- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാൻ മാത്രം കെ.എസ്.ഇ.ബിക്ക് ചെലവ് കോടികൾ; കെഎസ്ആർടിസിയുടെ ഗതിയാകാതിരിക്കാൻ ചെലവു ചുരുക്കൽ നടപടികളിലേക്ക് വൈദ്യുതി ബോർഡ്; പ്രൊമോഷൻ തസ്തികകൾ വെട്ടിക്കുറയ്ക്കും; പുതിയ തസ്തികകളും ഉണ്ടാവില്ല; 6000 പേരുടെ നിയമനത്തിന് റെഗുലേറ്ററി ബോർഡ് അംഗീകാരമില്ല
തിരുവനന്തപുരം: കേരള സർക്കാർ നേരിട്ടു നടത്തിയിരുന്ന കെഎസ്ഇബിയെ കമ്പനിയാക്കി മാറ്റിയെങ്കിലും സി.എ.ജി. ഓഡിറ്റനുസരിച്ച് ഇപ്പോഴും നഷ്ടത്തിലാണെന്നാണ് റിപ്പോർട്ട്. വൈദ്യുതി ബോർഡിലെ ശമ്പളം വർധനവ് അടക്കം നടപ്പാക്കിയതോടെയാണ് പ്രതിസന്ധികൾ കടുത്തത്. ഉന്നത ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റാൻ മാത്രം കെ.എസ്.ഇ.ബിക്ക് കോടികളാണ് ചെലവിടേണ്ടി വരുന്നത്.
വൈദ്യുതി ബോർഡിന്റെ ചെലവിൽ വൈദ്യുതി വാങ്ങാൻ 55 ശതമാനവും ജീവനക്കാരുടെ ശമ്പളത്തിന് 20 ശതമാനവും വരും. ശമ്പള ഇനത്തിൽ 230 കോടി പ്രതിമാസം ബോർഡിന് ചെലവുണ്ട്. വിവിധ പെൻഷനുകൾക്ക് 128.75 കോടി നൽകുന്നു. കെ.എസ്.ആർ.ടി.സി.യുടെ അനുഭവത്തിൽനിന്ന് പാഠം പഠിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്ന് ചെയർമാൻ ബി അശോക് ചൂണ്ടിക്കാട്ടിയിരുന്നു.
2020-21 വർഷത്തിൽ കെ.എസ്.ഇ.ബി. 70 കോടി രൂപയുടെ പ്രവർത്തനലാഭം നേടിയതായാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അറിയിച്ചത്. എന്നാൽ ചെലവു ചുരുക്കലടക്കമുള്ള നടപടികളെടുത്താൽ പ്രവർത്തനം മെച്ചപ്പെടുത്താനാവുമെന്നാണ് കമ്മിഷൻ ചെയർമാൻ അറിയിച്ചത്. ഇതിന് പിന്നാലെ ചെലവുകൾ വെട്ടിക്കുറച്ച് കടുത്ത സാമ്പത്തിക അച്ചടക്കത്തിലേക്ക് നീങ്ങുകയാണ് കെ.എസ്.ഇ.ബി.
പ്രൊമോഷൻ തസ്തികകൾ കുറച്ചും പുതിയ തസ്തികകൾ വേണ്ടന്നുവച്ചും നിയന്ത്രണം ഏർപ്പെടുത്താനാണ് നീക്കം. പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം ഒഴിവാക്കും. പുതിയ യാത്രാ വാഹനങ്ങളും വാങ്ങില്ല. വൈദ്യുത ബോർഡ് ഓഫീസുകളിൽ ഓട്ടോമേഷൻ നടപ്പാക്കും. ഇതോടെ, വൈദ്യുതി ബില്ല് അടയ്ക്കുന്നത് പൂർണമായും ഇ പേമെന്റിലേക്ക് മാറും. ഇ ഓഫീസും നിലവിൽ വരും.
