- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജരേഖകൾ ചമച്ച് കെ.എസ്.എഫ്.ഇയിൽ നിന്ന് പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ; കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ കാർത്തികേയൻ പത്തംഗ സംഘത്തിലെ പ്രധാനി
തിരുവനന്തപുരം: വ്യാജരേഖകൾ കെ.എസ്.എഫ്.ഇയിൽ ഹാജരാക്കി പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിലായി. പേരൂർക്കട കുടപ്പനക്കുന്ന് രവി നഗർ സ്വദേശി കാർത്തികേയനെയാണ് (56 ) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദര്സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് ഇയാൾ തട്ടിപ്പു നടത്തിയത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെന്ന വ്യാജേന പത്തോളം പേരുടെ പേരിൽ വ്യാജ സാലറി സർട്ടിഫിക്കറ്റുകളും വ്യാജ ഐ.ഡി കാർഡുകളും നിർമ്മിച്ച് കെ.എസ്.എഫ്.ഇയുടെ ബ്രാഞ്ചുകളിൽ ഹാജരാക്കി ചിട്ടികളും ലോണുകളുമെടുത്ത് കെ.എസ്.എഫ്.ഇയെ കബളിപ്പിക്കുകയായിരുന്നു.
പത്തോളം പേരടങ്ങുന്ന സംഘത്തിലെ പ്രധാനിയായിരുന്നു കാർത്തികേയൻ. കെ.എസ്.എഫ്.ഇയുടെ ശാസ്തമംഗലം, വഴുതക്കാട് ശാഖകളിൽ നിന്നാണ് പ്രതികൾ വ്യാജരേഖ ചമച്ച് പണം തട്ടിയത്. സംഘത്തിലെ മറ്റ് ആളുകളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ. ദിവ്യ വി.ഗോപിനാഥിന്റെ നേതൃത്വത്തിൽ മ്യൂസിയം എസ്.എച്ച്.ഒ രവീന്ദ്രകുമാർ, എസ്ഐമാരായ ശ്യാംരാജ് ജെ.നായർ, നജീബ്, ജയശങ്കർ, എഎസ്ഐ സന്തോഷ്, സി.പി.ഒ അരുൺ കുമാർ എന്നിവരടങ്ങുന്ന പ്രത്യേകസംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.