- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തന്നെ പറ്റി ഞാൻ പഠിച്ചു, താൻ സംഘടനയുടെ വലിയ ആളാണെങ്കിൽ ഞാൻ നാളെ കാണിച്ചുതരാം; പണിയാൻ പറ്റുമോ എന്ന് അസോസിയേഷനും എൽഡിഎഫ് സർക്കാരും കൂടി നോക്കട്ടെ; സ്ട്രീറ്റ് ലൈറ്റ് മാറ്റേണ്ടത് കോർപ്പറേഷൻ എന്ന് പറഞ്ഞതിന് എഇഇയ്ക്ക് കിട്ടിയത് വൈദ്യുത വകുപ്പിലെ ഡെപ്യൂട്ടേഷൻകാരന്റെ ഭീഷണി; വൈറലായി ഓഡിയോ
തിരുവനന്തപുരം: സ്ട്രീറ്റ് ലൈറ്റ് മാറ്റിയിടാൻ വൈകിയതിന് കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി കെഎസ്ഇബി ആസ്ഥാനത്തെ നിയമവകുപ്പിലെ ഉന്നതഉദ്യോഗസ്ഥൻ. നാലാഞ്ചിറ കെജെകെ ഹോസ്പിറ്റലിന് സമീപം കേടായ സ്ട്രീറ്റ് ലൈറ്റ് മാറ്റാൻ വൈകിയതിന് കേശവദാസപുരം എഇഇയെയാണ് നിയമവകുപ്പ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയത്.
സെക്രട്ടറിയേറ്റിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയതാണ് ഭീഷണിപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ. എല്ലാ സീമകളും ലംഘിക്കുന്നതാണ് ഇടപെടൽ. ഇതിനെതിരെ കെ എസ് ഇ ബി ജീവനക്കാരിൽ അമർഷം ശക്തമാണ്. എന്നാൽ അനുദിനം നാഥനില്ലാ കളരിയാകുന്ന കെ എസ് ഇ ബിയിൽ എല്ലാം കൈവിട്ട അവസ്ഥയിലാണ്. മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് പോലും ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന വിമർശനം ശക്തമാണ്.
ട്യൂബ് സ്റ്റോക്കില്ലാത്തതുകൊണ്ടാണ് സ്ട്രീറ്റ് ലൈറ്റ് മാറ്റാൻ പറ്റാത്തതെന്ന് എഇഇ പറയുന്നുണ്ടെങ്കിലും പ്രകോപിതനായ ഉദ്യോഗസ്ഥൻ ഭീഷണി തുടരുന്നു. തെരുവ് വിളക്കുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലാണ്. ഇതിൽ അറ്റകുറ്റപണിയും മറ്റും നടത്തേണ്ട ഉത്തരവാദിത്തമാണ് കെ എസ് ഇ ബിക്കുള്ളത്. ഈ സാഹചര്യത്തിലാണ് സ്ട്രീറ്റ് ലൈറ്റ് മാറ്റാൻ താമസം നേരിട്ടത്. ഇതാണ് നിയമവകുപ്പ് ഉദ്യോഗസ്ഥനെ പ്രകോപിതനാക്കുന്നത്.
താൻ നിയമവകുപ്പിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് സംഭാഷണം ആരംഭിക്കുന്നത്. ഫോൺകോളിന്റെ തുടക്കം മുതൽ അധികാരത്തിന്റെ ധാർഷ്ട്യത്തോടെ മോശമായി സംസാരിക്കുന്ന ഉദ്യോഗസ്ഥനോട് ഒരു ഘട്ടത്തിൽ 'ആദ്യം മാന്യമായി സംസാരിക്കു' എന്ന് എഇഇയ്ക്ക് പറയേണ്ടി വരുന്നു. എന്നാൽ 'ഇയാൾ സംഘടനയുടെ മറ്റേതാണെന്ന് കരുതി ഉണ്ടാക്കരുത്' എന്നാണ് ഉദ്യോഗസ്ഥന്റെ മറുപടി. തന്റെ കാര്യം മന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും തന്നെ പണിയാൻ പറ്റുമോ എന്ന് അസോസിയേഷനും എൽഡിഎഫ് സർക്കാരും കൂടി നോക്കട്ടെ എന്നും അയാൾ പറയുന്നത് ഫോൺകോൾ റെക്കോർഡിലുണ്ട്.