പരിഷ്‌കാരങ്ങളാകുന്നതോടെ ജീവനക്കാരുടെ പുനർവിന്യാസം വേണ്ടിവരും. 12 മാസം കൊണ്ട് ജീവനക്കാരെ പുനർ വിന്യസിക്കാനാണ് ലക്ഷ്യം. ആകെ 38,000 ജീവനക്കാരാണ് ബോർഡിലുള്ളത്. ഇതിൽ 6000 പേരുടെ നിയമനത്തിന് റെഗുലേറ്ററി ബോർഡ് അംഗീകാരം നൽകിയിട്ടില്ല.
മൂന്നുകോടി രൂപയ്ക്കു താഴെയുള്ള പുതിയ പദ്ധതികൾക്ക് വലിയ രീതിയിലുള്ള ഉദ്ഘാടനം ഇനി ഉണ്ടാവില്ല. പകരം, ചീഫ് എൻജിനീയർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ നാട മുറിക്കും. എല്ലാ ഉദ്യോഗസ്ഥതല മീറ്റിങ്ങുകളും ഓൺലൈനിലാകും. വലിയ ചെലവുകൾ ഒഴിവാക്കിയില്ലെങ്കിൽ വൈദ്യുതി ബോർഡ് പ്രതിസന്ധിയിലാകുമെന്ന് കഴിഞ്ഞ ദിവസം നടന്ന ഓപ്പൺ ഹൗസിൽ ചെയർമാൻ ബി. അശോക് വ്യക്തമാക്കിയിരുന്നു.
ആധുനിക വൽക്കരണം അടക്കം കെഎസ്ഇബിക്ക് നേട്ടങ്ങൾ സമ്മാനിച്ചു. എന്നാൽ കെഎസ്ഇബിയിൽ ഉണ്ടായിരിക്കുന്ന ഞെട്ടിക്കുന്ന ശമ്പള വർധനവാണ് കാര്യങ്ങൾ തകിടം മറിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചു കൊണ്ടുള്ള തീരുമാനം വന്നതിന് പിന്നാലെയാണ് വൈദ്യുതി ബോർഡിലും ശമ്പളം വർധിപ്പിച്ചത്.
അസി. എക്സി. എഞ്ചിനീയർ തസ്തികയിൽ ഉള്ള ഒരാൾക്ക് ഒറ്റയടിക്ക് ശമ്പളത്തിൽ വർധനയായി കൈയിൽ കിട്ടുന്നത് 28000 രൂപയോളമാണ്. ഉന്നത ഉദ്യോഗസ്ഥ തസ്തികയിലേക്ക് പോകുമ്പോൾ ഈ തുക വീണ്ടും ഉയരുകയും ചെയ്യും.
പതിറ്റാണ്ടുകൾക്ക് മുമ്പ് സർവീസിൽ കയറുമ്പോൾ കിട്ടിയിരുന്ന തുച്ഛമായ തുകയിൽ നിന്നും വ്യത്യസ്തമായാണ് ഇപ്പോൾ പുതുകാലഘട്ടത്തിൽ ജീവനക്കാർക്ക് വാരിക്കോരി ശമ്പളം നൽകുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിയത്. കെ.എസ്.ഇ.ബി.യിൽ മാസ്റ്റർ സ്‌കെയിലിന്റെ തുടക്കം 24,400 രൂപയാണ്. മുപ്പത് ശതമാനം ഡി.എ.യും സംസ്ഥാനഗവൺമെന്റിലേതുപോലെ പത്ത് ശതമാനം ഫിറ്റ്‌മെന്റും ചേർത്താണ് പുതുക്കിയ ശമ്പളം നിലവിൽ വന്നത്.
സർക്കാർ ജീവനക്കാരിൽ നിന്ന് വ്യത്യസ്തമായി സേവനകാലാവധിക്കനുസരിച്ച് 0.2 ശതമാനം ഓരോ വർഷത്തിനും പരമാവധി 4000 രൂപ സർവീസ് പേ ലഭിക്കും. ഇതിന് കാലാകാലങ്ങളിലുള്ള ക്ഷാമബത്തലഭിക്കുകയും പെൻഷൻ ആനുകൂല്യത്തിന് കണക്കാക്കുകയും ചെയ്യും.
