- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വ്യാപനം: പുതിയ പരീക്ഷണവുമായി കെഎസ്ഇബി; കണ്ടെയ്ന്മെന്റ് സോണിൽ 'സെൽഫ് മീറ്റർ റീഡിങ്'; റിഡിങ്ങ് നടത്തേണ്ടത് കെഎസ്ഇബി നൽകുന്ന ലിങ്ക് വഴി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നടപടിക്രമങ്ങളിൽ പുത്തൻ പരീക്ഷണവുമായി കെഎസ്ഇബി.കണ്ടെയ്ന്മെന്റ് സോണുകളിൽ ഉപയോക്താവ് സ്വയം മീറ്റർ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനം ഉൾപ്പടെയാണ് കെഎസ്ഇബി നടപ്പാക്കുന്നത്. വൈദ്യുതി ഉപയോഗം കണക്കാക്കി, അടയ്ക്കേണ്ട തുക ഇതുവഴി ഉപഭോക്താവിന് അറിയാൻ സാധിക്കും.
ഇതിനായി പ്രത്യേക ആപ് ഡൗൺലോഡ് ചെയ്യേണ്ടതില്ല. എസ്എംഎസ് വഴി കെഎസ്ഇബി അയയ്ക്കുന്ന ലിങ്കിൽ പ്രവേശിച്ചാൽ ഉപയോക്താവിന്റെ വിവരങ്ങളും റീഡിങ് രേഖപ്പെടുത്തേണ്ട കോളങ്ങളും സ്ക്രീനിൽ തെളിയും. അതതു പ്രദേശത്തെ കെഎസ്ഇബി മീറ്റർ റീഡറുടെ ഫോൺ നമ്പറും ഉണ്ടാകും.
തൊട്ടുമുൻപത്തെ റീഡിങ് സ്ക്രീനിൽ കാണാം. ഇതിനടുത്തുള്ള കോളത്തിൽ മീറ്ററിൽ കാണുന്ന, നിലവിലെ റീഡിങ് (കെഡബ്ല്യുഎച്ച്) ടൈപ് ചെയ്യണം. ഇതിനു ശേഷം, 'മീറ്റർ ഫോട്ടോ' എന്ന ബട്ടണിൽ അമർത്തിയാൽ മീറ്ററിലെ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം. ഈ ഫോട്ടോ സ്ക്രീനിലെ മറ്റൊരു കോളത്തിൽ കാണാം. മീറ്റർ റീഡിങ് പൂർത്തിയായെന്നു സ്ഥിരീകരിക്കാനുള്ള (കൺഫേം മീറ്റർ റീഡിങ്) ബട്ടൺ അമർത്തുന്നതോടെ 'സെൽഫ് മീറ്റർ റീഡിങ്' പൂർത്തിയാകും.
മീറ്റർ റീഡർമാർക്കാണ് ഈ വിവരങ്ങൾ ലഭിക്കുക. ഉപയോക്താവു രേഖപ്പെടുത്തിയ റീഡിങ്ങും ഫോട്ടോയിലെ റീഡിങ്ങും ഒത്തുനോക്കി അപാകതകളില്ലെന്നു സ്ഥിരീകരിച്ച ശേഷം, അടയ്ക്കേണ്ട തുക ഉപയോക്താവിന്റെ ഫോണിലേക്ക് എസ്എംഎസ് വഴി അറിയിക്കും. ഓൺലൈൻ ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ വൈദ്യുതി ബിൽ അടയ്ക്കാം.
സംവിധാനം ഇന്നു പ്രാബല്യത്തിലാകും. അതേസമയം, കെഎസ്ഇബിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യാത്തവർക്കും ആൻഡ്രോയ്ഡ് സ്മാർട് ഫോൺ ഇല്ലാത്തവർക്കും മീറ്റർ റീഡർമാർ നേരിട്ടുവന്നു റീഡിങ് നടത്തേണ്ടിവരും.
മറുനാടന് മലയാളി ബ്യൂറോ