- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ; വൈദ്യുതി തൂണിൽ ഉറപ്പിക്കുന്ന പോൾ മൗണ്ടഡ് സംവിധാനം വ്യാപകമാക്കാൻ കെ എസ് ഇ ബി; സ്റ്റേഷനുകളുടെ എണ്ണം അധികം വൈകാതെ 1150 ആക്കി ഉയർത്തും
കോഴിക്കോട്: ആഗോള തരംഗത്തിന്റെ ചുവട് പിടിച്ച് ഇന്ത്യയിലും അന്തരീക്ഷ മലിനീകരണം തീരെക്കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചാരം വധിക്കവേ കേരളത്തിലും കൂടുതൽ പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ സജ്ജമാക്കാൻ കെ.എസ്.ഇ.ബി. വകുപ്പ് നടപ്പാക്കിയ വൈദ്യുതി ചാർജിങ് സ്റ്റേഷനുകൾക്കു പുറമേയാണ് വൈദ്യുതി തൂണിൽ ഉറപ്പിക്കുന്ന രീതിയിലുള്ള പോൾ മൗണ്ടഡ് സംവിധാനം വ്യാപകമാക്കാൻ കെ.എസ്.ഇ.ബി ഒരുങ്ങുന്നത്.
കോഴിക്കോട് ജില്ലയിൽ 2021 ഒക്ടോബറിൽ പൈലറ്റ് പദ്ധതിയായി തുടങ്ങിയിരിക്കുന്ന ഈ പദ്ധതിയിൽ ഓരോ നിയോജക മണ്ഡലത്തിലും അഞ്ചെണ്ണം വീതവും കോർപറേഷനിൽ 15 എണ്ണവും സ്ഥാപിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓട്ടോകളെയും ഇരുചക്ര വാഹനങ്ങളെയും ലക്ഷ്യമിട്ടാണ് പദ്ധതിയെങ്കിലും കാറുകളുടെയും മറ്റും വൈദ്യുതി തീർന്നുപോകാവുന്ന അത്യാവശ്യ ഘട്ടങ്ങളിൽ അവയിലും വൈദ്യുതി കയറ്റാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.
തിരുവനന്തപുരത്ത് 141 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളാണ് പുതുതായി യാഥാർഥ്യമാക്കുകയെന്നു അധികൃതർ വ്യക്തമാക്കുന്നു. ഇവിടെയും കോർപറേഷൻ പരിധിയിലാവും വൈദ്യുതി ചാർജ് ചെയ്യാൻ സാധിക്കുന്ന പ്രത്യേക വൈദ്യുത തൂണുകൾ സ്ഥാപിക്കുക. കേരളത്തിൽ അധികം വൈകാതെ ഇലക്ട്രിക് വാഹനങ്ങൾ ചുവടുറപ്പിക്കുമെന്നാണ് പഠനങ്ങളിൽനിന്നു വ്യക്തമാവുന്നത്. ഗ്രാമങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജനം തിങ്ങിപ്പാർക്കുന്ന സംസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം ഏറെ കുറയുമെന്നതിനാൽ വാഹന ഉടമകൾക്കും ഏറെ താൽപര്യം ഇത്തരം വാഹനങ്ങളോടാണ്.
തുടക്കത്തിൽ വന്ന ഇലക്ട്രിക് ബൈക്കുകൾക്ക് കയറ്റം കയറാൻ ബുദ്ധിമുട്ടുള്ളതായും മറ്റുമുള്ള ചെറിയ പോരായ്മകൾ കണ്ടെത്തിയിരുന്നെങ്കിൽ അടുത്തിടെ വന്ന വാഹനങ്ങൾ കൂടുതൽ കാര്യക്ഷമതയുള്ളവ ആണെന്നതിനാൽ ഇപ്പോൾ വൈദ്യുത വാഹനം വാങ്ങുന്നതിൽനിന്നു മടിച്ചുനിൽക്കുന്നവർ കൂടി അധികം വൈകാതെ ഇതിലേക്കു മാറുമെന്നതിനാൽ കേരളത്തിൽ വലിയ കച്ചവടമാണ് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇത്തരം വാഹനങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ പ്രതീക്ഷിക്കുന്നത്.
ദിനേന പെട്രോൾ വില കുതിക്കുന്ന അവസ്ഥയിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് വൻ ഡിമാന്റാണ് സമീപ ഭാവിയിൽ ഉണ്ടാവുക. ദിനേന ശരാശരി 50 കിലോമീറ്റർ സഞ്ചരിക്കുന്ന ചെറിയ ദൂരം യാത്ര ചെയ്യുന്നവർക്കുപോലും ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്കും ബൈക്കുകളിലേക്കുമെല്ലാം മാറിയാൽ തങ്ങൾ വാഹനം വങ്ങാൻ മുടക്കുന്ന തുക പെട്രോൾ വിലയിലൂടെ മൂന്നോ നാലോ വർഷംകൊണ്ട് തിരിച്ചുകിട്ടുമെന്നാണ് കണക്കുകൂട്ടുന്നത്. പെട്രോളിൽ ഓടുന്ന വാഹനങ്ങൾക്ക് മൂന്നോ, നാലോ വർഷം ഇന്ധം വാങ്ങാനായി ചെലവഴിക്കുന്ന തുക മതി ഇലക്ട്രിക് ഇരുചക്ര വാഹനത്തിനെന്നതുതന്നെയാണ് ഏറെ ആകർഷകമായ കാര്യം.
ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകളിൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന തുക യൂണിറ്റിന് കുത്തനെ കൂട്ടണമെന്ന് കെ.എസ്.ഇ.ബി അടുത്തിടെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം റെഗുലേറ്ററി കമ്മിഷൻ തള്ളിയതും ഇത്തരം വാഹനങ്ങളിലേക്കു മാറാൻ ആഗ്രഹിക്കുന്നവർക്ക് പ്രോത്സാഹനജനകമായ കാര്യമാണ്. പരമാവധി തുക യൂണിറ്റിന് എട്ടു രൂപയിൽ കൂടരുതെന്നാണ് കമ്മിഷന്റെ നിലപാട്. നിലവിൽ അനുബന്ധ സൗകര്യങ്ങൾ ഉപയോഗിക്കുന്നതും ഉൾപ്പെടെ പല ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകളിലും യൂണിറ്റിന് 15 രൂപവരെ ഈടാക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇപ്പോൾ 412 ചാർജിങ് സ്റ്റേഷനുകളാണ് പ്രവർത്തന സജ്ജമായിട്ടുള്ളത്. ഇവയുടെ എണ്ണം 1150ൽ അധികം വൈകാതെ എത്തിക്കാനുള്ള ശ്രമമാണ് കെ.എസ്.ഇ.ബി ഊർജിതമായി നടത്തുന്നത്. ഇലക്ട്രിക് ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ചാർജു ചെയ്യാനുതകുന്ന പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളാവും ഇവയെന്നാണ് കെ.എസ്.ഇ.ബി അധികൃതർ വിശദീകരിക്കുന്നത്.