തിരുവനന്തപുരം: കെഎസ്എഫ്ഇയുടെ അഭിമാന പദ്ധതിയായ പ്രവാസി ചിട്ടിയുടെ പ്രചാരണത്തിന് ഡയറക്ടർമാർ കഴിഞ്ഞ വർഷം നടത്തിയ വിദേശയാത്രകളുടെ കണക്കുകൾ പുറത്ത്.

ചെയർമാൻ പീലിപ്പോസ് തോമസ്, മാനേജിങ് ഡയറക്ടറായിരുന്ന എ. പുരുഷോത്തമൻ, ഡയറക്ടർമാരായ ആനന്ദക്കുട്ടൻ പി. കെ., വി. കെ. പ്രസാദ്, എസ്. ശരത് ചന്ദ്രൻ (ജനറൽ മാനേജർ-ഫിനാൻസ്) എന്നിവർ പങ്കെടുത്ത ഒമാനിലെ ഉപഭോക്താക്കളുടെ മീറ്റിംഗിന് ചെലവാക്കിയത് 14,78,280 രൂപ. ഇതിൽ 9,88,055 രൂപയും ചിലവഴിച്ചതും ഭക്ഷണത്തിന്. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കെഎസ്എഫ്ഇ നൽകിയ മറുപടിയിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.

യൂറോപ്പിലും ഒമാനിലും ഡയറക്ടർമാർ യാത്ര നടത്തിയപ്പോൾ ഷാർജയിലെ ഒരു എക്‌സ്‌പോയിൽ പങ്കെടുക്കാൻ ഒരു ജൂനിയർ അസിസ്റ്റന്റിനെ അയയ്ക്കുകയായിരുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ ചെയർമാൻ ഉൾപ്പടെയുള്ളവരുടെ സംഘം നടത്തിയ യാത്രയ്ക്ക് മാത്രം ചിലവഴിച്ചത് 4,89,269 രൂപ. അതെ സമയം ഭക്ഷണം, താമസം, പരിപാടി നടന്ന സ്ഥല വാടകയ്ക്ക് ചിലവഴിച്ചത് 4,53,912 രൂപയും. ഒമാനിലേയ്ക്കുള്ള വിമാനയാത്രയ്ക്കും ഇൻഷൂറൻസിനും മാത്രം ഒരു ഡയറക്ടറുടെ ചെലവ് ഒന്നേകാൽ ലക്ഷം രൂപയാണ്. അതേ സമയം ഷാർജയിൽ നടന്ന എക്‌സ്‌പോയിലേയ്ക്ക് ജൂനിയർ അസിസ്റ്റന്റിനെ അയച്ചതിന്റെ ചെലവ് 40,100 രൂപയാണെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

വലിയ അവകാശവാദങ്ങളുമായി തുടങ്ങിയ പ്രവാസി ചിട്ടിക്ക് ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ താമസിക്കുന്ന ഗൾഫ് മേഖലയിൽ നിന്ന് പോലും തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. കിഫ്ബി ഫണ്ടിലേക്ക് പ്രധാന വരുമാന മാർഗമായി ധനമന്ത്രി തോമസ് ഐസക് അവകാശപ്പെട്ടിരുന്ന പ്രവാസി ചിട്ടിയിലേക്ക് പ്രതീക്ഷിച്ച വരുമാനം വരാത്തത് കിഫ്ബി പ്രഖ്യാപിച്ച പദ്ധതികളെയും സാരമായി ബാധിക്കും.