- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് എഫ് ഇയിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ക്രമക്കേട് നടക്കുന്നുണ്ടെന്നും വിജിലൻസിന്റെ കണ്ടത്തലായി പുറത്തുവരുന്നതിന്റെ അപകടം വലുത്; വിജിലൻസ് അന്വേഷണ റിപ്പോർട്ട് ചോർന്നതിലും വ്യക്തമായ തിരക്കഥയുണ്ടെന്ന് സംശയിച്ച് സിപിഎം; ക്രമക്കേട് നടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ ശാഖകളിൽ ഇന്റേണൽ ഓഡിറ്റ്; ചിട്ടി തട്ടിപ്പും എൻഫോഴ്സ്മെന്റ് പരിശോധിക്കുമെന്ന് സൂചനകൾ
കൊച്ചി: കെ എസ് എഫ് ഇയിലെ ഇടപാടുകളും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുമോ എന്ന ആശങ്കയിൽ ധനവകുപ്പ്. ലൈഫ് മിഷനും കിഫ്ബിക്കും പിന്നാലെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം കെ എസ് എഫ് ഇയിൽ എത്താനുള്ള വഴിയൊരുക്കാനാണ് അതീവ രഹസ്യമായി നടന്ന വിജിലൻസ് റെയ്ഡ് എന്നാണ് സിപിഎമ്മിലെ വിലയിരുത്തൽ. വിജിലൻസ് അന്വേഷണ റിപ്പോർട്ട് ചോർന്നതിലും വ്യക്തമായ തിരക്കഥയുണ്ടെന്ന് സിപിഎം സംശയിക്കുന്നു. അതുകൊണ്ട് തന്നെ കെ എസ് എഫ് ഇയിൽ അടിയന്തര ഇന്റേണൽ ഓഡിറ്റ് നടത്തുകയാണ് ധനവകുപ്പ്. ക്രമക്കേടുകൾ നടക്കുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്.
ക്രമക്കേട് നടന്നുവെന്ന വിജിലൻസ് വാദം പൊളിക്കാനാണ്. എല്ലാ ബ്രാഞ്ചുകളിലും ഓഡിറ്റ് നടക്കുമെന്നാണ് സൂചന. കെ.എസ്.എഫ്.ഇ.യിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ക്രമക്കേട് നടക്കുന്നുണ്ടെന്നും വിജിലൻസിന്റെ കണ്ടത്തലായി പുറത്തുവരുന്നതിന്റെ അപകടം വലുതാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സർക്കാരിനെ കുരുക്കാൻ സജീവമായി തന്നെ നിലയുറപ്പിക്കുന്നുണ്ട്. ലൈഫ് മിഷനിലും കിഫ്ബിയിലും അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് പുതിയൊരു സാമ്പത്തിക തിരിമറി വിവാദം വിജിലൻസ് തന്നെ ചർച്ചയാക്കിയത്. കിഫ്ബിയിൽ അഴിമതിയാണെന്ന സി.എ.ജി. റിപ്പോർട്ടിനെ ആയുധമാക്കി തോമസ് ഐസക്കിനെതിരേ ആരോപണങ്ങൾ സജീവമാണ്. ഇതിൽ ഇഡിയേയും സിഎജിയേയും വിമർശിച്ച് മന്ത്രി ഐസക് ചർച്ചകൾ പുതിയ തലത്തിലെത്തിച്ചു. ഇതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ അന്വേഷണ ഏജൻസി തന്നെ കെ എസ് എഫ് ഇയെ പ്രതിക്കൂട്ടിൽ നിർത്തിയത്.
കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിക്കുന്നെന്നു ചൂണ്ടിക്കാട്ടി സിപിഎം പ്രതിഷേധം നടത്തുന്നുണ്ട്. അതിനിടെയാണ് വിജിലൻസിന്റെ നീക്കം. ഇത് അസാധാരണമാണ്. സർക്കാരിന്റെ അഴിമതികൾ സംസ്ഥാന ഏജൻസികളും കണ്ടെത്തുന്നുവെന്നു ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി വി.മുരളീധരൻ വിജിലൻസിനെ പുകഴ്‌ത്തിയതും സർക്കാരിന് പുതിയ തലവേദനയാണ്. കെ എസ് എഫ് ഇയിലും രേഖകൾ പരിശോധിക്കാൻ ഇഡി എത്തുമെന്ന് ധന വകുപ്പ് കണക്കുകൂട്ടുന്നു. ഇതിന് വേണ്ടിയാണ് കള്ളപ്പണം കെ എസ് എഫ് ഇയിൽ വെളുപ്പിക്കുന്നുവെന്ന ആരോപണം റെയ്ഡിന് ശേഷം ചർച്ചയാക്കിയതെന്നാണ് കണക്കു കൂട്ടൽ. വിജിലൻസ് റെയ്ഡ് നടത്തിയ ശാഖകളുടെ വിവരങ്ങൾ ഐബിയിലൂടെ ഇഡി ശേഖരിക്കുന്നുണ്ട്.
കെഎസ്എഫ്ഇ റെയ്ഡിനെതിരെ മന്ത്രി തോമസ് ഐസക്കിനേക്കാൾ കടുത്ത ഭാഷയിലാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ആഞ്ഞടിച്ചത്. സമീപകാല വിവാദങ്ങളിലെല്ലാം ചാനൽ ചർച്ചകളിൽ പാർട്ടിയെ ന്യായീകരിച്ചിരുന്ന മുതിർന്ന നേതാവാണ് ആനത്തലവട്ടം. മുഖ്യമന്ത്രിയുടെയോ വിജിലൻസിന്റെയോ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഇതുവരെ വിശദീകരണം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പറയാനുള്ളത് എന്താണെന്നാകും പാർട്ടി പരിശോധിക്കുക. എതിർപ്പു പരസ്യമാക്കിയ ഐസക് പാർട്ടിയെയും തന്റെ വികാരം അറിയിച്ചിട്ടുണ്ട്. വിഷയം പരിശോധിക്കുമെന്ന് ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ വ്യക്തമാക്കിയതും ഈ സാഹചര്യത്തിലാണ്.
ആനത്തലവട്ടം ആനന്ദന്റെ വിമർശനം മുഖ്യമന്ത്രിയെ പോലും ഞെട്ടിച്ചിട്ടുണ്ട്. റെയ്ഡിൽ ഗൂഢാലോചനയുണ്ട്. ആരുടെ പരാതിയിലാണു പരിശോധനയെന്നു സർക്കാർ വ്യക്തമാക്കണം. റെയ്ഡ് സ്വകാര്യ സ്ഥാപനങ്ങൾക്കു വേണ്ടിയാണെന്നു സംശയിക്കണം. കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകർക്കാനാണു ശ്രമം. ഇതിന്റെ പ്രത്യാഘാതം വിജിലൻസ് സാമാന്യബുദ്ധി ഉപയോഗിച്ച് ആലോചിച്ചില്ലേ എന്ന ചോദ്യമാണ് ആനത്തലവട്ടം ആനന്ദൻ ഉയർത്തുന്നത്.
വിജിലൻസ് നടപടിയിൽ ദുരൂഹതയുണ്ടെന്ന് കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ് ആരോപിച്ചു. പരിശോധന നടത്തുമ്പോൾ ചീഫ് എക്‌സിക്യൂട്ടീവിനെ അറിയിക്കേണ്ടതായിരുന്നു. റെയ്ഡിനു മുൻപോ ശേഷമോ കെഎസ്എഫ്ഇയെ വിവരമറിയിച്ചിട്ടില്ല. വിജിലൻസിൽ നിന്നു വിവരങ്ങൾ പുറത്തുവന്നതു മുൻകൂട്ടി ആസൂത്രണം ചെയ്തതു പോലെയാണ്. ഈ രംഗത്തെ എതിരാളികൾ സ്വാധീനിച്ചോ എന്നു സംശയിക്കാമെന്നും പീലിപ്പോസ് തോമസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