- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.എഫ്.ഇയിൽ നിന്ന് വ്യാജ രേഖ ഉപയോഗിച്ച് അരക്കോടിയോളം രൂപ തട്ടിയത് മാനേജറുടെ സഹായത്തോടെ; വൻ തട്ടിപ്പ് പുറത്തുവന്നത് കുറികളുടെ തിരിച്ചടവ് മുടങ്ങിയതോടെ; കൊണ്ടോട്ടിയിൽ മാനേജർ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ
മലപ്പുറം: കെ.എസ്.എഫ്.ഇയിൽ ലക്ഷങ്ങളുടെ കുറിയിൽ ചേർന്ന് വ്യാജ സാലറി സർട്ടിഫിക്കറ്റുകൾ ഹാജരാക്കി അരക്കോടിയോളം രൂപ തട്ടിയ കേസിൽ മാനേജർ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. വൻ തട്ടിപ്പ് പുറത്തുവന്നത് കുറികളുടെ തിരിച്ചടവ് മുടങ്ങിയതോടെ നടത്തിയ അന്വേഷണത്തിൽ. കെ.എസ്.എഫ്.ഇ കൊണ്ടോട്ടി ശാഖയിൽ നിന്നു വ്യാജ രേഖകൾ ഉപയോഗിച്ച് അരക്കോടിയോളം രൂപ തട്ടിയ മാനേജർ ഉൾപ്പെടെ രണ്ടു പേരാണ് പിടിയിലായത്.
കോഴിക്കോട് കക്കോടി മോറിക്കര സ്വദേശി രയാസ് വീട്ടിൽ ജയജിത്ത് (42), കൊണ്ടോട്ടി മാനേജരായിരുന്ന കോഴിക്കോട് കോമേരി സൗപർണിക വീട്ടിൽ സന്തോഷ് (53)എന്നിവരാണ് പിടിയിലായത്. 2016-2018 കാലഘട്ടത്തിൽ സന്തോഷ് കൊണ്ടോട്ടി കെഎസ്എഫ്ഇയുടെ ബ്രാഞ്ച് മാനേജരായിരുന്ന കാലത്താണ് തട്ടിപ്പ് നടന്നത്. മാനേജരുടെ സഹായത്തോടെ ജയജിത്ത് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിയാളുകളുടെ പേരിൽ ലക്ഷങ്ങളുടെ കുറിയിൽ ചേരുകയും കുറി വിളിച്ചെടുത്ത് വിവിധ പേരുകളിൽ വ്യാജ സാലറി സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ലക്ഷങ്ങൾ തട്ടുകയുമായിരുന്നു.
സംഭവ സമയം ജയജിത്ത് സർക്കാർ ഹോസ്റ്റൽ വാർഡനായി ജോലി ചെയ്തുവരികയായിരുന്നു. ഇവിടത്തെ സീലുകളും മറ്റും ഉപയോഗിച്ചാണ് വ്യാജ രേഖകൾ നിർമ്മിച്ചിരുന്നത്. കുറികളുടെ തിരിച്ചടവ് മുടങ്ങിയ സമയം നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പു പുറത്തായത്.
തുടർന്നു നിലവിലെ മാനേജർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഒരു വർഷത്തോളമായി രണ്ടു പേരും സസ്പെൻഷനിലാണ്.
കെഎസ്എഫ്ഇയുടെ മറ്റു ശാഖകളിലും ഇവർ സമാനരീതിയിൽ തട്ടിപ്പു നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. കേസിലെ മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. മലപ്പുറം പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്‌പി അഷറഫ്, ഇൻസ്പെക്ടർ മനോജ് എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി എസ്ഐ നൗഫൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സഞ്ജീവ്, രതീഷ് ഒളരിയൻ, സബീഷ്, ഷബീർ, സുബ്രഹ്മണ്യൻ, പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്