- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് കൺസോർഷ്യത്തിലേക്ക് 59 ഡിപ്പോകളിൽ നിന്ന് എത്തുന്നത് പ്രതിദിനം നാല് കോടി രൂപ; 86 ലക്ഷം എസ് ബി ഐ എടുത്ത ശേഷം ബാക്കി തുക കെറ്റിഡിഎഫ്സിക്ക് നൽകണമെന്ന ഉത്തരവുമായി ഗതാഗത സെക്രട്ടറി; നിർദ്ദേശം ബാങ്കിന് കൈമാറിയത് കെഎസ്ആർടിസി എംഡി അറിയാതെ; ഡീസൽ വില വർദ്ധനവിൽ ശ്വാസം മുട്ടുന്ന ആനവണ്ടിയെ തകർക്കാൻ വീണ്ടും ജ്യോതിലാലിന്റെ ഗൂഢനീക്കം; തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കാൻ ഇല്ലം തന്നെ ചുടുന്ന ഉദ്യോഗസ്ഥന്റെ ഇടപെടൽ വിവാദത്തിലേക്ക്
തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ പ്രതിദിന പ്രവർത്തനം നിശ്ചലമാക്കാൻ വീണ്ടും ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെ രഹസ്യ ഇടപെടൽ. കെ എസ് ആർ ടി സിയുടെ വരുമാനത്തിൽ ബഹുഭൂരിഭാഗവും കെടിഡിഎഫ്സിയിലേക്ക് വഴി തിരിച്ചു വിടാനാണ് നീക്കം. എസ് ബി ഐയോട് സെക്രട്ടറി പറഞ്ഞ കാര്യം നടപ്പായാൽ ആനവണ്ടിയുടെ ഓട്ടം തന്നെ നിലയ്ക്കും. കെ എസ് ആർ ടി സിയുടെ എംഡി ടോമിൻ തച്ചങ്കരി പോലും അറിയാതെയാണ് ഗതാഗത സെക്രട്ടറി ഇടപെടൽ നടത്തിയത്. എസ് ബി ഐ കൺസോർഷ്യത്തിലേക്ക് വരുന്ന കെ എസ് ആർ ടി സിയുടെ വരുമാനം തച്ചങ്കരിക്ക് കിട്ടാതിരിക്കാനാണ് നീക്കം നടത്തിയത്. ഇതോടെ കെ എസ് ആർ ടി സിയുടെ പ്രവർത്തനത്തെ അട്ടിമറിക്കാൻ ഗതാഗത സെക്രട്ടറി നടത്തുന്ന ശ്രമങ്ങൾക്ക് പുതുമാനം വരികയാണ്. കെ എസ് ആർ ടി സിക്ക് 93 ഡിപ്പോകളാണ് ഉള്ളത്. ഇതിൽ 59 ഡിപ്പോകളിൽ നിന്നുള്ള വരുമാനമാണ് എസ് ബി ഐ കൺസോർഷ്യത്തിന് പോകുന്നത്. എസ് ബി ഐ കൺസോർഷ്യം വഴി എടുത്തിരിക്കുന്ന 3100 കോടി രൂപയ്ക്കുള്ള വായ്പാ തിരിച്ചടവിന് വേണ്ടിയാണ് ഇത്. ഈ 59 ഡിപ്പോകളും പണയം വച്ചാണ് ഈ ലോൺ എടുത്തിരിക്കുന്നത്
തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ പ്രതിദിന പ്രവർത്തനം നിശ്ചലമാക്കാൻ വീണ്ടും ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെ രഹസ്യ ഇടപെടൽ. കെ എസ് ആർ ടി സിയുടെ വരുമാനത്തിൽ ബഹുഭൂരിഭാഗവും കെടിഡിഎഫ്സിയിലേക്ക് വഴി തിരിച്ചു വിടാനാണ് നീക്കം. എസ് ബി ഐയോട് സെക്രട്ടറി പറഞ്ഞ കാര്യം നടപ്പായാൽ ആനവണ്ടിയുടെ ഓട്ടം തന്നെ നിലയ്ക്കും. കെ എസ് ആർ ടി സിയുടെ എംഡി ടോമിൻ തച്ചങ്കരി പോലും അറിയാതെയാണ് ഗതാഗത സെക്രട്ടറി ഇടപെടൽ നടത്തിയത്. എസ് ബി ഐ കൺസോർഷ്യത്തിലേക്ക് വരുന്ന കെ എസ് ആർ ടി സിയുടെ വരുമാനം തച്ചങ്കരിക്ക് കിട്ടാതിരിക്കാനാണ് നീക്കം നടത്തിയത്. ഇതോടെ കെ എസ് ആർ ടി സിയുടെ പ്രവർത്തനത്തെ അട്ടിമറിക്കാൻ ഗതാഗത സെക്രട്ടറി നടത്തുന്ന ശ്രമങ്ങൾക്ക് പുതുമാനം വരികയാണ്.
