- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഫോൺ വിളിക്കപ്പുറം ഇനി വൈദ്യുതി കണക്ഷൻ; സേവനങ്ങൾ വീട്ടിലേക്കെത്തിക്കാൻ കെഎസ്ഇബി; സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ അടുത്തമാസം മുതൽ; കെഎസ്ഇബി മുഖം മിനുക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: കാലത്തിനനുസരിച്ച് മുഖം മിനുക്കാൻ ഒരുങ്ങി കെഎസ്ഇബിയും. സേവനങ്ങൾ വീട്ടിലെത്തിക്കുന്ന സംവിധാനം അടുത്ത മാസം മുതൽ പരീക്ഷണാർഥം 100 സെക്ഷൻ ഓഫിസുകളിൽ നടപ്പാക്കും.പുതിയ സംവിധാനങ്ങളിൽ ഏറ്റവും ശ്രദ്ധേയം ഒരു ഫോൺവിളിക്കപ്പുറം ഉപഭോക്താക്കൾക്ക് വൈദ്യുത കണക്ഷൻ ലഭിക്കും എന്നതാണ്. '1912' എന്ന നമ്പറിൽ വിളിച്ചാൽ കെഎസ്ഇബി ഉദ്യോഗസ്ഥർ വീട്ടിലെത്തി വൈദ്യുതി കണക്ഷൻ നൽകും. അടുത്തമാസം രണ്ടാം വാരത്തോടെ പൈലറ്റ് ഘട്ടം നടപ്പാക്കി ജൂണിനു മുൻപു സംസ്ഥാന വ്യാപകമാക്കാനാണു തീരുമാനം. ഇതിനായി മൊബൈൽ ആപ്പും വികസിപ്പിക്കും.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഇതിനോടകം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി കഴിഞ്ഞു. ഇവയൊക്കെത്തന്നെയും വിജയം കണ്ടുവെന്നത് അധികൃതർക്ക് ആശ്വാസം നൽകുന്നുണ്ട്.പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിനു കീഴിലുള്ള 39 സെക്ഷനുകളിൽ പരീക്ഷണാർഥം നടപ്പാക്കിയ പദ്ധതി വിജയിച്ചു. 3 മാസത്തിനിടെ രജിസ്റ്റർ ചെയ്ത 4244 അപേക്ഷകളിൽ 4134 എണ്ണത്തിലും സേവനം പൂർത്തിയാക്കി.പാലക്കാടിനു പിന്നാലെ, തൃശൂർ, പെരുമ്പാവൂർ, ആലപ്പുഴ, ഹരിപ്പാട് സർക്കിളുകൾക്കു കീഴിൽ ചില സെക്ഷനുകളിലും പദ്ധതി പരീക്ഷണാർഥം നടപ്പാക്കി.
ആദ്യഘട്ടത്തിൽ നിലവിലെ ലോ ടെൻഷൻ (എൽടി) ഉപയോക്താക്കൾക്കും പുതുതായി എൽടി കണക്ഷന് അപേക്ഷിക്കുന്നവർക്കുമായിരിക്കും സേവനം ലഭ്യമാക്കുകയെന്ന് കെഎസ്ഇബി ചെയർമാൻ എൻ.എസ്പിള്ള അറിയിച്ചു.
സേവനം ഇങ്ങനെ
പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശ മാറ്റം, കണക്ടഡ് ലോഡ് / കോൺട്രാക്ട് ലോഡ് മാറ്റം, താരിഫ് മാറ്റം, വൈദ്യുതി ലൈന്മീറ്റർ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾക്കു പേരും ഫോൺ നമ്പറും '1912' എന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യണം.
അസിസ്റ്റന്റ് എൻജിനീയർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ അപേക്ഷകരെ ഫോണിൽ ബന്ധപ്പെട്ടു വിവരം ശേഖരിക്കും. ആവശ്യമുള്ള രേഖകളെക്കുറിച്ചും അറിയിക്കും.
സ്ഥലപരിശോധനാ തീയതി തീരുമാനിക്കും. അന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി അപേക്ഷാ ഫോം പൂരിപ്പിച്ചുവാങ്ങും.
ഉദ്യോഗസ്ഥർ ഈ വിവരങ്ങൾ കംപ്യൂട്ടറിൽ ഉൾപ്പെടുത്തി, അടയ്ക്കേണ്ട തുകയുടെ വിവരം അറിയിക്കും. ഓൺലൈനായി തുക അടയ്ക്കുമ്പോൾ സേവനം ലഭ്യമാക്കും.
മറുനാടന് മലയാളി ബ്യൂറോ