- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ ആനവണ്ടിയിൽ സുരക്ഷിതമായി രാപാർക്കാൻ സൗകര്യം ഒരുക്കി; ടൂറിസത്തിലൂടെ നേട്ടത്തിന്റെ സാധ്യത കണ്ടെത്തിയ മാസ്റ്റർ ബ്രെയിൻ; മൂന്നാറിൽ കെ എസ് ആർ ടി സിക്ക് കരുത്ത് പകർന്ന് സേവി ജോർജ് സർവ്വീസിൽ നിന്ന് പടിയിറങ്ങുമ്പോൾ
മൂന്നാർ:ലോകപ്രശ്സതവും കിഴക്കിന്റെ കശ്മീർ എന്നറിയപ്പെടുന്നതുമായ മുന്നാറിലെ മനംമയക്കും പ്രകൃതി ദൃശ്യങ്ങൾ വിനോദ സഞ്ചാരികൾക്ക് ആനവണ്ടി യാത്രയിലൂടെ കണ്ട് ആസ്വദിക്കാൻ അവസരം ഒരുക്കിയ കെ എസ് ആർ ടി സി യുടെ 'മാസ്റ്റർ ബ്രെയിൻ' സേവി ജോർജ് ഇന്ന് സർവ്വീസിൽ നിന്നും പടിയിറങ്ങുന്നു.
31 വർഷത്തെ സേവനത്തിന് ശേഷമാണ് കോതമംഗലം, കുത്തുകുഴി തഴുത്തേടത്ത് വീട്ടിൽ സേവി ജോർജ് ഇന്ന് സർവ്വീസിൽ നിന്നും വിരമിക്കുന്നത്. ഇതിൽ 23 വർഷത്തിലേറെയും സേവി ജോലി ചെയ്തത് മൂന്നാറിലാണ്. കെ എസ് ആർ ടി സി യുടെ വരുമാനം കൂട്ടാനുള്ള വഴികൾ നിർദ്ദേശിക്കാൻ ഇപ്പോഴത്തെ എം ഡി ബിജു പ്രഭാകർ ജീവനക്കാരോട് കൂടിക്കാഴ്ചയിൽ ആവശ്യപ്പെടുക പതിവായിരുന്നു. തനിക്ക് അവസരം ലഭിച്ചപ്പോൾ ടൂറിസത്തിലൂടെ വരുമാനം കണ്ടെത്താൻ കഴിയുമെന്ന് സേവി എം ഡി യെ ധരിപ്പിച്ചു. എങ്കിൽ വിശദവിവരങ്ങൾ നൽകു..എന്നായി എം.ഡി.
സേവി തലസ്ഥാനത്തുനിന്നും മൂന്നാറിൽ എത്തി ഏതാണ്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈ നിർദ്ദേശത്തിന് ഉന്നതലത്തിൽ അംഗീകാരവുമായി. ഇന്ന് സേവിയുടെ ബുദ്ധിയിൽ ഉടലെടുത്ത ഈ പദ്ധതിയിൽ ദിവസേന നല്ലൊരുതുക കെ എസ് ആർ ടി സി യ്ക്ക് ലഭിക്കുന്നുണ്ട്. ഇത് ഇനിയും വർദ്ധിക്കുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. നിലവിൽ മൂന്നാർ കെ എസ് ആർ ടി സി സ്റ്റേഷൻ ഇൻസ്പെക്ടറാണ് സേവി ജോർജ്. പ്രധാന നഗരങ്ങളിൽ കെഎ എസ് ആർടിസിയുടെ ഭൂമിയിൽ നിന്ന് എങ്ങനെ അധികവരുമാനം ഉണ്ടാക്കാമെന്ന് എം ഡി ബിജു പ്രഭാകറിന്റെ ചോദ്യമാണ് കെഎസ്ആർടിസിയെയും ടൂറിസത്തെയും ബന്ധപ്പെടുത്തി വരുമാനം വർദ്ധിപ്പിക്കാൻ കഴിയുമോ എന്ന സേവിയുടെ ചിന്തകൾക്ക് വഴിതുറന്നത്.
ഒട്ടും സമയം കളയാതെ തന്റെ മനസ്സിലെ ആശയം സേവി എം ഡി യെ ധരിപ്പിച്ചു. ഇതാണ് ഇന്ന് മൂന്നാറിൽ കെ എസ് ആർ ടി സി നടത്തുന്ന താമസ സൗകര്യത്തോടെയുള്ള സൈറ്റ് സീനിങ് സംവിധാനത്തിന് വഴിയൊരുക്കിയത്. മൂന്നാറിൽ എത്തുന്ന ഇടത്തരക്കാരായ സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ ആനവണ്ടിയിൽ സുരക്ഷിതമായി രാപാർക്കാൻ സൗകര്യം ഒരുക്കുകയായിരുന്നു ആദ്യപദ്ധതി. ആശയം മാനേജ്മെന്റിന് സ്വീകാര്യമായതോടെ കണ്ടം ചെയ്ത രണ്ട് ബസുകളിൽ 16 ബെർത്തുകൾ സ്ഥാപിച്ച് ആൾക്കൊന്നിന് 100 രൂപ നിരക്കിൽ താമസ സൗകര്യമൊരുക്കി.ബസ്സുകൾ മൂന്നാർ കെ എസ് ആർ ടി സി സ്റ്റാന്റിലാണ് പാർക്കുചെയ്തിരുന്നത്.
