തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ ചില ഡ്രൈവർമാരുടെയെങ്കിലും ഡ്രൈവിങ്ങ് മനോഭാവം എപ്പോഴും വിവാദങ്ങൾക്ക് ഇട നൽകാറുണ്ട്.പ്രത്യേകിച്ചും റോഡിലെ ഡ്രൈവിങ്ങിന്റെ കാര്യത്തിൽ.തങ്ങൾ എങ്ങിനെയൊക്കെ ഡ്രൈവ് ചെയ്താലും നിയമങ്ങൾ തെറ്റിച്ചാലും ആും ചോദിക്കില്ലെന്ന തരം മനോഭാവം.ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്നതും നാം കാണാറുണ്ട്.'ഞങ്ങൾ റോങ് സൈഡും ഓടിക്കും വേണമെങ്കിൽ മാറ്റിക്കോ' എന്നതാണ് ചില ഡ്രൈവർമാരുടെ നിലപാട്.

മിക്ക അപകടങ്ങളും ഇവർ സ്വയം വരുത്തി വയ്ക്കുന്നവയുമാണ്. അത്തരമൊരു അപകടത്തിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ വൈറലാവുകയാണ്.ഹരിപ്പാടിന് സമീപമാണ് അപകടം നടന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനത്തെ മറികടക്കാൻ ശ്രമിച്ച കെഎസ്ആർടിസി ബസ് ഒരു മിനി ലോറിയിലും കാറിലും വന്നിടിക്കുകയായിരുന്നു. എതിർവശത്തുകൂടി മിനിലോറി വന്നത് കണ്ടെങ്കിലും കെഎസ്ആർടിസി ഡ്രൈവർ അതു ശ്രദ്ധിക്കാതെ മുന്നോട്ട് എടുത്തതാണ് അപകടകാരണം.

അപകടത്തിൽ ആർക്കും സാരമായ പരുക്കില്ല എന്നാണ് കരുതുന്നത്. ലോറിയുടെ പിൻഭാഗവും കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കെഎസ്ആർടിസി ഡ്രൈവർ അൽപം ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ അപകടം ഒഴിവാക്കാമായിരുന്നു എന്ന് വിഡിയോയിൽനിന്ന് മനസ്സിലാകും.

ഇതിനുപുറമെ മഴ കനക്കുന്നതോടെ റോഡിൽ വേണ്ട ജാഗ്രതയെക്കറിച്ചും ഒരോരുത്തരും ബോധവാന്മാരാകേണ്ടതുണ്ട്.മഴ തുടങ്ങുന്ന സമയങ്ങളിൽ റോഡിലുള്ള പൊടിയും, ഓയിൽ അംശങ്ങളും ചെറിയ നനവിൽ കുഴമ്പു രൂപത്തിലാകുന്നു. അത് കൂടുതൽ വഴുക്കലിന് കാരണമാകുന്നു.മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നു. ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി ഉണ്ടാവുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

തേയ്മാനം വന്ന ടയറുകൾ ഒഴിവാക്കിയേ മതിയാവൂ.സാധാരണ ഓടുന്ന വേഗത്തിൽ നിന്ന് അൽപം കുറവു വേഗത്തിൽ വാഹനം ഓടിക്കുക. ബ്രേക്ക് ചെയ്താൽ നിൽക്കുന്ന ദൂരം മഴക്കാലത്ത് കൂടുതലായിരിക്കും. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്ത് വാഹനം നിന്നുവെന്ന് വരില്ല.പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ തെന്നി മാറാനുള്ള സാധ്യത കൂടുന്നുവെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്