തിരുവനന്തപുരം: കെഎസ്ആർടിസി തൊഴിലാളികളുടെ സൂചന പണിമുടക്ക് തുടങ്ങി. ശമ്പള വർധനവ് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ പണിമുടക്കുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭരണപക്ഷ യൂണിയനായ എംപ്ലോയീസ് അസോസിയേഷനും ബിഎംഎസ് എംപ്ലോയീസ് സംഘും പണിമുടക്കിൽ പങ്കാളികളാണ്. വ്യാഴാഴ്ച അർധരാത്രി മുതൽ 24 മണിക്കൂറാണ് പണിമുടക്ക്.

കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ്., അഞ്ച്, ആറ് ദിവസങ്ങളിലും, കെ.എസ്.ആർ.ടി.ഇ.എ., ബി.എം.എസ്. എന്നിവ അഞ്ചിനും സമരനോട്ടീസ് നൽകിയിട്ടുണ്ട്. ഇടത് വലത്, ബി.എം.എസ് യൂണിയനുകൾ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാൽ ബസ് സർവീസ് പൂർണമായും തടസ്സപ്പെട്ടു. എന്നാൽ സമരത്തെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. കെ എസ് ആർ ടി സി വലിയ പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ സമരം കെ എസ് ആർ ടി സിക്ക് വലിയ തിരിച്ചടിയാണ്.

ജോലിക്ക് ഹാജരാകാത്തവരുടെ പണിമുടക്ക് ദിവസത്തെ വേതനം ഇവരുടെ ശമ്പളത്തിൽ നിന്ന് പിടിക്കും. പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യ സർവീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളപരിഷ്‌കരണത്തിൽ സമവായം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് ബുധനാഴ്ചത്തെ ചർച്ച പരാജയപ്പെട്ടത്.

ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ പണിമുടക്കിയതോടെ കെഎസ്ആർടിസി സർവ്വീസുകൾ പൂർണമായി നിലച്ചിരിക്കുകയാണ്. കെഎസ്ആർടിസിയിലെ ശമ്പള പരിഷ്‌കരണ കരാറിന്റെ കാലാവധി 2016 ഫെബ്രുവരിയിൽ അവസാനിച്ചതാണ്. 5 വർഷം പിന്നിടുമ്പോഴും ശമ്പളപരിഷ്‌കരണം വാക്കിലൊതുങ്ങുകയാണെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തൽ. ജൂൺ മാസത്തിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് തുടങ്ങിയതെന്ന് ട്രേഡ് യൂണിയനുകൾ അറിയിച്ചു.

എന്നാൽ ജീവനക്കാരുടെ ആവശ്യങ്ങൾ തള്ളിയിട്ടില്ലെന്ന് ഗതാഗതമന്ത്രി പറയുന്നത്. ശമ്പള പരിഷ്‌കരണം സർക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും. ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ സാവകാശം തേടിയപ്പോൾ സർക്കാരിനെ മുൾമുനയിൽ നിർത്തി പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി കുറ്റപ്പെടുത്തി.