- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവശ്യത്തിന് കമ്പി ഉപയോഗിക്കാത്ത 20 ശതമാനം തൂണുകൾ; ആലിഫക്കാർക്ക് കരാർ കൊടുത്ത ശേഷം ഐഐടി കണ്ടെത്തൽ വന്നതിലും ദുരൂഹത; ഇനി തൂണുകൾക്ക് ചുറ്റും കോൺക്രീറ്റ് ചെയ്തുള്ള ബലപ്പെടുത്തൽ; കോഴിക്കോട് കെ എസ് ആർ ടി സിക്ക് പുതിയ സ്റ്റാൻഡ് ഇനി വേണ്ടി വരും; പഞ്ചവടിപ്പാലവും പാലാരിവട്ടവും വീണ്ടും ചർച്ചയിൽ
കോഴിക്കോട് : മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനൽ നിർമ്മാണ ചെലവ് സർക്കാർ തന്നെ വഹിക്കും. ഈ ടെർമിനൽ ഇനിയും ഉപയോഗിക്കണമെങ്കിൽ 30 കോടി രൂപകൂടി മുടക്കണം. 74.63 കോടി രൂപ ചെലവിൽ നിർമ്മിച്ച 10 നിലയുള്ള ഇരട്ട ടെർമിനലിന്റെ ബലക്ഷയം പരിഹരിക്കാതെ അവിടെ ബസ് സർവീസ് പോലും നടത്താൻ കഴിയില്ലെന്നാണ് ചെന്നൈ ഐ.ഐ.ടി. സംഘത്തിന്റെ പഠനറിപ്പോർട്ട്. ഇതോടെയാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ. ടെർമിനൽ വാടകയ്‌ക്കെടുത്ത സ്വകാര്യകമ്പനിക്ക് ഒന്നരവർഷത്തോളം വാടക സർക്കാർ ഒഴിവാക്കി കൊടുത്തു. കെട്ടിടത്തിൽ പണികൾ ബാക്കിയുണ്ടെന്നും അത് ചെയ്യാൻ വേണ്ടിയാണ് ഇളവ് അനുവദിച്ചതെന്നും സർക്കാർ വിശദീകരിക്കുന്നു.
ടെർമിനലിൽ ആവശ്യത്തിന് കമ്പി ഉപയോഗിക്കാതെയാണ് 20 ശതമാനം തൂണുകളും നിർമ്മിച്ചത്. അതുകൊണ്ട് അറ്റകുറ്റപ്പണിനടത്തി ബലപ്പെടുത്താൻ ടെർമിനൽ ആറുമാസം അടച്ചിട്ട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലേക്ക് ബസ് സർവീസ് മാറ്റാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് യോഗം വിളിക്കാൻ കളക്ടർക്ക് ഗതാഗതവകുപ്പ് നിർദ്ദേശം നൽകി. കൊച്ചിയിലെ പാലാരിവട്ടം പാലത്തിന്റെ ഗതി ടെർമിനലിന് വരുമോയെന്ന ആശങ്ക സജീവമാണ്. ടെർമിനലിന്റെ തൂണിന് ബലക്ഷയം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പരിശോധന നടത്തിയതും പ്രശ്‌നം കണ്ടെത്തിയതും. ഈ സാഹചര്യത്തിലാണ് ബസ് സർവ്വീസ് മാറ്റുന്നത്.
