കൊച്ചി: കെഎസ്ആർടിസി ലാഭകരമാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് എംഡി ബിജു പ്രഭാകർ. ഇടക്കിടെ തൊഴിലാളികൾ നടത്തുന്ന സമരമാണ് പലപ്പോഴും കോർപ്പറേഷന് തിരിച്ചടിയായത്. എന്നാൽ പുതുവർഷത്തിൽ തുടക്കത്തിൽ കോർപ്പറേഷന് കുറച്ച് ആശ്വാസകരമായ വാർത്തകളാണ് പുറത്തുവന്നത്. പുതുവർഷത്തിന്റെ മൂന്നാം ദിനത്തിൽ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച നേട്ടമാണ് കൈവരിക്കാൻ സാധിച്ചത്.

തിങ്കളാഴ്ച സർവീസുകളിലൂടെ ആറ് കോടിയിലധികം രൂപയാണ് കെ.എസ്.ആർ.ടി.സി.ക്ക് ലഭിച്ചത്. കോവിഡ് കാലഘട്ടത്തിൽ സർവീസിൽനിന്നു മാത്രം ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. ക്രിസ്മസ് - പുതുവത്സര അവധിക്കു ശേഷം വന്ന ആദ്യ തിങ്കളാഴ്ച ആയതിനാലാണ് ഇത്രയും ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. കൂടാതെ ശബരിമല - പമ്പ പ്രത്യേക സർവീസിൽനിന്ന് കെ.എസ്.ആർ.ടി.സി.ക്ക് നല്ല വരുമാനമുണ്ട്.

സൗത്ത് സോണിൽനിന്ന് 2,65,39,584 രൂപയും നോർത്ത് സോണിൽനിന്ന് 1,50,23,872 രൂപയും സെൻട്രൽ സോണിൽനിന്ന് 2,02,62,092 രൂപയുമാണ് കെ.എസ്.ആർ.ടി.സി. തിങ്കളാഴ്ച നേടിയത്. കോവിഡ് ലോക്ഡൗണിനു മുൻപ് എട്ട് കോടിയിലധികം രൂപ അവധിക്കു ശേഷമുള്ള ദിവസങ്ങളിൽ ലഭിച്ചിരുന്നതാണ്.

നിലയ്ക്കൽ - പമ്പ സർവീസിൽനിന്ന് നല്ല വരുമാനം കെ.എസ്.ആർ.ടി.സി.ക്ക് ലഭിക്കുന്നുണ്ട്. തിരക്ക് വരുന്നതിനനുസരിച്ച് പ്രോട്ടോക്കോൾ പാലിച്ച് കൃത്യമായ സർവീസും ഇവിടെ നിന്ന് നടത്തുന്നുണ്ടെന്ന് നിലയ്ക്കൽ അസിസ്റ്റന്റ് സ്‌പെഷ്യൽ ഓഫീസർ പറഞ്ഞു.

ചെങ്ങന്നൂർ, കുമളി, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽനിന്നായി പമ്പയിലേക്ക് പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. തിരക്ക് അനുസരിച്ച് സർവീസുകളുടെ എണ്ണവും വർധിപ്പിക്കാറുണ്ട്. മകര വിളക്കിനോടനുബന്ധിച്ച് കൂടുതൽ സർവീസ് നടത്തും. 5800 ബസുകളോടിയിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 3000 ബസുകളാണ് സർവീസ് നടത്തുന്നത്. തിരക്കുള്ള ദിവസങ്ങളിൽ അഞ്ഞൂറോളം ബസുകൾ അധിക സർവീസ് നടത്താറുണ്ട്.