തന്നെ പറ്റി ഞാൻ പഠിച്ചു. താൻ സംഘടനയുടെ വലിയ ആളാണെങ്കിൽ. ഞാൻ നാളെ കാണിച്ചുതരാം. തന്റെ പേരിൽ കുറേ കേസുകൾ പിന്നാലെ വരുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുന്നു. ട്യൂബ് വാങ്ങിത്തരാമെന്ന് അസോസിയേഷൻ പറഞ്ഞതല്ലെ എന്നും പ്രദേശം ഇരുട്ടിലാണെന്നും പറഞ്ഞപ്പോഴാണ് കോർപ്പറേഷൻ പറയുംപോലെയല്ലെ ട്യൂബ് ഇടാൻ പറ്റുകയുള്ളു എന്ന് എഇഇ ചോദിക്കുന്നത്. അതിന് 'ഏത് കോർപ്പറേഷൻ' എന്നായിരുന്നു ഉദ്യോഗസ്ഥൻ ദാർഷ്ട്യത്തോടെ തിരിച്ചുചോദിക്കുന്നത്.
തന്റെ ചീഫ് എൻജിനീയറുടെ മുകളിലുള്ള ഉദ്യോഗസ്ഥനാണ് ഞാനെന്നും തന്നെ പണിയാൻ പറ്റുന്ന ആളാണെന്നും അയാൾ സംഭാഷണത്തിനിടെ ഇടയ്ക്കിടെ എഇഇയെ ഓർമിപ്പിക്കുന്നുമുണ്ട്. താനിത് റെക്കോർഡ് ചെയ്യൂ എന്നും തന്റെ സംഘടന ഐഎൻടിയുസി ആയാലും സിഐടിയു ആയാലും അവർക്ക് കൊണ്ടുകൊടുക്ക് എന്നും വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് വിഐപികൾ താമസിക്കുന്ന പ്രദേശമാണിത്. ഒരു ട്യൂബ് ലൈറ്റ് മാറാൻ പറ്റില്ലെങ്കിൽ തനിക്ക് തിരുവനന്തപുരത്ത് കേശവദാസപുരത്ത് ഇരിക്കാൻ പറ്റില്ല. താൻ കണ്ണൂരോ കാസർഗോഡോ ഇരിക്കേണ്ടവനാണെന്നും ഭീഷണിപ്പെടുത്തിയാണ് ഉദ്യോഗസ്ഥൻ ഫോൺ കട്ട് ചെയ്യുന്നത്.
സെക്രട്ടറിയേറ്റിലെ ഉന്നതഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം അടുത്തകാലത്ത് കെഎസ്ഇബി ആസ്ഥാനത്തേയ്ക്ക് ഡെപ്യൂട്ടേഷനിലെത്തുകയായിരുന്നു. മന്ത്രിമാരുമായും സിപിഎം ഉന്നതനേതാക്കളുമായി അടുത്തബന്ധം പുലർത്തുന്ന ഇദ്ദേഹത്തെ മുഖ്യമന്ത്രി ഇടപെട്ടാണ് വൈദ്യൂതഭവനിലേയ്ക്ക് മാറ്റുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലം വരെ സിപിഎമ്മിന്റെ കൈയിലിരുന്ന വൈദ്യുതി വകുപ്പ് വളരെകാലത്തിന് ശേഷമാണ് ഘടകകക്ഷിക്ക് കൈമാറിയത്.
എന്നാൽ വകുപ്പിലെ സ്വാധീനം നിലനിർത്തുന്നതിനായി സിപിഎമ്മുമായി അടുത്തുനിൽക്കുന്ന ചില ഉദ്യോഗസ്ഥരെ വകുപ്പ് ആസ്ഥാനത്ത് നിയമിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഈ ഉദ്യോഗസ്ഥനും വൈദ്യുതി ഭവനിലെത്തിയതെന്നാണ് സൂചന. എന്നാൽ ജനതാദളിന്റെ കയ്യിലിരിക്കുന്ന വകുപ്പിൽ സിപിഎം അനുകൂല ഉദ്യോഗസ്ഥരെ കൊണ്ട് നിറയ്ക്കുന്നതിൽ ജനതാദൾ നേതാക്കൾക്കും അമർഷമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