മ്പയിലേക്കുള്ള കെഎസ്ആർടിസി ബസ്സിൽ നിന്ന് അശുദ്ധിയുണ്ടാവുമെന്ന് പറഞ്ഞ് യുവതിയേയും മകളേയും ഇറക്കിവിട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധം സോഷ്യൽ മീഡിയയും ഏറ്റെടുക്കുന്നു. ഫെയ്‌സ് ബുക്കിലൂടെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. ഫേസ്‌ബുക്കിലെ പ്രൊഫൈൽ ചിത്രം മാറ്റിയാണ് പ്രതിഷേധക്കാർ രോഷം പ്രകടിപ്പിക്കുന്നത്. ആർത്തവത്തിന്റെ പേരിൽ പൊതു സ്ഥലങ്ങളിൽ വിവേചനവും അവഹേളനവും നേരിടേണ്ടി വരുന്നതിനെതിരെ പ്രതിഷേധക സൂചകമായി എല്ലാവരും സ്വന്തംപ്രൊഫൈൽ ചിത്രം മാറ്റണമെന്നും പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുന്നുണ്ട്. ഇവരുടെ ആഹ്വാനം ഏറ്റെടുത്ത് പ്രൊഫൈൽ ചിത്രം മാറ്റി പലരും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു.

എന്നാൽ പല ഹിന്ദു സംഘടനകളും പ്രതിഷേധക്കാരെ നേരിടാനായി ഫേസ്‌ബുക്കിൽ കറങ്ങിനടക്കുന്നുണ്ട്. കെ എസ് ആർ ടി സി ബസിൽനിന്ന് യുവതിയെ ഇറക്കിവിട്ടതിൽ പ്രതിഷേധിക്കാനെത്തിയ ഒരു സംഘം ആളുകളെ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു. കിസ് ഓഫ് ലൗ പരിപാടിയിൽ പങ്കെടുത്തവരാണ് ഇവരെന്നാണ് സൂചന. ആലപുഴയിൽ ഉടൻ നടക്കുന്ന കിസ് ഓഫ് ലൗവിൽ ഇവർ പങ്കെടുക്കാനെത്തിയാൽ ഉടൻ സ്‌കെച്ച് ചെയ്യുമെന്നാണ് ഹിന്ദു സംഘടകൾ പറയുന്നത്.

കഴിഞ്ഞ ആഴ്ചയാണ് എറണാകുളം സ്റ്റേഷന് മുന്നിൽനിന്നും പമ്പ സ്‌പെഷ്യൽ ബസിൽ കയറിയ നസറീയേയും കുട്ടികളേയും അയ്യപ്പഭക്തർക്ക് അശുദ്ധി ഉണ്ടാകുമെന്ന് ആരോപിച്ച് കണ്ടക്ടർ ഇറക്കിവിട്ടത്. തിരുവനന്തപുരത്തു നിന്നുള്ള വഞ്ചിനാട് എക്സ്‌പ്രസിൽ രാത്രി പത്തരയോടെയാണ് ഇവർ എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിലെത്തിയത്. തുടർന്നു താമസസ്ഥലമായ വൈറ്റിലയിലേക്കു പോകാൻ റെയിൽവേ സ്‌റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന പമ്പ ബസിൽ കയറുകയായിരുന്നു. ബസിൽ കയറിയയുടൻ സീറ്റിലിരുന്ന രണ്ട് അയ്യപ്പഭക്തർ നസീറയ്ക്കു സീറ്റൊഴിഞ്ഞു കൊടുത്തു.

എന്നാൽ ഈ ബസിൽ ശബരിമല തീർത്ഥാടകർ മാത്രമാണ് സഞ്ചരിക്കുന്നതെന്നും ഇതിൽ സ്ത്രീകളെ കയറ്റാറില്ലെന്നും ഉടൻ ഇറങ്ങണമെന്നു കണ്ടക്ടർ ആവശ്യപ്പെട്ടതായാണ് പരാതി. ആർത്തവസംബന്ധമായ പരാമർശവും നസീറയ്‌ക്കെതിരേ നടത്തിയെന്നും ആരോപണമുണ്ട്. ഇതിനിടെ ശബരിമല സർവ്വീസ് നടത്തുന്ന ബസുകളിൽ അയ്യപ്പഭക്തർക്കാണ് മുൻഗണനയെന്ന് കെഎസ്ആർടിസി വ്യക്തമാക്കിയതായും സൂചനയുണ്ടായിരുന്നു. എന്നാൽ സ്ത്രീയെയും കുട്ടിയെയും ഇറക്കി വിട്ട സംഭവം അടിസ്ഥാന രഹിതമാണെന്നും അവർ സ്വമേധയ ഇറങ്ങിപ്പോകുകയായിരുന്നുവെന്നുമാണ് കെഎസ്ആർടിസി നല്കുന്ന വിശദീകരണം.