തിരുവനന്തപുരം: കെഎസ് ആർടിസിയിൽ താൽകാലിക കണ്ടക്ടർമാരെ നിയമിക്കാൻ ഹൈക്കോടതിയുടെ അനുമതി. എപ്ലോയിമെന്റ് എക്‌സചേഞ്ച് വഴി നിയമിക്കണമെന്നാണ് ആവശ്യം. പി എസ് എസി വഴിയല്ലാത്ത നിയമനങ്ങൾ ഭരണ ഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ പുറത്താക്കപ്പെട്ടവരെ തിരിച്ചു കൊണ്ടു വരിക അസാധ്യമാകും. എപ്ലോയിമെന്റ് എക്‌സചേഞ്ച് വഴി താൽകാലികക്കാരെ നിയമിക്കാമെന്ന സൂചനയാണ് ഹൈക്കോടതി നൽകുന്നത്.

പിഎസ്‌സി നിയമനം പൂർത്തിയാകും വരെ തുടരാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് എംപാനൽ കണ്ടക്ടർമാർ സമർപ്പിച്ച ഹർജിയിലാണ് ഇന്ന് ഹൈക്കോടതി വിധി പറഞ്ഞത്. പിഎസ് സി നിയമനം വേണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ നിയമനം ലഭിച്ചത് 1472 പേർക്കായിരുന്നു. 2500 ഓളം ഒഴിവുകൾ ഇനിയും ഉണ്ട്. അതേസമയം പി.എസ്.സി പട്ടികയിൽനിന്ന് ആവശ്യത്തിനു ജീവനക്കാരെ കിട്ടിയില്ലെങ്കിൽ എം പാനലുകാരെ പരിഗണിക്കണമെന്നു പിരിച്ചുവിട്ട എംപാനൽ ജീവനക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. താൽകാലിക അടിസ്ഥാനത്തിൽ ഒരാൾക്ക് എങ്ങനെ ഒരു സ്ഥാപനത്തിൽ പതിനാല് കൊല്ലം ജോലി ചെയ്യാനാകുമെന്നാണ് ഹൈക്കോടതിയുടെ ചോദ്യം.

എംപാനലുകാരെ പിരിച്ചുവിട്ടതോടെ സർവീസ് ബുദ്ധിമുട്ടിലായെന്നു കെ.എസ്.ആർ.ടി.സി കോടതിയിൽ ബോധിപ്പിച്ചു. 4051 പേർക്ക് നിയമന ഉത്തരവ് അയച്ചു. നിയമന നടപടികൾ വ്യാഴാഴ്ച ആരംഭിച്ചിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കുന്നതിനു മൂന്നാഴ്ച സമയം വേണ്ടിവരുമെന്നും കെ.എസ്.ആർ.ടി.സി കോടതിയിൽ ബോധിപ്പിച്ചു. അവധിയിലുള്ള 800 സ്ഥിരം ജീവനക്കാരായ കണ്ടക്ടർമാരോട് ഉടൻ ജോലിക്കെത്താൻ നിർദ്ദേശം നൽകി. കൂടുതൽ സമയം ജോലിചെയ്യാനും സ്ഥിരം ജീവനക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മറ്റുവിഭാഗങ്ങളിലെ ജീവനക്കാർ കണ്ടക്ടർമാരായി പ്രവർത്തിക്കാൻ സമ്മതം പ്രകടിപ്പിച്ചാൽ അവർക്ക് ഒരു മാസത്തേക്ക് താൽക്കാലിക കണ്ടക്ടർ ലൈസൻസ് നൽകാൻ ജില്ലാ അധികൃതർക്ക് അനുമതി നൽകി. കൂട്ടപ്പിരിച്ചുവിടലിനെത്തുടർന്ന് ജീവനക്കാരുടെ ക്ഷാമത്താൽ അസാധാരണപ്രതിസന്ധിയാണ് കോർപറേഷനിലും സംസ്ഥാനത്തെ പൊതുഗതാഗതസംവിധാനത്തിലും.

കെ.എസ്.ആർ.ടി.സിയിലെ എണ്ണൂറോളം ജീവനക്കാർ ദീർഘകാല അവധിയെടുത്ത് മറ്റു ജോലികൾ ചെയ്യുന്നതായുള്ള മാധ്യമ റിപ്പോർട്ടുകളെക്കുറിച്ചു കോടതി നേരത്തെ ആരാഞ്ഞിരുന്നു. എംപാനലുകാരെ കോടതി വിധിയിലൂടെ പുറത്താക്കിയശേഷം ജോലിക്കെത്താൻ ആവശ്യപ്പെട്ട 4051 പി.എസ്.സി. ഉദ്യോഗാർഥികളിൽ ഇന്നലെ കെ.എസ്.ആർ.ടി.സി. ആസ്ഥാനത്ത് എത്തിയത് മൂന്നിലൊന്നുപേർ മാത്രമാണ്. ഇത് വലിയ പ്രതിസന്ധിയാണ്. ഈ സാഹചര്യത്തിൽ എം പാനലുകാരെ തിരിച്ചെടുക്കാൻ കെ എസ് ആർ ടി സി ശ്രമം തുടങ്ങിയത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ് കെ എസ് ആർ ടി സിക്ക് തിരിച്ചടിയാണ്.

ആവശ്യമുള്ള നിയമനങ്ങൾ എപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി നടത്താമെന്ന് ഹൈക്കോടതി അറിയിച്ചു. പി.എസ്.സി ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയും നേരത്തെ പിരിച്ചുവിട്ട എം.പാനൽ കണ്ടക്ടർമാർ നൽകിയ ഹർജിയും പരിഗണിക്കുന്നതിനിടെയാണ് കോടതി ഇതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പി.എസ്.സി വഴിയല്ലാതെയുള്ള നിയമനങ്ങൾ ഭരണഘടന വിരുദ്ധമാണെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കെ.എസ്.ആർ.ടിസിക്ക് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ എപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നിയമനം നടത്താമെന്ന് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.

അതേസമയം, നിയമം അനുശാസിക്കുന്നുണ്ടെങ്കിൽ സർക്കാർ പിരിച്ചുവിട്ട എം.പാനൽ കണ്ടക്ടർമാരെ നിയമിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പൂർണമായും അവരെ തിരിച്ചെടുക്കണമെന്ന് കോടതി അംഗീകരിക്കുന്നില്ല.