ശമ്പള സ്‌കെയിൽ അവസാനിച്ച ജീവനക്കാർക്ക് അഞ്ചു സ്റ്റാഗ്നേഷൻ ഇൻക്രിമെന്റ് ലഭിക്കും.
ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ആറാമത്തെ സ്റ്റാഗ്നേഷൻ ഇൻക്രിമെന്റും ലഭിക്കും. ഓഫീസർമാർക്ക് നാലു സ്റ്റാഗ്നേഷൻ ഇൻക്രിമെന്റ് തുടർച്ചയായ വർഷങ്ങളിലും രണ്ടെണ്ണം ഒന്നിടവിട്ട വർഷങ്ങളിലും ലഭിക്കും.ഓഫീസേഴ്‌സിന് 40975-116080ൽ നിന്ന് 59100-166400 സ്‌കെയിലിലേക്കും ജീവനക്കാരുടേത് 17000-57220ൽ നിന്ന് 24400-82400 സ്‌കെയിലേക്കുമാണ് കൂടിയത്. എന്നാൽ ഭീമമായ ഈ ശമ്പള വർധവിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. വലിയ സാമ്പത്തിക ബാധ്യത വൈദ്യുതി ബോർഡ് താങ്ങില്ലെന്നാണ് ഉയരുന്ന വിമർശനം.
ചെലവു ചുരുക്കിയും പ്രവർത്തനം മെച്ചപ്പെടുത്തിയും കെ.എസ്.ഇ.ബി. ബാധ്യത കുറയ്ക്കട്ടെ എന്ന അഭിപ്രായമാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് കെഎസ്ഇബി ചെലവ് ചുരുക്കലിലേക്ക് കടക്കുന്നത്.
യൂണിറ്റിനു നാലു രൂപയ്ക്കുവരെ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി.ക്ക് അനുമതിയുണ്ടെങ്കിലും ഒന്നര, രണ്ടു രൂപയ്ക്കു വാങ്ങാൻ സാധിച്ചിട്ടുണ്ട്. ചില വൈദ്യുതി വാങ്ങൽ കരാർ പതിനഞ്ചും ഇരുപത്തിയഞ്ചും വർഷത്തേക്കാണ്. അതനുസരിച്ച് കൂടുതൽ തുകയ്ക്ക് വാങ്ങുന്നു. ഈ ദീർഘകാല കരാറുകളുടെ കാലാവധി അവസാനിച്ചാൽ അതു പുതുക്കേണ്ടതില്ലെന്നാണ് കമ്മിഷന്റെ നിർദ്ദേശം.വൈദ്യുതി വാങ്ങൽ ചെലവു കുറയ്ക്കാൻ വിപണി ഇടപെടൽ നടത്തണമെന്നും കമ്മിഷൻ നിർദേശിച്ചിരുന്നു.
യൂണിറ്റിനു നാലു രൂപയ്ക്കുവരെ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി.ക്ക് അനുമതിയുണ്ടെങ്കിലും ഒന്നര, രണ്ടു രൂപയ്ക്കു വാങ്ങാൻ സാധിച്ചിട്ടുണ്ട്. ചില വൈദ്യുതി വാങ്ങൽ കരാർ പതിനഞ്ചും ഇരുപത്തിയഞ്ചും വർഷത്തേക്കാണ്. അതനുസരിച്ച് കൂടുതൽ തുകയ്ക്ക് വാങ്ങുന്നു. ഈ ദീർഘകാല കരാറുകളുടെ കാലാവധി അവസാനിച്ചാൽ അതു പുതുക്കേണ്ടതില്ലെന്നാണ് കമ്മിഷന്റെ നിർദ്ദേശം.വൈദ്യുതി വാങ്ങൽ ചെലവു കുറയ്ക്കാൻ വിപണി ഇടപെടൽ നടത്തണമെന്നും കമ്മിഷൻ നിർദേശിച്ചിരുന്നു.
ന്യൂസ് ഡെസ്ക്