- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളമില്ല, കൂലിപ്പണിക്കു പോകാൻ ലീവ് ചോദിച്ചു ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ; മന്ത്രി എത്തുന്ന വേദിക്കു അരികിൽ ഭിക്ഷ യാചിച്ചു പ്രതിഷേധിച്ച് മറ്റൊരു വിഭാഗവും; കെഎസ്ആർടിസിയുടെ നഷ്ടത്തിന് ജീവനക്കാർക്കും ഉത്തരവാദിത്തമെന്ന് പറഞ്ഞ് മന്ത്രി കെ എൻ ബാലഗോപാലും
കൊല്ലം: കെഎസ്ആർടിസിയെ നേരാംവണ്ണം കൊണ്ടുപോകാൻ സാധിക്കാത്ത സംസ്ഥാന സർക്കാർ എങ്ങനെ കെ റെയിൽ പണിയുമെന്ന് ചോദിച്ചാൽ പലരും സംസ്ഥാന ദ്രോഹികൾ ആകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇതിനിടെ കെഎസ്ആർടിസി ജീവനക്കാർ ജീവിക്കാൻ വേണ്ടി ഭിക്ഷയെടുക്കുകയും കൂലിപ്പണിക്ക് പോകാനും തയ്യാറെടുക്കുകയാണ്.
കെഎസ്ആർടിസി ഡിപ്പോയിൽ ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് ഐഎൻടിയുസി യൂണിയനിൽപ്പെട്ട 35 ജീവനക്കാർ കൂലിപ്പണിക്ക് പോകുന്നതിന് അനിശ്ചിതകാല അവധി ആവശ്യപ്പെട്ടു എടിഒയ്ക്ക് കത്തുനൽകിയിരിക്കയാണ്. നിത്യച്ചെലവ് പോലും വഹിക്കാനാകാതെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ കുടുംബം പുലർത്തേണ്ട ആവശ്യം ഉള്ളതിനാലാണ് കൂലിപ്പണിക്ക് പോകാൻ തീരുമാനിച്ചതെന്ന് പ്രതിനിധികൾ പറഞ്ഞു.
ബിഎംഎസ് യൂണിയനിൽപ്പെട്ട കെഎസ്ആർടിസി ജീവനക്കാർ ഇന്നലെ എടിഒ ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധ സമരം സംഘടിപ്പിച്ചു. 317 ജീവനക്കാരുള്ള പുനലൂർ ഡിപ്പോയിൽ ഒന്നേകാൽ കോടിയോളം രൂപയാണ് ഒരു മാസം ശമ്പളമായി നൽകേണ്ടത്. നവംബർ 30ന് ലഭിക്കേണ്ട ശമ്പളം രണ്ടര ആഴ്ചയായിട്ടും ലഭിക്കാഞ്ഞതോടെയാണ് ജീവനക്കാർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം മറ്റൊരു വിഭാഗം ജീവനക്കാർ പ്രതിഷേധിച്ചത് മന്ത്രി എത്തുന്ന വേദിക്കു അരികിൽ ഭിക്ഷ യാചിച്ചു കൊണ്ടായിരുന്നു. കെഎസ്ആർടിസിയിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചു ഉപജീവനം നടത്തുന്ന ജീവനക്കാരെ പട്ടിണിക്കിട്ടു കെഎസ്ആർടിസി വസ്തുവകകൾ തീറെഴുതുന്നതിനും ശമ്പള വിതരണം മുടങ്ങുന്നതിലും പ്രതിഷേധിച്ചാണു സമരമെന്നു ജീവനക്കാർ പറഞ്ഞു. കെഎസ്ടിഎസ് (ബിഎംഎസ്) കൊല്ലം വെസ്റ്റ് ജില്ല കമ്മിറ്റിയാണ് സമരം സംഘടിപ്പിച്ചതു. രഞ്ജിത്തുകൊല്ലം, മേരി കൊല്ലം, ബിജു നെടിയവിള, പ്രമോദ് കുമാർ, ഹരികുമാർ എന്നിവർ നേതൃത്വം നൽകി.
അതേസമയം കെഎസ്ആർടിസിയിലെ ശമ്പള വിതരണം മുടങ്ങുന്നതിൽ ഇടപെടാൻ സർക്കാരിനു പരിമിതികൾ ഉണ്ടെന്നു മന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. കെഎസ്ആർടിസിയും കുടുംബശ്രീ മിഷനും ചേർന്നു ആരംഭിക്കുന്ന ഫുഡ്സ് ഓൺ വീൽ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി ഗാരിജ് വളപ്പിൽ ആരംഭിച്ച പിങ്ക് കഫേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി നഷ്ടത്തിൽ ആയതിൽ ജീവനക്കാർക്കും ഉത്തരവാദിത്തം ഉണ്ടെന്നും ഡിസംബറിൽ സർക്കാർ 30 കോടി രൂപ കെഎസ്ആർടിസിക്കു നൽകിയതായും മന്ത്രി പറഞ്ഞു.
പ്രവർത്തനരഹിതമായ കെഎസ്ആർടിസി ബസിലാണു ഭക്ഷണശാല രൂപകൽപന ചെയ്തിരിക്കുന്നത്. ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ആവിയിൽ പുഴുങ്ങിയ ഭക്ഷണ സാധനങ്ങളാണു കുടുംബശ്രീ ഒരുക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൊല്ലത്തിന്റെ തനതു രുചികൾ ആയ അഷ്ടമുടി കായലിലെ മത്സ്യ വിഭവങ്ങളും കഫേയിൽ ലഭ്യമാക്കുമെന്നും കുടുംബശ്രീ അധികൃതർ അറിയിച്ചു. നീരാവിൽ വാർഡിലെ കുടുംബശ്രീ സംരംഭ ഗ്രൂപ്പ് ആയ കായൽക്കൂട്ടാണ് പിങ്ക് കഫേയുടെ നടത്തിപ്പുകാർ.
കൊല്ലം കോർപറേഷൻ ക്ഷേമകാര്യ സ്ഥിര സമിതി ചെയർമാൻ ജയന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ വി.ആർ അജു, ഡിടിഒ ആർ.മനേഷ്, നീരാവിൽ ഡിവിഷൻ കൗൺസിലർ സിന്ധു റാണി, സിഡിഎസ് ചെയർപഴ്സൻ ബീമാ, ജില്ലാ മിഷൻ സ്റ്റാഫ് ഉന്മേഷ്, മാർക്കറ്റിങ് മാനേജർ നീരജ്, വിഷ്ണു പ്രസാദ്, ആതിര കുറുപ്പ്, സീമ സുരേഷ് എന്നിവർ സംസാരിച്ചു.
മറുനാടന് മലയാളി ബ്യൂറോ