കെ എസ് ആർ ടി സിക്ക് 93 ഡിപ്പോകളാണ് ഉള്ളത്. ഇതിൽ 59 ഡിപ്പോകളിൽ നിന്നുള്ള വരുമാനമാണ് എസ് ബി ഐ കൺസോർഷ്യത്തിന് പോകുന്നത്. എസ് ബി ഐ കൺസോർഷ്യം വഴി എടുത്തിരിക്കുന്ന 3100 കോടി രൂപയ്ക്കുള്ള വായ്പാ തിരിച്ചടവിന് വേണ്ടിയാണ് ഇത്. ഈ 59 ഡിപ്പോകളും പണയം വച്ചാണ് ഈ ലോൺ എടുത്തിരിക്കുന്നത്. 3100 കോടി രൂപ കൊടുത്തതിന് പ്രതിദിനം 86 ലക്ഷം രൂപയാണ് കൺസോർഷ്യത്തിൽ അടയ്ക്കേണ്ടത്. 59 ഡിപ്പോകളിൽ നിന്ന് ഏതാണ്ട് നാല് കോടിയോളം വരുമാനം കിട്ടും. ഇതിൽ 86 ലക്ഷം എടുത്ത ശേഷം ദിവസ കളക്ഷന്റെ ബാക്കി കെ എസ് ആർ ടി സിക്ക് കൺസോർഷ്യം നൽകും. ഏതാണ് മൂന്നേകാൽ കോടിയോളം രൂപ ഇങ്ങനെ കെ എസ് ആർ ടി സിക്ക് ലഭിക്കും. ഈ തുക ഇല്ലാതാക്കാനാണ് വകുപ്പ് സെക്രട്ടറിയുടെ കള്ളക്കളി.
എസ് ബി ഐ കൺസോർഷ്യത്തിന് 59 ഡിപ്പോകൾ നേരിട്ട് കളക്ഷൻ അടയ്ക്കുകയാണ് രീതി. മുഴുവൻ കളക്ഷൻ അവർക്കാണ് പോകുന്നത്. ഇങ്ങനെ കിട്ടുന്നതിൽ 86 ലക്ഷം രൂപ കഴിഞ്ഞുള്ള ബാക്കി തുക കേരളാ ഫിനാൻസ് കോർപ്പറേഷന് കൈമാറണമെന്ന നിർദ്ദേശമാണ് എസ് ബി ഐയ്ക്ക് സെക്രട്ടറി നൽകിയത്. അതായത് ദിവസവും മൂന്ന് കോടി രൂപ കെടിഎഫ്ഡിസിക്ക് നൽകാനാണ് പദ്ധതി. 450 കോടി രൂപയുടെ കടം കെറ്റിഡിഎഫ്സിക്ക് കൊടുക്കാനുണ്ടെന്ന ന്യായം പറഞ്ഞാണ് സെക്രട്ടറിയുടെ നിർദ്ദേശം. ഇത്തരത്തിലൊരു നിർദ്ദേശം എസ് ബി ഐയ്ക്ക് കൊടുക്കുമ്പോൾ അത് കെ എസ് ആർ ടി സി എംഡിയെ സെക്രട്ടറി അറിയിച്ചതുമില്ല. എസ് ബി ഐയ്ക്ക് നേരിട്ട് കത്തയയ്ക്കുകയാണ് ചെയ്തത്. ഇതിനുള്ള അധികാരം സെക്രട്ടറിക്കില്ലെന്നതാണ് വസ്തുത.
