തിരുവനന്തപുരം: 10 വർഷത്തിലേറെ സർവീസുള്ള 1700 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു നിയമോപദേശം തേടി കെ.എസ്.ആർ.ടി.സി. പിഎസ്‌സിയിൽ നിന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും ജോലിക്കു കയറിയവരാണിവർ. കണ്ടക്ടർ, ഡ്രൈവർ തസ്തികയിലുള്ളവരെയാണു കൂടുതലും സ്ഥിരപ്പെടുത്തുക. 10 വർഷം സർവീസ് തികയാത്ത എംപാനൽ ജീവനക്കാരെ കെഎസ്ആർടിസി ആരംഭിക്കുന്ന സ്വിഫ്റ്റ് എന്ന കമ്പനിയിലേക്കു മാറ്റും. എക്സ്‌പ്രസ്, വോൾവോ, ജന്റം, ഡീലക്‌സ് തുടങ്ങിയ എ ക്ലാസ് ബസുകളുടെ സർവീസുകൾക്കായി തുടങ്ങുന്നതാണ് ഈ കമ്പനി.

ജീവനക്കാരുടെ പുനർ വിന്യാസത്തിനു നിർദേശങ്ങളും കെഎസ്ആർടിസി ബോർഡ് മുന്നോട്ടുവയ്ക്കുന്നു. അടുത്ത 4 വർഷത്തേക്കു പെൻഷൻ ഒഴിവുകൾ നികത്തില്ല. ഇതുവഴി 4 വർഷം കൊണ്ടു 4,081 തസ്തിക ഇല്ലാതാകും. 200 കോടി വായ്പ സർക്കാർ നൽകുകയാണെങ്കിൽ 2000 പേർക്കു വിആർഎസ് നൽകും.

പ്രധാന വർക്ഷോപ്പുകൾ ജില്ലാ ആസ്ഥാനത്തു മാത്രമാക്കും. അധികം വരുന്ന ജീവനക്കാരെ ശമ്പളം പുനഃക്രമീകരിച്ച് കണ്ടക്ടറും ഡ്രൈവറുമായി മാറ്റും. ക്ലറിക്കൽ ജീവനക്കാരെയും പ്രധാന ഡിപ്പോകളിലേക്കു മാത്രം വിന്യസിക്കും. ഇത്തരത്തിൽ പുനർവിന്യാസം ചെയ്തു 4 വർഷം കൊണ്ട് 29,000 ജീവനക്കാരിൽ നിന്ന് 22,000 ജീവനക്കാരാക്കി കുറയ്ക്കാനാകുമെന്നും ഇതുവഴി കെഎസ്ആർടിസിക്ക് പിടിച്ചു നിൽക്കാനാകുമെന്നുമാണു ബോർഡ് മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ.