തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് കൂടി പരിഗണിച്ച് പിരിച്ചുവിട്ട എംപാനൽ ജീവനക്കാർക്കു പുനർ നിയമനം നൽകുന്നതിന് 8000 പേരുടെ പട്ടിക കെഎസ്ആർടിസി തയാറാക്കുന്നു. ഇതോടെ കെ എസ് ആർ ടി സിയിൽ പി എസ് സി നിയമനത്തിനായുള്ള സാധ്യത അടയും. രാഷ്ട്രീയ നിയമനങ്ങളാണ് എം പാനൽ കാറ്റഗറിയിൽ നടക്കാറുള്ളത്.

ഭരണകക്ഷി യൂണിയന്റെ നേതൃത്വത്തിൽ അനർഹരെ ഈ പട്ടികയിൽ തിരുകിക്കയറ്റുന്നതായി വ്യാപക പരാതിയും ഉയർന്നു. 10 വർഷം സർവീസും 120 ഡ്യൂട്ടിയുമുള്ളവരുടെ പട്ടികയാണ് ഡിപ്പോകളിൽ തയാറാക്കുന്നത്. ഇതിൽ ഡ്യൂട്ടി തികയാത്ത സ്വന്തക്കാരെയും തിരുകിക്കയറ്റുന്നുവെന്നാണ് മറ്റു യൂണിയനുകളുടെ പരാതി. ഇത് വിവാദമായി മാറും. ഇതിനൊപ്പമാണ് പി എസ് സി നിയമന സാധ്യതയും അടയുന്നത്.

തിരിച്ചെടുക്കുന്നവരെ എവിടെ നിയമിക്കുമെന്നതിലും ആശയക്കുഴപ്പമുണ്ട്. പുതുതായി രൂപീകരിക്കുന്ന സ്വിഫ്റ്റ് കമ്പനിയിൽ എടുക്കാമെന്നായിരുന്നു തിരഞ്ഞെടുപ്പിനു മുൻപ് വാഗ്ദാനമെങ്കിലും സ്വിഫ്റ്റിൽ താൽക്കാലിക നിയമനം മാത്രമേയുള്ളുവെന്നാണ് സർക്കാർ തീരുമാനം. അതുകൊണ്ട് ഇവരെ കെ എസ് ആർ ടി സിയുടെ ഡിപ്പോകളിൽ നിയമിക്കും. സിഫ്റ്റിലും പിൻവാതിൽ നിയമനങ്ങളാകും നടത്തുക.

400 ദീർഘദൂര സർവീസുകൾ നടത്താനുദ്ദേശിക്കുന്ന സ്വിഫ്റ്റിന് ആകെ വേണ്ടത് 1238 ജീവനക്കാരാണ്. ഇവരെ 680 രൂപ ദിവസവേതനത്തിനു നിയമിക്കുകയും പിഎഫും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നുമാണ് സ്വിഫ്റ്റ് രൂപീകരിച്ചപ്പോഴുള്ള വ്യവസ്ഥ. പി എസ് സിയേയും എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളേയും ഒഴിവാക്കിയാകും ഇവിടേയും നിയമനം.

പിഎസ്‌സി റാങ്കുപട്ടികയിലുള്ളവർ നൽകിയ കേസിൽ സുപ്രീംകോടതിയുടെ വരെ നിർദേശപ്രകാരമാണ് എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടത്. ഇവരെ മറ്റു രീതിയിൽ തിരിച്ചെടുക്കരുതെന്നുമായിരുന്നു കോടതി നിർദ്ദേശം. ഇതാണ് സർക്കാർ അട്ടിമറിക്കുന്നത്. ഇത് നിയമ പോരാട്ടതിന് വഴിവയ്ക്കും.

സ്വിഫ്റ്റ് രൂപീകരണത്തിനെതിരെ ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്. പിഎസ്‌സി റാങ്കുപട്ടികയിൽപെട്ടവർ ഈ കേസിലും ഉൾപ്പെട്ടിട്ടുള്ളതിനാൽ പിരിച്ചുവിട്ടവരെ സ്വിഫ്റ്റിൽ നിയമിക്കാനുള്ള ശ്രമവും വിവാദമാകും.