കോട്ടയം: അഴിമതിക്കാരായവർക്ക് സംരക്ഷണം ലഭിക്കുമെന്ന് പ്രതീതിയാണ് പൊതുസമൂഹത്തിൽ നിലവിലുള്ളത്. എന്നാൽ, ചില വിധികൾ വരുമ്പോൾ ഈ ധാരണയ്ക്ക് നേരിയ മാറ്റമുണ്ടാകുമെന്ന് മാത്രം. അത്തരത്തിൽ ഒരു കോടതി വിധിയാണ് കഴിഞ്ഞദിവസം പുറപ്പെടുവിച്ചത്. വ്യാജരേഖ ചമച്ച് പണം തട്ടിയ കേസിൽ കെഎസ്ഇബി സീനിയർ അസിസ്റ്റന്റിനു നാലു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് പുനരന്വേഷണം നടത്തിയ ശേഷം ശിക്ഷിച്ചത്.

കെഎസ്ഇബി പൊൻകുന്നം ഇലക്ട്രിക്കൽ ഡിവിഷനിലെ സീനിയർ അസിസ്റ്റന്റ് ആൻഡ് കാഷ്യർ സി.എസ്.മധുസൂദനനെയാണ് വിജിലൻസ് എൻക്വയറി കമ്മിഷൻ ആൻഡ് സ്‌പെഷൽ ജഡ്ജി വി.ദിലീപ് ശിക്ഷിച്ചത്. ഇതേ കേസിൽ വിജിലൻസ് കോടതി രണ്ടുവർഷം തടവു ശിക്ഷ വിധിച്ചിരുന്നു. എന്നാൽ അഴിക്കുള്ളിൽ കിടക്കാതെ രക്ഷപെടാനുള്ള മാർഗ്ഗം തേടിയ ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ മധുസൂദനനെതിരെ വീണ്ടും വിജിലൻസ് കോടതിയിൽ വിചാരണ നടത്തുകയും ചെയ്തു. തുടർന്നാണ് ശിക്ഷ ഇരട്ടിയായത്. രണ്ടു വകുപ്പുകളിലായുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഇത്തവണ മൂന്നു വർഷം തടവിൽ കഴിഞ്ഞാൽ മതിയാകും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവിൽ കഴിയേണ്ടി വരും.

1999 മുതൽ 2001 വരെ പൊൻകുന്നം കെഎസ്ഇബി ഓഫിസിൽ സീനിയർ അസിസ്റ്റന്റായിരുന്ന മധുസൂദനൻ വൈദ്യുതി ബിൽ തുകയായും, ജീവനക്കാരുടെ ലീവ് സറണ്ടർ, പെൻഷൻ തുകയായും ബാങ്കിൽ അടയ്‌ക്കേണ്ട പണം തട്ടിയെടുത്തെന്നായിരുന്നു കേസ്. ബാങ്കിൽ പണം അടച്ചതായി വ്യാജ രസീത് നിർമ്മിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നു കെഎസ്ഇബി ഓഡിറ്റ് വിഭാഗം കണ്ടെത്തി. പൊൻകുന്നം പൊലീസ് പ്രഥമവിവര റിപ്പോർട്ട് തയാറാക്കിയ ശേഷം കോട്ടയം വിജിലൻസിനു കേസ് കൈമാറി. ബാങ്കിന്റെ സീലും, മാനേജരുടെ ഒപ്പും ഇദ്ദേഹം വ്യാജമായി തയാറാക്കിയാണ് പണം അടച്ചതായി രേഖയുണ്ടാക്കിയതെന്ന് വിജിലൻസ് കണ്ടെത്തി. 2012 ൽ വിജിലൻസ് കോടതി മധുസൂദനൻ കുറ്റക്കാരനെന്നു കണ്ടെത്തി രണ്ടു വർഷം തടവിനു ശിക്ഷിച്ചിരുന്നു.

ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച മധുസൂദനൻ വിജിലൻസ് കോടതി തെളിവായി സ്വീകരിച്ചത് ഫോട്ടോസ്റ്റാറ്റ് രസീതുകളാണെന്നും, സാക്ഷികളെ വിസ്തരിച്ചില്ലെന്നും വാദിച്ചു. ഹൈക്കോടതി വിധിയെത്തുടർന്ന് വീണ്ടും വിചാരണ നടത്തിയപ്പോൾ രസീതുകളുടെ യഥാർഥ പകർപ്പ് വിജിലൻസ് ഹാജരാക്കി. പുതിയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ വീണ്ടും വിചാരണ നടത്തി കോടതി മധുസൂദനനു നാലു വർഷം തടവ് വിധിക്കുകയായിരുന്നു.

സർക്കാരിന്റെ പണം ദുരുപയോഗം ചെയ്തതിനു മൂന്നു വർഷവും, ഗൂഢാലോചന നടത്തി വ്യാജ രേഖ ചമച്ചതിന് ഒരു വർഷവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാവും. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ ലീഗൽ അഡ്വൈസർ വിജിലൻസ് രാജ്‌മോഹൻ ആർ. പിള്ള കോടതിയിൽ ഹാജരായി.