- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്ടിമുടി ദുരന്തത്തിൽ ഉൾപ്പടെ രക്ഷാപ്രവർത്തനത്തിൽ ഏവരും അംഗീകരിച്ച മികവ്; ജീവിതത്തിൽ ഏറ്റവും പ്രധാന്യം നൽകിയതും ജീവൻരക്ഷാ പ്രവർത്തനങ്ങൾക്ക്; ഒടുവിൽ സ്വന്തം ജീവൻ നൽകി രക്ഷിച്ചത് നിരവധി ജീവനുകൾ; കരാർ ജീവനക്കാരന്റെ മരണം ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർ
വണ്ടിത്താവളം: കഞ്ചിക്കോട് സ്വദേശി മരുത രാജ് തന്റെ ജീവിതത്തിൽ ഏറ്റവും പ്രധാന്യം നൽകിയത് രക്ഷാ പ്രവർത്തനങ്ങൾക്കാണ്.നാട്ടിലൊ തന്റെ ജോലിസംബന്ധമായോ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ മരുതരാജ് അവിടെ ഓടിയെത്തിയിരിക്കും.ഒടുവിൽ സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും ജീവൻ സ്വന്തം ജീവൻ നൽകി രക്ഷിച്ച് മരുതരാജ് യാത്രയായി. കൃഷിയിടത്തിൽ കാറ്റിൽ മരം വീണു തകർന്ന വൈദ്യുത പോസ്റ്റ് മാറ്റാനെത്തിയപ്പോഴാണ് പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നു ഷോക്കേറ്റു കെഎസ്ഇബി കരാർ ജീവനക്കാരൻ കഞ്ചിക്കോട് എടുപ്പുകുളം ചക്കാൻകാടു മാരിയപ്പന്റെ മകൻ മരുതരാജ് മരണപ്പെട്ടത്.
ഇന്നലെ രാവിലെ ഒൻപതരയോടെ പെരുമാട്ടി കൂമൻകാട് ആറ്റഞ്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ നെൽപാടത്തായിരുന്നു ദുരന്തം.മരുതരാജ് ഷോക്കേറ്റു വീണയുടൻ കൂടെയുണ്ടായിരുന്ന മറ്റു 3 പേർ പാടത്തു നിന്ന് ഓടി മാറിയതിനാൽ ഷോക്കേൽക്കാതെ രക്ഷപ്പെട്ടു. ലൈനിൽ പ്രവഹിക്കുന്നതറിയാതെ കുടുതൽ പേർ പാടത്തേക്ക് എത്തിയിരുന്നേൽ ദുരന്തത്തിന്റെ വ്യാപ്തി കൂടിയേനെ.പൊട്ടിവീണ ലൈനുകളിൽ ഒന്ന് ഓഫാക്കിയിരുന്നില്ലെന്നും ഇതിലൂടെ വൈദ്യുതി പ്രവഹിച്ചാണു ഷോക്കേറ്റതെന്നു സംശയിക്കുന്നതായി മീനാക്ഷിപുരം പൊലീസ് ഇൻസ്പെക്ടർ പി. ബാബുരാജ് അറിയിച്ചു.
10 വർഷത്തോളമായി തത്തമംഗലം കെഎസ്ഇബി സെക്ഷനിലെ കരാർ ജീവനക്കാരനാണ് മരുതരാജ്. കഞ്ചിക്കോട് അഗ്നിരക്ഷാസേനയ്ക്കു കീഴിലെ സിവിൽ ഡിഫൻസിലെ അംഗമായ മരുതരാജ് പ്രളയത്തിലും കോവിഡിലും രക്ഷാപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഇടുക്കി പെട്ടിമുടി ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന് അഗ്നിരക്ഷാസേനയുടെ പുരസ്കാരവും നേടിയിട്ടുണ്ട് ഇദ്ദേഹം.
അതേസമയം, ഇൻഡക്ഷൻ ലൈനുകളിൽ ഒന്നിൽ നിന്നാണു ഷോക്കേറ്റതെന്നും വകുപ്പുതലത്തിൽ അന്വേഷണം നടത്തുമെന്നും കെഎസ്ഇബി തത്തമംഗലം അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് ഷെരിൻ അറിയിച്ചു.മരുതരാജിന്റെ സംസ്കാരം ഇന്നു കഞ്ചിക്കോട് വാതക ശ്മശാനത്തിൽ നടത്തും. ഭാര്യ: ലത. മകൻ: ബിജോ രാജ്.
മറുനാടന് മലയാളി ബ്യൂറോ