- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടെത്തിയത് 100 കോടി 75ലക്ഷം രൂപയുടെ കുറവ്; കണക്ക് രേഖപ്പെടുത്തുന്നതിലെ പിഴവിന് പിന്നിൽ ആശക്കുഴപ്പം ഉണ്ടാക്കൽ; വെട്ടിപ്പ് നടന്നത് യുഡിഎഫ് ഭരണത്തിൽ; ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; കെ എസ് ആർ ടി സിയെ രക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് വീണ്ടും ബിജു പ്രഭാകർ
തിരുവനന്തപുരം: കെ എസ് ആർ ടി സിയെ രക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് രണ്ടും കൽപ്പിച്ച് ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സി.യെ നന്നാക്കാമെന്ന് ആത്മവിശ്വാസമുണ്ടെന്നും ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും കെ.എസ്.ആർ.ടി.സി എംഡി ബിജു പ്രഭാകർ വിശദീകരിച്ചു.. ആക്ഷേപിച്ചതുകൊണ്ടിട്ടുണ്ടെങ്കിൽ അത് കാട്ടുകള്ളന്മാർക്കാണ്. പ്രശ്നമുണ്ടാക്കാനല്ല, പ്രശ്നം പരിഹരിക്കാനാണ് ശ്രമമെന്നും കെ.എസ്.ആർ.ടി.സിയിൽ കുറച്ചു പേർ മാത്രമാണ് പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് ബിജു പ്രഭാകർ ഇക്കാര്യങ്ങൾ പങ്കുവെച്ചത്. കെഎസ് ആർടിസിയിലെ വിവാദങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമാണ് ഇനി നിർണ്ണായകം.
അതിനിടെ കെഎസ്ആർടിസിയുടെ നൂറ് കോടി രൂപയുടെ കണക്ക് അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് ധനകാര്യ വിഭാഗത്തിന്റെ പരിശോധന റിപ്പോർട്ടും പുറത്തു വന്നു. 2012-15 കാലഘട്ടത്തിലെ ധനവിനിയോഗത്തിലെ പരിശോധനാ റിപ്പോർട്ടിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ഈ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എംഡി ബിജു പ്രഭാകർ അക്കൗണ്ട് ഓഫീസർക്കെതിരേ നടപടി സ്വീകരിച്ചത്. ഇന്നലെ ബിജുപ്രഭാകർ ഉന്നയിച്ച പലകാര്യങ്ങളും ശരിവെക്കുന്ന ശുപാർശകളും കണ്ടെത്തലുകളുമാണ് റിപ്പോർട്ടിലുള്ളത്. ഈ റിപ്പോർട്ട പുറത്തു വന്നതിന് പിന്നാലെയണ് ഫെയ്‌സ് ബുക്കിലൂടെ ബിജു പ്രഭാകർ ജീവനക്കാരെ അഭിസംബോധന ചെയ്തത്. അതായത് ഇടതു സർക്കാരിന്റെ കാലത്തെ ക്രമക്കേടല്ല പുറത്തു വന്നതെന്നും ഇതോടെ വ്യക്തമാകുകയാണ്.
100 കോടി 75 ലക്ഷം രൂപയുടെ കുറവ് പരിശോധന റിപ്പോർട്ടിൽ കാണിക്കുന്നുണ്ട്. അക്കൗണ്ട് ഓഫീസറുൾപ്പെടെ ഉത്തരവാദിത്വപ്പെട്ട പോസ്റ്റുകളിലിരിക്കുന്ന ഓഫീസർമാരുടെ വീഴ്ചയാണ് കണക്ക് രേഖപ്പെടുത്തുന്നതിൽ പിഴവ് വരുത്തിയതെന്നാണ് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നത്. ബാങ്ക് , ട്രഷറി ഇടപാടുകളുടെ രേഖകൾ സൂക്ഷിച്ചിരുന്നില്ല. ഇതൊന്നും രേഖപ്പെടുത്താതെ മനപ്പൂർവ്വം ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് ധനകാര്യവകുപ്പ് പരിശോധനയിൽ കണ്ടെത്തിയത്. അന്വേഷണം നടത്തണമെന്ന ശുപാർശയോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്. ഈ റിപ്പോർട്ട് വിജിലൻസ് അന്വേഷണത്തിന് കൈമാറാൻ സാധ്യത ഏറെയാണ്.
പ്രസ്തുത റിപ്പോർട്ടിന്റെ ഭാഗമായി അക്കൗണ്ട്സ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന ശ്രീകുമാറിനെ എറണാകുളത്തെ സോണൽ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. ഇതിൽ ബിജുപ്രഭാകറിനെതിരേ പ്രതിഷേധവും ഉയർന്നിരുന്നു. ശ്രീകുമാറിനു പുറമെ മറ്റാളുകൾ തത്സ്ഥാനങ്ങളിൽ നിന്ന് വിരമിച്ചിട്ടുണ്ട്. ഇവർക്കെതിരേ ആഭ്യന്തര തലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ധന്യകാര്യ റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. അതേസമയം ബിജുപ്രഭാകറിന്റെ നടപടികൾക്കെതിരേ യൂണിയനുകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഐഎൻടിയുസി വലിയ പ്രതിഷേധത്തിലാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ നിലപാട് ഇനി നിർണ്ണായകമാകും.