എംഡി ടോമിൻ തച്ചങ്കരിയുമായി സെക്രട്ടറി പ്രശ്നത്തിലാണ്. യൂണിയൻ നേതാക്കളുടെ കൂടെ ചേർന്നാണ് സെക്രട്ടറിയുടെ ഇടപെടലെന്ന ആക്ഷേപം ശക്തമായിരുന്നു. കഴിഞ്ഞ മാസം സർക്കാർ ശമ്പളം കൊടുക്കാൻ അനുവദിച്ച തുകയും കെ ടി ഡി എഫ് സിയിലേക്ക് വകമാറ്റി വിടാൻ സെക്രട്ടറി ശ്രമിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലോടെ ഈ നീക്കം പൊളിഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിദിന വരുമാനത്തിന്റെ അന്വത് ശതമാനത്തോളം കെ എസ് ആർ ടി സിക്ക് കിട്ടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമം. ഇത് നടന്നാൽ കെ എസ് ആർ ടി സിയുടെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റും. ഡീസൽ വില കുതിച്ചുയരുമ്പോൾ 70 ശതമാനത്തോളം സർവ്വീസും വെട്ടിക്കുറയ്ക്കേണ്ടി വരും. ശമ്പളവും പെൻഷനും മുടങ്ങും. ഇതോടെ തച്ചങ്കരിക്ക് പ്രവർത്തിക്കാൻ കഴിയാതെയും വരും.
എസ് ബി ഐ കൺസോർഷ്യത്തിൽ നിന്ന് എടുത്ത 3100 കോടിക്ക് കൊടുക്കേണ്ടത് പ്രതിദിനം 86ലക്ഷം മാത്രമാണ്. കെ റ്റി ഡി എഫ് സി സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. ഇവിടെ നിന്ന് എടുത്തതായി പറയുന്നതും കുടിശിഖയും ചേർത്തുള്ളത് 450 കോടിയും. ഇതിന് പ്രതിദിനം മൂന്നരക്കോടി നൽകണമെന്ന തരത്തിലെ ഗതാഗത സെക്രട്ടറിയുടെ ഉത്തരവും വിവാദമാകുന്നുണ്ട്. കെ എസ് ആർ ടി സിയെ തകർക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന തിരിച്ചറിവ് സർക്കാരിനും വന്നിട്ടുണ്ട്. എന്നിട്ടും ഗതാഗത സെക്രട്ടറിയെ മാറ്റുന്നില്ലെന്നതാണ് പ്രശ്നത്തിന് കാരണം.
തച്ചങ്കരിയെ പുകച്ച് പുറത്തു ചാടിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് സെക്രട്ടറിയുടെ നീക്കം. ഭരണാനുകൂല തൊഴിലാളി സംഘടനകൾ തച്ചങ്കരിയെ പുറത്താക്കാൻ കരുക്കൾ നീക്കുമ്പോഴാണ് ഇതും. 93 ഡിപ്പോയിൽ നിന്ന് ഏഴരക്കോടിയോളം മാത്രമാണ് കെ എസ് ആർ ടി സിക്ക് വരുമാനം കിട്ടുന്നത്. ഇതിൽ നാലു കോടിയോട് അടുത്ത് കിട്ടുന്ന 59 ഡിപ്പോകളാണ് കൺസോർഷ്യത്തിന് പണയം വച്ചിട്ടുള്ളത്. പിന്നീട് ആറെണ്ണം പെൻഷൻ വാങ്ങാനും മാറ്റി വച്ചിരിക്കുന്നു. ഒരു ഡിപ്പോയിലെ തുകയെടുത്താണ് നികുതിയും മറ്റും അടക്കുന്നത്. അതായ് 59 ഡിപ്പോയിലെ വരുമാനം പൂർണ്ണമായും നിലച്ചാൽ കെ എസ് ആർടിസിക്ക് തുച്ഛമായ കാശ് മാത്രമേ ലഭിക്കുകയുള്ളൂ. പ്രതിദിനം ചെലവിന് വേണ്ട തുക പോലും കണ്ടെത്താനാവാത്ത സ്ഥിതി വരും. ഡീസൽ ക്ഷാമവും സ്പെയർപാർട്സ് ക്ഷാമവുമാകും ഫലം.
