- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പെരിയാറിന്റെ ഭംഗി ആസ്വദിച്ച് വന്യമൃഗങ്ങളെയും പക്ഷിക്കൂട്ടങ്ങളെയും അടുത്ത് കാണാം; കോതമംഗലത്ത് നിന്നുള്ള ജംഗിൾ സഫാരി യാത്രക്കാർക്ക് ഒരുമണിക്കൂർ ബോട്ടുയാത്ര ഏർപ്പെടുത്തി കെഎസ്ആർടിസി; ഭൂതത്താൻകെട്ടിലേക്ക് ഇനി സഞ്ചാരികളുടെ ഒഴുക്ക്
കോതമംഗലം: വരുമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കെ എസ് ആർ ടി സി ആരംഭിച്ചിട്ടുള്ള ജംഗിൾ സഫാരിയിൽ പങ്കെടുക്കുന്ന യാത്രക്കാർക്ക് ഒരു മണിക്കൂർ ബോട്ടുയാത്രയ്ക്കും അവസരം. കെ എസ് ആർ ടി സിയുടെ ഭാഗത്തുനിന്നും ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു നീക്കമെന്ന് അധികൃതർ അറിയിച്ചു. കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാരമായ ഭൂതത്താൻകെട്ടിലേയ്ക്ക് ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്നതിന് കെ എസ് ആർ ടി സിയുടെ ഇടപെടൽ വഴിയൊരുക്കും.
കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നുള്ള ജംഗിൾ സഫാരി യാത്രക്കാർക്കാണ് നിലവിൽ ബോട്ട് യാത്ര സൗകര്യം ലഭ്യമാവുക. ഭൂതത്താൻകെട്ടിൽ നിന്നും കുട്ടമ്പുഴവരെ വരെയാണ് ബോട്ടുയാത്ര ക്രമീകരിച്ചിട്ടുള്ളത്. പെരിയാർ തീരങ്ങളുടെ ഹരിത ഭംഗി ആസ്വദിക്കുന്നതിനും വന്യമൃഗങ്ങളെയും പക്ഷിക്കൂട്ടങ്ങളെയുമെല്ലാം അടുത്തുകാണുന്നതിനും യാത്ര ഉപകരിക്കും.
ഭൂതത്താൻകെട്ടിൽ നിന്നും ബോട്ട് കുട്ടമ്പുഴയിൽ എത്താൻ ഏകദേശം ഒരുമണിക്കൂറോളം സമയം വേണ്ടിവരും. കോതമംഗലം ഡിപ്പോയിൽ നിന്നും കുട്ടമ്പുഴ, മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലെത്തുന്ന രീതിയിലാണ് ജംഗിൾ സഫാരി ക്രമീകരിച്ചിരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഓരോ ബസ് എന്ന നിലയ്ക്കാണ് ആദ്യം സഫാരി ബസ് സർവ്വീസ് ആരംഭിച്ചത്. യാത്രക്കാരുടെ തിരക്ക് മൂലം ദിവസം 7 ബസ്സ് വരെ ഓടിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
ഇതോടെ പ്രകൃതി സൗന്ദര്യം കൊണ്ടും ഐതിഹ്യപ്പെരുമയാലും പ്രശസ്തമായ ഭൂതത്താൻ കെട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവാഹം ഗണ്യമായി വർദ്ധിക്കും. വിദേശികൾ അടക്കമുള്ള വിനോദസഞ്ചാരികളുടെ മൂന്നാർ യാത്രയിലെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നാണ് ഭൂതത്താൻ കെട്ട്. ഇവിടേക്ക് ജംഗിൾ സഫാരി യാത്രക്കാരെ എത്തി്ക്കുന്നതിനും ബോട്ട് യാത്രയ്ക്ക് സൗകര്യം ഏർപ്പെടുത്തുന്നതിനും കോതമംഗലം എം എൽ എ ആന്റണി ജോണിന്റെ ഇടപെടലും ഫലം കണ്ടു.
ഇന്ന് രാവിലെ 8.30 തോടെ 2 ബസ്സുകളിലായി എത്തിയ യാത്രക്കാർ ബോട്ടുയാത്രയിൽ പങ്കാളികളായി. ഭൂതത്താൻകെട്ടിലെ ഏറ്റവും വലിയ ബോട്ടായ ഗ്രീൻലാന്റ് ആണ്. ഇതിൽ 50 -ലേറെ പേർക്ക് സുഖമായി യാത്ര ചെയ്യാം.അത്യാധുനീക മ്യൂസിക് സിസ്റ്റം, ഡാൻസിനും പാട്ടിനുമായി പ്രത്യേക സൗകര്യങ്ങളെല്ലാം ഈ ബോട്ടിന്റെ സവിശേഷതകളിൽ ഉൾപ്പെടും. രണ്ടാമത് എത്തിയ ബസ്സിലെ യാത്രക്കാർക്കായി മറ്റൊരു ബോട്ടും സർവ്വീസ് നടത്തി.
ആദ്യ യാത്ര ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. തേക്കടിക്ക് സമാനമായ ഒരു ബോട്ട് യാത്രയ്ക്കാണ് ജംഗിൾ സഫാരിയിലെ യാത്രക്കാർക്ക് അവസരം ലഭിക്കുന്നതെന്നും ഇത് യാത്രക്കാർക്ക് നവ്യാനുഭൂതി പകരുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും എൽ എൽ എ പറഞ്ഞു.
യാത്രയിൽ പങ്കെടുത്തരിൽ ഒട്ടുമിക്കവരും വലിയ സന്തോഷത്തിലായിരുന്നു. കെ എസ് ആർ ടിസിയുടെ പുതിയപദ്ധതി യാത്രക്കാർ പാട്ടും ഡാൻസുമായി ആഘോഷമാക്കുകയായിരുന്നു. എല്ലാവരുടെയും മുഖത്ത് സന്തോഷവും ഉണർവ്വുമാണ് കണ്ടത്. ജംഗിൾ സഫാരിയിലെ ഈ മാറ്റം ഭൂത്താൻകെട്ടിന് വിലപ്പെട്ട നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായകമാവും. ഒപ്പം കെ എസ് ആർ ടിസിയുടെ വരുമാനവും വർദ്ധിക്കും, എം എൽ എ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ലേഖകന്.