മുമ്പ് ഡിജിപിയായ ടോമിൻ തച്ചങ്കരി കെഎസ് ആർടിസി എംഡിയായിരുന്നു. അന്ന് വമ്പൻ പരിഷ്‌കാരങ്ങൾ നടത്തി. എന്നാൽ തൊഴിലാളി യൂണിയനുകൾ പിണറായിയെ സ്വാധീനിച്ച് തച്ചങ്കരിയെ മാറ്റി. അത് വീണ്ടും നടക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അതിനിടെയാണ് കെ.എസ്.ആർ.ടി.സി നന്നാക്കാം എന്ന് പ്രതീക്ഷയുണ്ടെന്നും താൻ സ്നേഹിക്കുന്ന സ്ഥാപനമാണിതെന്നും ബിജു പ്രഭാകർ പ്രതികരിച്ചത്. ഉപഭോക്താക്കൾ ആദ്യം എന്നതല്ല, ജീവനക്കാർക്ക് മുൻഗണന എന്നതാണ് തന്റെ നയം. ശമ്പള പരിഷ്‌കരണം നടക്കാത്ത സാഹചര്യത്തിൽ ഏതെങ്കിലും ജീവനക്കാർ ജനങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അവരുടെ ജീവിത സാഹചര്യങ്ങൾ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ജപ്തി നേരിടുന്ന ഒരു ഡ്രൈവർ എങ്ങനെ മന:സമാധാനമായി വണ്ടി ഓടിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ജീവനക്കാർ സന്തുഷ്ടരായി ഇരുന്നാൽ മാത്രമേ സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. ഇങ്ങനെ ഒരു സാഹചര്യത്തിൽ ജീവനക്കാരെ ഒന്നടങ്കം ആക്ഷേപിക്കുമെന്ന് ആർക്കെങ്കിലും കരുതാനാകുമോ. ഞാൻ ആക്ഷേപിച്ചത് ആർക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കിൽ അത് കാട്ടുകള്ളന്മാർക്കാണ്. അവരായിരിക്കാം ആക്ഷേപിച്ചു എന്ന് മാധ്യമങ്ങളിൽ വിളിച്ചുപറഞ്ഞതെന്നും ബിജു പ്രഭാകർ പറഞ്ഞു. അതിനിടെ ബിജു പ്രഭാകറിനെതിരെ തൊഴിലാളി സംഘടനകൾ ഒരുമിക്കുകയാണ്. ബിജുവിനെ മാറ്റാനുള്ള സർമ്മർദ്ദം സർക്കാരിൽ ചെലുത്താനാണ് നീക്കം.
ഇന്നലെ ബിജു പ്രഭാകർ നടത്തി വാർത്താ സമ്മേളനമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ജീവനക്കാർ പലവിധത്തിൽ തട്ടിപ്പ് നടത്തി കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാർ മറ്റു ജോലികളിൽ ഏർപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ജീവനക്കാർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. കെ.എസ്.ആർ.ടി.സി. നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇത് മറികടക്കുന്നതിനായി നടത്തിയ പഠനത്തിൽനിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ച കണ്ടെത്തിയതെന്ന് ബിജു പ്രഭാകർ പറഞ്ഞു. ആരെയും പിരിച്ചുവിടുക എന്നത് സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും നയമല്ല. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അതിനിടെയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ ക്രമക്കേട് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വലിയ ശമ്പളം പറ്റിക്കൊണ്ട് സ്ഥിരം ജീവനക്കാർ മറ്റു പല ജോലികളിലും ഏർപ്പെടുന്നു. പലരും ഇഞ്ചിയും കാപ്പിയും കൃഷിചെയ്യുന്നു, ചിലർ ട്യൂഷനെടുക്കുന്നു. പല ഡിപ്പോകളിലും എംപാനൽ ജീവനക്കാരാണ് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നു. വർക്ക് ഷോപ്പുകളിൽ സാധനങ്ങൾ വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്നും ബിജു പ്രഭാകർ പറഞ്ഞു. ദീർഘദൂര സ്വകാര്യ ബസുകളെ സഹായിക്കുന്നതിനായി ഒരുവിഭാഗം ജീവനക്കാർ ശ്രമിക്കുന്നു. ഇന്ധനം കടത്തി പണം സമ്പാദിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. പല ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലത്തിൽ വണ്ടികൾ സ്വന്തം ക്രഡിറ്റിനുവേണ്ടി ഉപയോഗിക്കുന്നുന്നുണ്ടെന്നും കെഎസ്ആർടിസി എംഡി ആരോപിച്ചു.
പോക്സോ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരിച്ചെടുത്ത വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം ഷറഫിനെതിരെയും നടപടി സ്വീകരിക്കുമെന്നും എം.ഡി. പറഞ്ഞു. നിലവിൽ 7000ൽ അധികം ജീവനക്കാർ അധികമുണ്ട്. ഘട്ടംഘട്ടമായി മൂന്നോ നാലോ വർഷംകൊണ്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. മുഴുവൻ പ്രവർത്തനങ്ങളും കമ്പ്യൂട്ടറൈസ് ചെയ്ത് കോർപറേഷനെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