- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണത്തിന് അന്തർസംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കുന്നു; കർണാടകയിലേക്ക് പ്രത്യേക സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി; യാത്ര പ്രോട്ടോക്കോൾ അനുസരിച്ച്; ഇതര സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് നാട്ടിലേക്കെത്താനായി രജിസ്ട്രേഷൻ ആരംഭിച്ചെന്നും എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി അന്തർ സംസ്ഥാന ബസ് സർവീസുകൾ പുനരാരംഭിക്കുന്നു. ഓണക്കാലത്ത് സർവീസുകൾ തുടങ്ങാനാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്. മന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ഓണത്തിനോടനുബന്ധിച്ച് ഇതര സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് നാട്ടിലേക്കെത്താനായാണ് ബസ് സർവീസ് ആരംഭിക്കുന്നത്. ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായും ഗതാഗതമന്ത്രി പറഞ്ഞു. കോവിഡ് ജാഗ്രതാ പോർട്ടലിൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്.
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും യാത്രയെന്നും മന്ത്രി അറിയിച്ചു. കർണാടകയിലേക്ക് സ്പെഷ്യൽ സർവീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 'എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രതാ പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതും യാത്രയ്ക്ക് മുമ്പ് കേരളത്തിലേക്കുള്ള യാത്രാ പാസ് കരുതേണ്ടതുമാണ്. ആവശ്യപ്പെട്ടാൽ അത് ഹാജരാക്കേണ്ടതുമാണ്. യാത്രക്കാർ മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കണം എന്നത് ഉറപ്പാക്കേണ്ടതാണ്,' ഗതാഗത മന്ത്രി പറഞ്ഞു.
യാത്രയ്ക്ക് മുമ്പ് ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മതിയായ യാത്രക്കാരില്ലെങ്കിൽ സർവീസ് റദ്ദാക്കുകയോ, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ അനുമതി നിഷേധിക്കുകയോ ചെയ്താൽ യാത്രക്കാർക്ക് മുഴുവൻ തുകയും തിരിച്ച് നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.