂടുപിടിച്ചു. സ്ഥലംമാറ്റത്തിനുപുറമെ സസ്പെൻഷൻ കൂടിയായതോടെ ഓഫീസേഴ്സ് അസോസിയേഷന് ഗത്യന്തരമില്ലാതായി. സർക്കാരിൽനിന്ന് പിന്തുണ ലഭിക്കാതായതോടെ പ്രക്ഷോഭം എങ്ങനെയും അവാസാനിപ്പിച്ചാൽ മതിയെന്ന മട്ടിലായി യൂണിയൻ നേതൃത്വം.
മുന്മന്ത്രി എം.എം. മണി ആദ്യമെടുത്ത നിലപാടിൽനിന്നു പിന്തിരിഞ്ഞതും അസോസിയേഷന് തിരിച്ചടിയായി. സർവീസ് ചട്ടങ്ങൾക്കു വിരുദ്ധമായ സമരത്തിനെതിരേ കെസ്മ പ്രയോഗിക്കാമെന്ന് ഹൈക്കോടതി വിധിച്ചതും ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ജീവനക്കാർക്കെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്നു ചെയർമാൻ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതും അസോസിയേഷനെ പ്രതിരോധത്തിലാക്കി. ജനവികാരം എതിരായതാണ് അസോസിയേഷനെ മനംമാറ്റത്തിനു പ്രേരിപ്പിച്ചത്. ചെയർമാന്റെ നടപടികൾക്കു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഉറച്ച പിന്തുണ നൽകിയതോടെ ഓഫീസേഴ്സ് അസോസിയേഷൻ മുട്ടുമടക്കുകയായിരുന്നു.
സിപിഎമ്മിലെ ഒരു വിഭാഗം അസോസിയേഷന് ഒപ്പമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും നേതാക്കള്ഡ കണ്ടു. എന്നാൽ മുഖ്യമന്ത്രി ഇവരെ കാണാൻ കൂട്ടാക്കിയില്ല. ഇതോടെ തന്നെ മുഖ്യമന്ത്രിയുടെ മനസ്സ് വ്യക്തമായി. ഈ സാഹചര്യത്തിലാണ് സരമരത്തിൽ നിന്നുള്ള പിന്മാറ്റം.
(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01-05-2022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)
മറുനാടന് മലയാളി ബ്യൂറോ