പാർക്കിങ്ങും അറ്റകുറ്റപ്പണിയും നടക്കാവിലെ റീജണൽ ഷോപ്പിലേക്ക് മാറ്റും. അലിഫ് ബിൽഡേഴ്‌സാണ് കെട്ടിടം വാടകയ്ക്ക് എടുത്തിരിക്കുന്നത്. അവരെ വിശ്വാസത്തിൽ എടുത്താകും നിർമ്മാണം. ടെർമിനൽ നിർമ്മാണത്തിലെ അപാകതയെകുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിർമ്മാണത്തിന് മേൽനോട്ടംവഹിച്ച ചീഫ് എൻജിനിയറെയും രൂപകല്പനചെയ്ത ആർക്കിടെക്ടിനെയും അന്വേഷണപരിധിയിൽ കൊണ്ടുവരും. നിർമ്മാണ കമ്പനിക്ക് മുഴുവൻ പണം കൊടുത്തിട്ടില്ല. ഇതു സംബന്ധിച്ച കേസ് നടക്കുകയാണ്. അവർക്കെതിരേയും അന്വേഷണം വരും. 2015-ൽ ഉദ്ഘാടനംചെയ്ത ടെർമിനൽ ഓഗസ്റ്റിലാണ് 17 കോടിയുടെ നിക്ഷേപത്തിനും പ്രതിമാസം 43 ലക്ഷം വാടകയ്ക്കുമായി അലിഫ് ബിൽഡേഴ്‌സിന് കൈമാറിയത്.
അലിഫ് ബിൽഡേഴ്‌സിൽനിന്ന് വാങ്ങിയ 17 കോടിക്കുപുറമേ 13 കോടികൂടി കെട്ടിടം ബലപ്പെടുത്താൻ കെ.ടി.ഡി.എഫ്.സി. മുടക്കണം. നിക്ഷേപവും സ്റ്റാമ്പ് ഡ്യൂട്ടിയും ഉൾപ്പെടെ 21 കോടി മുടക്കിയ കമ്പനിയും പ്രതിസന്ധിയിലായിരിക്കുകയാണ്. കെട്ടിടത്തിന് ഘടനയിൽ ചില മാറ്റങ്ങൾ വരുത്തി ആകർഷകമാക്കാൻ അലിഫ് ഒരു ആർക്കിടെക്റ്റിനെ നിയോഗിച്ചിരുന്നു. ബലപ്പെടുത്തൽ കഴിഞ്ഞശേഷമേ അവർക്കും നവീകരണം തുടങ്ങാൻ കഴിയുള്ളൂ. തൂണുകൾക്ക് ചുറ്റും കോൺക്രീറ്റ് ചെയ്തു ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
അപ്പോൾ തൂണുകൾക്ക് വീതി കൂടും. ഇത് ഭാവിയിൽ ബസ് സർവീസിന്റെ സൗകര്യത്തെ ബാധിക്കുമെന്ന് കെ.എസ്.ആർ.ടി.സി. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകർ പറഞ്ഞു.ടെർമിനൽ രൂപകല്പന ചെയ്തതുതന്നെ ബസ് സർവീസിന് പ്രാധാന്യം നൽകാതെയാണ്. അതിനുപുറമേയാണ് നിർമ്മാണത്തിൽ വ്യാപകക്രമക്കേടുണ്ടെന്ന കണ്ടെത്തൽ. അതായത് ഭാവിയിൽ ഈ ബസ് ടെർമിനൽ കെ എസ് ആർ ടി സിക്ക് ഉപയോഗിക്കാൻ കഴിയാതെ വരും.
കുറഞ്ഞ വാടകയ്ക്കാണ് കെട്ടിടം കൊടുത്തതെന്ന ആക്ഷേപമുണ്ട്. ഇതിന് പിന്നാലെ ഒന്നരവർഷത്തെ വാടക ഒഴിവാക്കികൊടുത്തതിലും കരാർ കൊടുത്തശേഷം ഐഎ.ടിയുടെ റിപ്പോർട്ട് വന്നതിലും ദുരൂഹതയുണ്ടെന്നാണ് പ്രതിപക്ഷയൂണിയന്റ ആക്ഷേപം. അറ്റകുറ്റപ്പണി സമയത്ത് ബസ് സ്റ്റാന്റ് രണ്ട് കിലോമീറ്റർ അകലെ ജനങ്ങളെത്താത്ത സ്ഥലത്തേക്ക് മാറ്റുന്നത് യാത്രക്കാരെ കെ.എസ്ആർ.ടി.സിയിൽ നിന്ന ് അകറ്റുമെന്നും യൂണിയനുകൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