- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബിൾ ഡക്കറിൽ വിവാഹം; ബസിൽ മാവേലി സ്റ്റോറും തട്ടുകടയും മീൻ മാർക്കറ്റും! വൈവിധ്യ വത്കരണത്തിലൂടെ ആനവണ്ടിയെ കരകയറ്റാൻ ബിജു പ്രഭാകർ മോഡൽ; ഓർഡിനറി ബസുകളുടെ റൂട്ടുകൾ ഉടൻ പുനക്രമീകരിക്കും; കെ എസ് ആർ ടി സി ലാഭത്തിന്റെ ട്രാക്കിൽ എത്തുമോ?
പത്തനംതിട്ട: മൂന്നാറിൽ സഞ്ചാരികൾ ഉറങ്ങുന്നത് കെ എസ് ആർ ടി സി ബസിലാണ്. ഡബിൾ ഡക്കർ ബസുകൾ വിവാഹാവശ്യത്തിന് വാടകയ്ക്ക് നൽകുന്നു. വൈവിധ്യവൽക്കരണത്തിലൂടെ കെ എസ് ആർ ടി സിയെ വിജയത്തിൽ എത്തിക്കുകയാണ് എംഡി ബിജു പ്രഭാകറിന്റെ ലക്ഷ്യം. കൊറോണയുണ്ടാക്കിയ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ പുതിയ വഴികൾ. അങ്ങനെ ആനവണ്ടിയെ വിജയ വഴിയിൽ എത്തിക്കാനാണ് നീക്കം.
ലാഭം നേടാനായി ബസുകളിൽ ചിലത് ചരക്കുവാഹനമായും, മീൻവണ്ടിയായും, ഫുഡ് ട്രക്കായും മാറ്റും. ഇതിനായി ചില വാഹനങ്ങൾ രൂപമാറ്റം വരുത്തിത്തുടങ്ങി. സപ്ലൈകോ ഡിപ്പോകളിൽനിന്ന് മാവേലി സ്റ്റോറുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ചരക്കുവാഹനമായി ഇവ ഉപയോഗിക്കും. പ്രധാന ഡിപ്പോകളിലെ ലോജിസ്റ്റിക് വാഹനങ്ങളെ (മൊബൈൽ വർക്ക്ഷോപ്പ്) ചരക്കുവാഹനമായി മാറ്റും. 1.25 ലക്ഷം രൂപയാണ് പ്രതിമാസ വാടകയായി ഈടാക്കുക. പദ്ധതി വിജയിച്ചാൽ സ്വകാര്യ ആവശ്യങ്ങൾക്കും നൽകും.
മീൻവണ്ടിയായും ഫുഡ് ട്രക്കായും ബസുകൾ മാറും. മത്സ്യഫെഡ്, മിൽമ എന്നിവയുമായി സഹകരിച്ചാണ് ബസുകളിൽ മത്സ്യത്തട്ടും, മിൽമയുടെ ഫുഡ് കഫേയും ക്രമീകരിക്കുന്നത്. മത്സ്യത്തട്ടുള്ള വാഹനങ്ങളിൽ ജോലിക്കാർക്ക് താമസസൗകര്യവും ഒരുക്കും. ഇവയ്ക്കായി, കാലപ്പഴക്കും ചെന്ന ബസുകൾ ഉപയോഗിക്കും. ജി.എസ്.ടി. ഉൾപ്പെടെയുള്ള വാടക ഈടാക്കും. മിൽമ കെ.എസ്.ആർ.ടി.സി. ബസിൽ ആരംഭിക്കുന്ന ഫുഡ് കഫേ വൈകാതെ തുടങ്ങും. പുനലൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് മുന്നിൽ വാഹനം പാർക്ക് ചെയ്ത് കഫേ പ്രവർത്തിക്കും. മിൽമയുടെ 43 ഉത്പന്നങ്ങൾ ഇതിൽ ലഭ്യമാക്കും. എട്ടുപേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും സംവിധാനം ഒരുക്കും. ബസിന്റെ ഒരു വാതിലിൽക്കൂടി കയറി അടുത്ത വാതിലിലൂടെ ഇറങ്ങാവുന്ന തരത്തിലാകും ഇത് സജ്ജമാക്കുക. പത്തനംതിട്ട മത്സ്യഫെഡ് അടക്കമുള്ള സർക്കാർ ഏജൻസികൾ ആവശ്യമറിയിക്കുന്ന മുറയ്ക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി.ബസുകൾ വിട്ടുനൽകും.
യാത്രക്കാരുടെ തിരക്കും ആവശ്യവും പരിഗണിച്ച് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളുടെ റൂട്ടുകൾ ഉടൻ ക്രമീകരിക്കും. യാത്രക്കാരുണ്ടായാലും ഇല്ലെങ്കിലും ഒരു ഡിപ്പോയിൽനിന്ന് മറ്റൊരു ഡിപ്പോയിലേക്ക് ബസുകൾ ഓടിക്കുന്ന പതിവുരീതി അവസാനിപ്പിക്കും. ഇതിലൂടെ ലാഭം ഉണ്ടാകുകയും നഷ്ടം കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. കെ.എസ്.ആർ.ടി.സി.ബസുകൾ ഡിപ്പോകളിൽ യാത്ര അവസാനിപ്പിക്കുന്ന രീതിയും മാറ്റും. ഡിപ്പോകളിൽ ബസിറങ്ങി മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ആശുപത്രികൾ, ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് പോകുന്ന സ്ഥിരംയാത്രക്കാർക്ക് ഇതുമൂലം സാമ്പത്തികനഷ്ടം ഉണ്ടാകുന്നു. ഇതിന് പരിഹാരം കാണും.
ഇതിനായി ഡിപ്പോകൾ കേന്ദ്രീകരിച്ച് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കും. എവിടെനിന്നാണ് യാത്രതുടങ്ങുന്നത്, അവസാനിപ്പിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കണ്ടെത്തുക. പ്രധാന സർക്കാർ ഓഫീസുകൾ ബന്ധിപ്പിച്ചും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്നരീതിയിൽ ബസുകൾ ഓടിക്കും.
ദീർഘദൂരയാത്രക്കാർ ലക്ഷ്യസ്ഥാനത്തെത്താൻ ഡിപ്പോകളിൽ കയറിയിറങ്ങേണ്ട സ്ഥിതി ഒഴിവാക്കും. യാത്രക്കാർ കൂടുതലായി പോയിവരുന്ന ഇടങ്ങൾ കേന്ദ്രീകരിച്ചാകും ഇനി ബസുകൾ ഓടിക്കുക.
മറുനാടന് മലയാളി ബ്യൂറോ