ഇത് മനസ്സിലാക്കി തച്ചങ്കരി ഗതാഗത മന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. കൺസോർഷ്യത്തിലേക്ക് വരുന്ന തുകയിൽ 86ലക്ഷം പോയിട്ട് ബാക്കി തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. കെ എസ് ആർ ടി സിയും ബാങ്കും തമ്മിൽ നേരിട്ടാണ് കരാർ. അതുകൊണ്ട് തന്നെ കെ എസ് ആർ ടി സി പറയാതെ തുക വകമാറ്റാൻ ആവില്ലെന്ന യാഥാർത്ഥ്യം ചൂണ്ടിക്കാട്ടിയാണ് എസ് ബി ഐയ്ക്ക് തച്ചങ്കരി കത്തയച്ചത്. തന്നെ അറിയിക്കാതെ കെ എസ് ആർ ടി സിയെ തകർക്കാൻ നടക്കുന്ന ശ്രമാണ് ഇതെന്ന പരാതിയും മന്ത്രി എകെ ശശീന്ദ്രനെ തച്ചങ്കരി അറിയിച്ചിട്ടുണ്ട്. ഏതായാലും വലിയ പ്രതിസന്ധിയിലേക്ക് കെ എസ് ആർ ടി സിയെ തള്ളിവിടാനാണ് സെക്രട്ടറി ജ്യോതിലാൽ ശ്രമിക്കുന്നതെന്ന ആരോപണമാണ് ശരിവയ്ക്കപ്പെടുന്നത്.
നേരത്തെ ജീവനക്കാർക്ക് ശമ്പളം നൽകാൻ കെ എസ് ആർ ടി സിക്ക് സർക്കാർ അനുവദിച്ച 20 കോടി രൂപ വകമാറ്റിക്കൊണ്ട് വിവാദം ക്ഷണിച്ചു വരുത്തിയ ജ്യോതിലാൽ ഒടുവിൽ തച്ചങ്കരിയുടെ കടുംപിടുത്തത്തിന് വഴങ്ങിയിരുന്നു. 20 കോടി അനുവദിച്ച് ഇതിൽ നിന്നും കെഎഫ്‌സിയിൽ നിന്നും എടുത്ത വായ്‌പ്പയുടെ പലിശ കൂടി അടയ്ക്കണം എന്നു നിർദേശിച്ചു കൊണ്ടുള്ള ആദ്യത്തെ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് പുറത്തിറക്കേണ്ടി വന്നത് മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു. കൃത്യസമയത്ത് സർക്കാർ ശമ്പളം നൽകാൻ തച്ചങ്കരി നടത്തുന്ന ഇടപെടലുകൾക്ക് ഇടങ്കോലിടലാണ് ജ്യോതിലാലിന്റെ ഇടപെടലെന്ന വിമർശനം ഉയർന്നിരുന്നു. എത്രയും വേഗം വിവാദം അവസാനിപ്പിക്കാനാണ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. ഇതോടെയാണ്പുതിയ ഉത്തരവിറങ്ങിയത്. ആദ്യം ഇറക്കിയ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് കെഎസ്ആർടിസിക്ക് സർക്കാർ പണം അനുവദിക്കുന്നതെന്ന് പുതിയ ഉത്തവരിൽ വ്യക്തമാക്കുന്നു.
ശമ്പളം നൽകാനായിരുന്നു ധനവകുപ്പ് ഫണ്ട് അനുവദിച്ചത്. ഇത് ഗതാഗത സെക്രട്ടറി വേണമായിരുന്നു കെ എസ് ആർ ടി സിക്ക് അനുവദിച്ച് നൽകേണ്ടത്. എന്നാൽ ശമ്പളം കൊടുക്കേണ്ടി ദിവസങ്ങളിൽ ജ്യോതിലാൽ തിരുവനന്തപുരത്ത് നിന്ന് മാറി നിന്നു. ഓൺലൈനിൽ അനുമതി കൊടുക്കാമായിരുന്നിട്ടും അതിന് ശ്രമിച്ചില്ല. ഇത് മനസ്സിലാക്കി ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്ത് കൃത്യസമയത്ത് തച്ചങ്കരി ശമ്പളം നൽകി. ഇതോടെ കളി പുതിയ തലത്തിലെത്തി. ഓഡി തുക ബാങ്കിലേക്ക് തിരിച്ചടയ്ക്കാതിരിക്കാനായി ശ്രമം. ഇതിന് വേണ്ടി ശമ്പളത്തിനെന്ന് കൃത്യമായി രേഖപ്പെടുത്തി ധനവകുപ്പ് നൽകിയ തുക കെറ്റിഡിഎഫ് സിക്ക് പലിശയായി നൽകണമെന്ന് ജ്യോതിലാൽ കുറിച്ചു. പണം കൈമാറിയുമില്ല. ഇതോടെ വിഷയം മന്ത്രിയുടെ മുന്നിലെത്തി. പണം അതിവേഗം കൈമാറാൻ ജ്യോതിലാലിനോട് നിർദ്ദേശിച്ചു. എന്നാൽ പുതിയ കുടുക്കിടുകയായിരുന്നു സെക്രട്ടറി ചെയ്തത്.