നിലവിൽ 8 സ്ലീപ്പർ ബസുകളിലായി 128 പേർക്ക് താമസസൗകര്യമുണ്ട്.അടുത്ത ദിവസം ഒരു ബസ്സുകൂടി താമസ സജ്ജമാവും. വാരാന്ത്യങ്ങളിൽ ഇവ മിക്കവാറും നിറയും. 12 സ്ലീപ്പർ ബസുകൾ കൂടി ഉടൻ ഇവിടെ സജ്ജമാക്കുന്നതിനാണ് അധികൃതർ ലക്ഷ്യമിട്ടിട്ടുള്ളത്.
ഈ പദ്ധതി വിജയകരമായതോടെയാണ് വിനോദ സഞ്ചാരികൾക്ക് കെഎസ്ആർടി സി ബസിൽ ചുറ്റിക്കറങ്ങി കാഴ്ചകൾ കാണാൻ സൈറ്റ് സീനിങ് എന്ന ആശയം സേവി എം ഡി യുടെ മുമ്പാകെ അവതരിപ്പിച്ചത്.
നിലവിൽ മൂന്നാറിൽ നിന്നുമാത്രം മൂന്ന് ബസുകൾ സൈറ്റ് സീയിംങ് സർവീസ് നടത്തുന്നുണ്ട്.സേവിയുടെ ആശയം അഭൂതപൂർവ്വമായ വിജയം കൈവരിച്ചതോടെ ഇപ്പോൾ കേരളത്തിലെ 11 ഡിപ്പോകളിൽ നിന്നും വിനോദ സഞ്ചാരികൾക്ക് മാത്രമായി മൂന്നാറിലേയ്ക്ക് സർവ്വീസ് ആരംഭിച്ചിട്ടുണ്ട്്. ജംഗിൾ സഫാരി എന്ന് പേരിട്ടിട്ടുള്ള വിനോദ സഞ്ചാരികൾക്കുമാത്രമായുള്ള മൂന്നാർ സർവ്വീസിൽ കോതമംഗലം ഡിപ്പോയിൽ നിന്ന് മാത്രം നിരവധി ബസുകൾ എത്തുന്നുണ്ട്.കോതമംഗലം ഡിപ്പോയിൽ നിന്നുള്ള ജംഗിൾ സഫാരിയിൽ പങ്കെടുക്കുന്ന ടൂറിസ്റ്റുകൾക്ക് പെരിയാറിലൂടെയുള്ള ബോട്ടുയാത്രയ്ക്കും ഉദ്യോഗസ്ഥർ അവസരം ഒരുക്കിയിട്ടുണ്ട്.
കോവിഡ് നിയന്ത്രണങ്ങൾക്കിടെ , ചുരുങ്ങിയ കാലം കൊണ്ട് ടൂറിസത്തിൽ നിന്നുമാത്രം മൂന്നാർ ഡിപ്പോയ്ക്ക് 57.34 ലക്ഷം രൂപ വരുമാനമുണ്ടാക്കാനായിട്ടുണ്ട്. കെ എസ് ആർ ടി സി യിൽ ഡ്രൈവർ ആയി ജോലി ചെയ്യ്തിരുന്ന പിതാവ് ടി വി ജോർജിന്റെ അകാല വിയോഗത്തിൽ, ആശ്രിത നിയമനത്തിലൂടെയാണ് 31 വർഷം മുൻപ് 1991-ൽ സേവി മുവാറ്റുപുഴ ഡിപ്പോയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ചത്.
23 വർഷത്തോളം മൂന്നാറിൽ മാത്രം സേവി സേവനം അനുഷ്ടിച്ചിട്ടുണ്ട്.മൂവാറ്റുപുഴ, പെരുമ്പാവൂർ,പിറവം, കൂത്താട്ടുകുളം, കോതമംഗലം എന്നി കെ എസ് ആർ ടിസി ഡിപ്പോ കളിലും ജോലി ചെയിതിട്ടുണ്ട്.ഇന്ന് മൂന്നാർ ഡിപ്പോയിൽ സഹപ്രവർത്തകർ സേവിക്ക് യാത്രയയപ്പ് ഒരുക്കിയിട്ടുണ്ട്.
നേട്ടങ്ങൾക്കെല്ലാം കാരണമായത് സഹപ്രവർത്തകരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണെന്നും മനംനിറഞ്ഞ സന്തോഷത്തോടെയാണ് പടിയിറക്കമെന്നും സേവി ജോർജ്ജ് പറഞ്ഞു.ആരോഗ്യമുള്ളിടത്തോളം കാലം പറ്റാവുന്ന ജോലിതുടരുമെന്നായിരുന്നു ഭാവി പരിപാടിയെക്കുറിച്ച് ചോദിച്ചപ്പോൾ സേവിയുടെ പ്രതികരണം.ആൻസിയാണ് ഭാര്യ. മക്കൾ അമൽ സേവി, അതുൽ സേവി,ആഷിൽ സേവി.
മറുനാടന് മലയാളി ലേഖകന്.