കോതമംഗലം: പാഞ്ഞത് അമിതവേഗതയിൽ. അപ്രതീക്ഷിത ആഘാതങ്ങളിൽ പിന്നിലിരുന്ന യാത്രക്കാർ മുകളിലേയ്ക്ക് പറന്നുയർന്നത് പലതവണ. പരിധിക്കപ്പുറമുള്ള ആടിയുലയൽ സൃഷ്ടിച്ചത് അപകട ഭീതിയുടെ നിറവ്.ഡിപ്പോകളിൽ കയറാതെയുള്ള കത്തിച്ചുവിടൽ ഡ്രൈവറുടെ കിളിപോയോ എന്ന ചിന്തയ്ക്കും കാരണമായി.

യാത്രക്കാരനെ ഇറക്കാൻ ബസ്സ് തിരിച്ചോടിച്ചത് കണ്ടക്ടറുടെ ഇടപെടലിൽ. ഇന്നലെ തിരുവനന്തപുരത്തുനിന്നും മാട്ടുപ്പെട്ടിക്ക് തിരിച്ച് കെ എസ് ആർ ടി സി ബസ്സിലെ യാത്ര അനുഭവം ഇങ്ങനെ ആയിരുന്നു. രാത്രി 10.30 തോടെയാണ്് തമ്പാനൂർ സ്റ്റാന്റിൽ നിന്നും ആർ പി കെ 49 എന്ന നമ്പറിലുള്ള സൂപ്പർഫാസ്റ്റ് ബസ്സ് പുറപ്പെട്ടത്. ഒട്ടുമുക്കാൽ സീറ്റുകളും റിസർവ്വ് ചെയ്യപ്പെട്ടിരുന്നു. പുറമെ നിരവധി യാത്രക്കാർ കൂടി കയറിയതോടെ ബസ്സിൽ സീറ്റുകൾ നിറയുകയും ഏതാനുംപേർ നിന്ന് യാത്രചെയ്യേണ്ട സാഹചര്യവും സംജാതമായി.

സാമാന്യം ഭേദപ്പെട്ട വേഗതയിലാണ് യാത്ര ആരംഭിച്ചത്. വളവും തിരിവുമൊക്കെ വരുമ്പോൾ ബസ്സാകെ ആടിയുലാഞ്ഞാണ് മുന്നോട്ടുപോയിരുന്നത്. താമസിയാതെ ചുരുക്കം ചിലരൊഴികെ യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കമായി. ഇടയിൽ വലിയ ശബ്ദത്തിൽ വാഹനം ഉയർന്നു പൊങ്ങിയപ്പോഴാണ് യാത്രക്കാരിൽ ഒരുവിഭാഗം ഉറക്കം വിട്ടത്.

ഗട്ടറുകളിൽ ചാടയപ്പോഴോ ഹമ്പുകൾ ഉള്ളപ്രദേശങ്ങളിൽ വേഗതകുറയ്ക്കാതെയോ കടന്നുപോയപ്പോഴായരിക്കാം ബസ്സിന് ആഘാതമുണ്ടായതെന്നാണ് കരുതപ്പെടുന്നത്. ആഘാതം മൂലം പുറകിലെ സീറ്റുകളിൽ യാത്രചെയ്തിരുന്ന യാത്രക്കാർ ഇരിപ്പിടത്തിൽ നിന്നും മുകളകളിലേയ്ക്ക് തെറിച്ചതോടെ അകെ പരിഭ്രാന്തിയായി. ഏതാനും നിമിഷത്തിന് ശേഷമാണ് ഇവിരിൽ ചിലർക്ക് സ്ഥലകാല ബോധം തന്നെ വീണ്ടുകിട്ടിയത്.

തുടർന്ന് യാത്രക്കാർ പ്രതിഷേധം അറിയിക്കുകയും കണ്ടക്ടർ മുന്നിൽച്ചെന്ന് ഡ്രൈവറെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പിന്നീട് മുന്നോട്ടുള്ള യാത്രയിൽ കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. പുലർച്ചെ 4 മണിയോടടുത്ത് കോതമംഗലത്തെത്തിയപ്പോൾ ഡിപ്പോയിൽക്കയറാതെ ബസ്സ് മുന്നോട്ടുപോയത് വീണ്ടും ആശയക്കുഴപ്പിന് കാരണമായി.

സ്റ്റാന്റിൽ ഇറങ്ങേണ്ടിയിരുന്ന യാത്രക്കാരൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് കണ്ടക്ടർക്ക് കാര്യം പിടികിട്ടുന്നത്. കൂത്താട്ടുകുളം ഡിപ്പോയിൽ കയറാതെ ബസ്സ് മുന്നോട്ടുപോന്നതിന്റെ വിഷമം ഈ സമയം കണ്ടക്ടർ ഈ യാത്രക്കാരനോട് പങ്കുവയിക്കുകയും ചെയ്തു. തുടർന്ന് ഡ്രൈവറോട് വാഹനം ഡിപ്പോയിലേയ്ക്ക് തിരിച്ചുവിടാൻ കണ്ടക്ടർ ആവശ്യപ്പെട്ടു.

ശോഭനപ്പടിയിൽ നിന്നും ബസ്സതിരിച്ച് ഡിപ്പോയിൽ എത്തിയിപ്പോൾ ഡ്രൈവറുടെ അശ്രദ്ധ വീണ്ടും പ്രകടമായി. നേരെ സ്റ്റാന്റിനുള്ളിലേയ്ക്ക് കയറേണ്ടതിന് പകരം വശത്ത് ബസ്സുകൾ പാർക്കുചെയ്തിരുന്ന മിനിസിവിൽ സ്റ്റേഷനടുത്തേയ്ക്കാണ് ഡ്രൈവർ ബസ്സ് ഓടിച്ചുപോയത്. തുടർന്ന് ബെല്ലടിച്ച് കണ്ടക്ടർ ബസ്സ് നിർത്തുകയും മുന്നിലെത്തി ഡ്രൈവറോട് വാഹനം പിന്നോട്ടെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.

വളരെ വർഷങ്ങളായി ഇതുവഴി വാഹനമോടിച്ചിരുന്ന ഡ്രൈവറുടെ തുടർച്ചയായ അശ്രദ്ധ യാത്രക്കാർക്കൊപ്പം കണ്ടക്ടറെയും അസ്വസ്ഥനാക്കിയിരുന്നെന്നാണ് സൂചന. കോതമംഗലത്ത് ഡിപ്പോയിൽ അൽപ്പസമയം നിർത്തിയിട്ട് കണ്ടക്ടറും ഡ്രൈവറും തമ്മിൽ ആശയവിനിമയം നടന്നെന്നും പിന്നീടുള്ള യാത്രയിൽ പിഴവുകൾ ആവർത്തിച്ചില്ലന്നുമാണ് ലഭ്യമായ വിവരം.