തിരുവനന്തപുരം: താൽകാലികക്കാരെ നിയമിക്കുന്നതിന് എതിരാണ് ഹൈക്കോടതി. പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് ജോലി നൽകണമെന്നാണ് കോടതികൾ എപ്പോഴും പറയുന്നത്. എന്നാൽ ഇതൊന്നും സർക്കാർ കാര്യമായെടുക്കുന്നില്ല. ഭരണത്തിന് മാസങ്ങൾ മാത്രം ശേഷിക്കുമ്പോൾ വീണ്ടും താൽകാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ.

കെൽട്രോണിനു പിന്നാലെ സപ്ലൈകോയിലും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. 10 വർഷത്തിലേറെ ജോലി ചെയ്ത ദിവസവേതന, താൽക്കാലിക ജീവനക്കാരുടെ വിവരങ്ങൾ നൽകാൻ അഡീഷനൽ ജനറൽ മാനേജർ എല്ലാ ഡിവിഷൻ മേധാവികൾക്കും മേഖലാ മാനേജർമാർക്കും നിർദ്ദേശം നൽകി. നാലായിരത്തിലേറെ താൽക്കാലിക ജീവനക്കാരാണു സപ്ലൈകോ ഓഫിസുകളിലും ഔട്ട്‌ലെറ്റുകളിലുമായി ജോലി ചെയ്യുന്നത്. 10 വർഷത്തിൽ കൂടുതൽ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തു എന്ന കാരണം കൊണ്ടു മാത്രം സ്ഥിരപ്പെടുത്താനാകില്ലെന്ന സുപ്രീംകോടതി ഉത്തരവു മറികടന്നാണു സർക്കാർ നീക്കം. അതായത് കേരളത്തിൽ ഉടനീളം സ്ഥിരപ്പെടുത്തൽ മാമാങ്കം നടത്താനാണ് സർക്കാർ നീക്കം.

കെ എസ് ആർ ടി സിയിൽ നടപടിക്രമങ്ങൾ എല്ലാം പുരോഗമിക്കുകയാണ്. കെഎസ്ആർടിസിയിൽ എംപാനൽ ജീവനക്കാരെയും നേരത്തെ ഡ്യൂട്ടിയിൽ കാലാവധി തികച്ചവരെയും സ്ഥിരപ്പെടുത്തുന്നതിന് അടുത്തമാസം നടപടി തുടങ്ങും. 10 വർഷം തികച്ചവരും 240 ഡ്യൂട്ടി തികച്ചതുമായ 900 പേരെയും 10 വർഷം ജോലി ചെയ്തിട്ടുള്ള വർഷം 150 ഡ്യൂട്ടി തികച്ചതുമായ 1000 പേരെയുമാണ് സ്ഥിരപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ഇതിൽ ഏറെ പേരും രാഷ്ട്രീയ നിയമനത്തിലൂടെ ജോലിക്കെത്തിയവരാണ്. ഇവരെയാണ് സ്ഥിരപ്പെടുത്തുന്നത്. നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്കാണ് കെ എസ് ആർ ടി സിയുടെ ഓട്ടം. ഇതിനിടെയാണ് ഈ ശുപാർശ.

ഇവർ നേരത്തെ കോടതി ഉത്തരവിനെ തുടർന്നു പിരിച്ചുവിടപ്പെട്ടവരാണ്. സ്ഥിരപ്പെടുത്തണമെന്ന ശുപാർശ കെഎസ്ആർടിസി ബോർഡിൽ നിന്നു സർക്കാരിലേക്കു നൽകുന്ന മുറയ്ക്ക് നിയമനം നടത്തുന്നതിനാണ് ആലോചിക്കുന്നത്. ഇത് ആനവണ്ടിക്ക് വലിയ ബാധ്യതയായി മാറും. വിഷയം കോടതിക്ക് മുന്നിലെത്താനും സാധ്യത ഏറെയാണ്. 2013ൽ എംപാനൽ ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ ഏതാനും മാസത്തിന്റെ വ്യത്യാസത്തിൽ അവസരം നഷ്ടപ്പെട്ട 122 പേരെയും പരിഗണിക്കുന്നുണ്ട്.

കേന്ദ്രപദ്ധതിയിൽ ലഭിച്ച 719 വോൾവോ എസി ബസുകൾക്കായി രൂപീകരിച്ച കെയുആർടിസിയിൽ 1300 തസ്തിക സൃഷ്ടിക്കാനാണ് സർക്കാർ തീരുമാനം. ഇതുവഴിയാകും സ്ഥിരനിയമനത്തിന് വഴിയുണ്ടാക്കുക. കെയുആർടിസിയും നഷ്ടത്തിലാണ് ഓടുന്നത്. യോഗ്യതയുള്ളവരുടെ പട്ടിക അതത് ഡിപ്പോകളിൽ അയച്ചുകൊടുത്ത് അവിടെ നിന്നു ഡ്യൂട്ടി രേഖകളിൽ പരിശോധിച്ചുറപ്പിച്ചായിരിക്കും നിയമനം. മാനദണ്ഡങ്ങളിൽ പരാതിയുമായി നേരത്തെ ജോലി ചെയ്തവരും കെഎസ്ആർടിസിയെ സമീപിച്ചിട്ടുണ്ട്.

ശബരിമല പോലെ സീസണിൽ മാത്രം ജോലിചെയ്തു പോയവരും സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും സർക്കാർ ഇതിന് അനുകൂലമല്ല. ഈ നിയമനമെല്ലാം കോടതിയിൽ ചോദ്യം ചെയ്യാനുള്ള സാധ്യത ഏറെയാണ്. എന്നാൽ മാനുഷിക പരിഗണന ഉയർത്തി അതിനെ നേരിടാമെന്ന പ്രതീക്ഷയിലാണ് സർക്കാർ. സപ്ലൈകോയിലെ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയുടെ റാങ്ക് പട്ടികയിൽ ഉദ്യോഗാർഥികൾ നിയമനം കാത്തിരിക്കുമ്പോഴാണ് താൽകാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം. സാമ്പത്തിക പ്രതിസന്ധി മൂലം നിയമനം നൽകാനാകില്ലെന്നു പറയുമ്പോൾ തന്നെയാണു ഡിസ്‌പ്ലേ, പാക്കിങ് സ്റ്റാഫ് എന്നീ പേരുകളിൽ എടുത്തവരെ സ്ഥിരപ്പെടുത്തുന്നത്.

കെൽട്രോണിൽ 296 ജീവനക്കാരെ സ്ഥിരപ്പെടുത്തിയതു കൂടാതെ വ്യവസായ വകുപ്പിനു കീഴിലെ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് കമ്പനിയിലും 10 വർഷത്തിൽ കൂടുതൽ കാലം ജോലി ചെയ്ത ചിലരെ സ്ഥിരപ്പെടുത്തിയിരുന്നു.