ശമ്പളം നൽകാനെന്ന് പറഞ്ഞ് ധനവകുപ്പ് കൈമാറിയ 20 കോടിയുടെ തുക കെ എസ് ആർ ടി സിക്ക് കൊടുക്കുന്നതിലെ നിയമ വിഷയത്തെ കുറിച്ച് ചോദിച്ച് ധനസെക്രട്ടറിക്ക് ഗതാഗത സെക്രട്ടറി കത്തയക്കുകയായിരുന്നു ചെയ്തത്. ഇതിലൂടെ ഒരു ദിവസം കൂടി കാര്യങ്ങൾ നീട്ടിയെടുക്കാനായിരുന്നു ഗതാഗത സെക്രട്ടറിയുടെ ശ്രമം. ബാങ്കിൽ പണം തിരിച്ചടയ്ക്കാതെ വരുമ്പോൾ തച്ചങ്കരി മോശക്കാരനാകുന്ന അവസ്ഥ വരുകയും ചെയ്തു. ജീവനക്കാരുടെ ഓണം അടക്കം വെള്ളത്തിലാകുന്ന അവസ്ഥവരുമായിരുന്നു. കെ എസ് ആർ ടി സിയിലെ തൊഴിലാളി വിരുദ്ധത തുറന്നു കാണിക്കുന്നവരാണ് യൂണിയനുകൾ. ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക സെക്രട്ടറി വകമാറ്റിയിട്ടും യൂണിയനുകളാരും പ്രതിഷേധത്തിന് എത്തിയില്ല. എന്നാൽ, പണം ലഭിക്കാതെ വന്നതോടെ തച്ചങ്കരി കൃത്യമായി ഇടപെട്ടു. ബാങ്കിൽ നിന്നും ഓവർഡ്രാഫ്‌റ്റെടുത്തും 20 കോടി എടുത്ത് കൃത്യസമയത്ത് ശമ്പളം കൊടുത്തു. പിന്നാലെ ഇപ്പോൾ 20 കോടി അനുവദിച്ചു കൊണ്ടുള്ള ഉത്തരവും വന്നു. ഇതോടെ യൂണിയനുകാർ ഗതാഗത സെക്രട്ടറിയെ കൂട്ടുപിടിച്ചു നടത്തിയ നീക്കം കൂടിയാണ് പൊളിഞ്ഞു.
യൂണിയനുകളുടെ പ്രവർത്തനത്തിൽ മുക്കു കയറിട്ടതോടെയാണ് തച്ചങ്കരിയെ പുകച്ചു പുറത്തു ചാടിക്കാൻ നീക്കം തുടങ്ങിയത്. ജീവനക്കാരുടെ ശത്രുവായി തച്ചങ്കരിയെ മാറ്റാനായിരുന്നു നീക്കം. ഇകഴിഞ്ഞ മാസം ഏഴരക്കോടിയുടെ വരുമാനമുണ്ടായതായി കണക്കുകൾ പുറത്തുവന്നിരുന്നു. ജൂൺമാസത്തിനേക്കാൾ ഏഴരക്കോടി രൂപയാണ് കഴിഞ്ഞമാസം കോർപ്പറേഷന് ഉണ്ടായിരിക്കുന്നത്. ജൂൺ മാസത്തിൽ കെ.എസ്.ആർ.ടി.സിക്ക് 189.89 കോടി രൂപയുടെ വരുമാനമായിരുന്നു ഉണ്ടായത്. ജൂലായ് മാസത്തിൽ എത്തുമ്പോൾ വരുമാനം ഏഴരക്കോടി വർധിച്ച് 197.64 കോടിയാവുകയായിരുന്നു. കഴിഞ്ഞമാസം 9, 23 എന്നീ തിയ്യതികളിലാണ് കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ വരുമാനമുണ്ടായിരിക്കുന്നത്.
പരിഷ്‌കാര നടപടികളിൽ പിന്നോട്ടില്ലെന്ന് ടോമിൻ തച്ചങ്കരി വ്യക്തമാക്കിയിരുന്നു. ഭരണകാര്യങ്ങളിൽ കൈകടത്താൻ തൊഴിലാളി യുണിയനുകളെ അനുവദിക്കില്ലെന്നും കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കെതിരെ നിൽക്കുന്നത് യൂണിയനുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് തച്ചങ്കരിയുടെ പ്രവർത്തനത്തെ അട്ടിമറിക്കാൻ ഗൂഡ നീക്കങ്ങൾ തുടങ്ങിയത്.