- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാണിജ്യസമുച്ചയത്തിലെ പ്രശ്നങ്ങൾ മൂലം ജനങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി കെഎസ്ആർടിസി എന്ന് കെടിഡിഎഫ്സി; മദ്രാസ് ഐഐടിയുടെ പഠനം സർക്കാർ പുനഃ പരിശോധിക്കും; സ്റ്റാൻഡ് മാറ്റാനുള്ള ഗൂഢനീക്കമെന്നും ആരോപണം
കോഴിക്കോട്: കെഎസ്ആർടിസി വാണിജ്യ സമുച്ചയം സുരക്ഷിതമല്ലെന്നും ഒഴിയുന്നതാണ് അഭികാമ്യമെന്നും കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെടിഡിഎഫ്സി) അധികൃതർ കെഎസ്ആർടിസിക്ക് കത്ത് നൽകി. കെട്ടിടത്തിലെ പ്രശ്നങ്ങൾ കൊണ്ട് യാത്രക്കാർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം കെഎസ്ആർടിസിയുടെ മാത്രമായിരിക്കുമെന്നും അവർ വ്യക്തമാക്കിയെന്നാണ് സൂചന.
എന്നാൽ ബലക്ഷയത്തെ കുറിച്ച് മദ്രാസ് ഐഐടി നടത്തിയ പഠനത്തിൽ സർക്കാരിനു പൂർണവിശ്വാസമില്ലെന്നും റിപ്പോർട്ടുകളുണ്ട്. 20 കോടിയോളം മുടക്കി നവീകരണ പ്രവർത്തനങ്ങളിലേക്ക് കടക്കും മുൻപ് ഐഐടി റിപ്പോർട്ട് പുനഃപരിശോധിക്കണമെന്നു കെഎസ്ആർടിസി അധികൃതർ ശുപാർശ ചെയ്തു. ശുപാർശ സംബന്ധിച്ച ഫയൽ പരിശോധിക്കുന്നുണ്ടെന്നും തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി ആന്റണി രാജുവും വ്യക്തമാക്കി.
കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഇവിടെ നിന്നു സ്ഥിരമായി മാറ്റാൻ, ഐഐടി റിപ്പോർട്ട് മറയാക്കുകയാണ് എന്ന ആരോപണങ്ങൾക്ക് ഇടയിലാണ് സർക്കാർ നടപടി. കെട്ടിടത്തിന്റെ രൂപരേഖയും മറ്റ് അടിസ്ഥാന വിവരങ്ങളും ശേഖരിക്കാതെയാണ് ഐഐടി പഠനം നടത്തിയിരിക്കുന്നതെന്ന് ആർക്കിടെക്ട് ആർകെ രമേഷും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഐഐടിക്കു സമാന യോഗ്യതയിൽ സർക്കാർ തലത്തിലുള്ള വിദഗ്ധ സംഘത്തെ കൊണ്ട് റിപ്പോർട്ട് വീണ്ടും പരിശോധിപ്പിക്കണമെന്നാണ് ശുപാർശ. സ്റ്റാൻഡ് ഇവിടെ നിന്ന് മാറ്റുന്നതിനെ കുറിച്ച് ജില്ലാ തലത്തിലും ചർച്ചകളൊന്നും ആരംഭിച്ചിട്ടില്ല.
ബലപ്പെടുത്തൽ നടപടികളുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി വിളിച്ചു കൂട്ടിയ യോഗത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഇവിടേക്ക് തിരികെ കൊണ്ടു വരുന്ന കാര്യത്തിൽ ധാരണകളില്ല എന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ െതറ്റിദ്ധാരണകളുടെ ആവശ്യമില്ലെന്നാണ് കെഎസ്ആർടിസി അധികൃതരുടെ നിലപാട്. നവീകരണം പൂർത്തിയാകുന്ന മുറയ്ക്ക് സ്റ്റാൻഡ് ഇവിടേക്കു തിരിച്ചു കൊണ്ടു വരുമെന്നും വ്യക്തമാക്കി.
ഐഐടി റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ 20 കോടിയോളം മുടക്കി നവീകരണം ആരംഭിക്കേണ്ടതില്ല എന്ന ധാരണയിലാണ് ഗതാഗത വകുപ്പ് അധികൃതർ. വിജിലൻസ് അന്വേഷണ സംഘത്തിന് ഐഐടി റിപ്പോർട്ട് കൈമാറിയിട്ടുമുണ്ട്. നിർമ്മാണ പാളിച്ചകളെ കുറിച്ചുള്ള അന്വേഷണം ഇതുപ്രകാരം മുന്നോട്ടു പോകും.
മറുനാടന് മലയാളി ബ്യൂറോ