- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്രൈവർ കം കണ്ടക്ടറോ.. ക്രൂ ചേഞ്ചോ.. ആശയക്കുഴപ്പത്തിൽ ആനവണ്ടി; ഡ്രൈവർ കം കണ്ടക്ടർക്ക് തിരിച്ചടിയാകുന്നത് കോടതി റിപ്പോർട്ട്; ക്രൂ ചേഞ്ചിന് കടമ്പകൾ ഏറെ; പതിനെട്ടടവും പയറ്റിയിട്ടും കരകയറാത്ത കെ എസ് ആർ ടി സിയുടെ പ്രതീക്ഷകൾ അസ്ഥാനത്താകുമ്പോൾ; അടിയന്തര യോഗം വെള്ളിയാഴ്ച
കൊച്ചി: രക്ഷപ്പെടാൻ പതിനെട്ടടവും പയറ്റിയിട്ടും ഊർധശ്വാസം വലിക്കുന്ന കെ എസ് ആർ ടിസിയുടെ പ്രതീക്ഷകൾക്കൊക്കെ മങ്ങലേൽക്കുകയാണ്. സംസ്ഥാനത്ത് തീവണ്ടി ഗതാഗതം പൂർവ്വസ്ഥിതിയിൽ ആകാത്തതുകൊണ്ട് തന്നെ നിരവധി പേരാണ് സുപ്പർ ഡീലക്സ് ഉൾപ്പടെയുള്ള കെ എസ് ആർ ടി സി ബസ്സുകളെ ആശ്രയിക്കുന്നത്. എന്നാൽ ദീർഘദുര ബസ്സിലെ ജീവനക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ എല്ലാം തന്നെ എങ്ങുമെത്താതെ പോവുകയാണ്. ഇ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനായി മന്ത്രി എ കെ ശശീന്ദ്രൻ അടിയന്തര യോഗം വെള്ളിയാഴ്ച്ച വിളിച്ചിരിക്കുന്നത്.
ദീർഘദൂര ബസ്സുകളിൽ ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടിയായിരുന്നു സർക്കാർ നിർദ്ദേശിച്ചിരുന്നത്. ഡ്രൈവർ കണ്ടക്ടറുടെയും കണ്ടക്ടർ ഡ്രൈവറുടെയും ജോലി ചെയ്യുന്ന ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നടപ്പാക്കുന്നതിന് കോടതി ഉത്തരവാണ് തടസ്സമാകുന്നത്. സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കോടതി വിധിയിൽ, താൽപര്യമുള്ളവരെ മാത്രമേ അത്തരം ഡ്യൂട്ടിക്കു നിയോഗിക്കാവൂവെന്നും 8 മണിക്കൂറിൽ കൂടുതൽ ആരെയും ജോലി ചെയ്യിക്കാൻ പാടില്ലെന്നുമാണ് നിർദ്ദേശം. അതുകൊണ്ട് തന്നെ ദീർഘദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് അധികൃതരുടെ വാദം.
ഇതിന് പരിഹാരമായി സർക്കാർ നിർദ്ദേശിക്കുന്ന ക്രൂ ചേഞ്ച് സംവിധാനവും ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയിലെത്തുന്നില്ല.ഇടയ്ക്കു ഡ്രൈവറും കണ്ടക്ടറും മാറുന്നതാണ് ക്രൂ ചേഞ്ച് സംവിധാനം. ക്രൂ ചേഞ്ച് സംവിധാനം നടപ്പാക്കാൻ വെല്ലുവിളികൾ ഏറെയാണ്. ഏതാനും ബസുകളിൽ കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയെങ്കിലും പ്രായോഗിക തടസ്സങ്ങൾ ബോധ്യപ്പെട്ടിരുന്നു.സേലം വഴിയുള്ള ബെംഗളൂരു ബസുകൾക്ക് മുതൽ എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലും മൈസൂരു വഴിയുള്ളവയ്ക്കു എറണാകുളം, ബത്തേരി എന്നിവിടങ്ങളിലുമാണു ക്രൂ ചേഞ്ച് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്.
ജീവനക്കാർക്ക് ആവശ്യത്തിനു വിശ്രമം ലഭിക്കുന്ന തരത്തിൽ ബസുകളുടെ സമയം ക്രമീകരിക്കുക, വിശ്രമ സൗകര്യം ഒരുക്കുക എന്നിവയാണു ആദ്യം ചെയ്യേണ്ടത്.ജീവനക്കാരുടെ വിശ്രമത്തിനായി ബെർത്ത് സൗകര്യമുള്ള എസി ബസുകളും തയാറാണ്. പക്ഷെ പല മേഖലകളിലും ആവശ്യത്തിനു ഡ്രൈവർമാരോ കണ്ടക്ടർമാരോ ഇല്ലാത്ത സ്ഥിതിയുണ്ട്.ക്രൂ ചേഞ്ച് സംവിധാനം വിലയിരുത്തിയ ശേഷം കൂടുതൽ ബസുകളിലേക്കു വ്യാപിപ്പിക്കുമെന്നു അധികൃതർ പറയുന്നുണ്ടെങ്കിലും ആവശ്യത്തിനു ജീവനക്കാരില്ലാതെ ഓരോ ദീർഘദൂര ബസിനും 2 സെറ്റ് ക്രൂവിനെ വീതം എങ്ങനെ നൽകുമെന്നതും കെഎസ്ആർടിസിക്കു വെല്ലുവിളിയാകും.
കേരളത്തിനുള്ളിൽ സർവീസ് നടത്തുന്ന ദീർഘദൂര ബസുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്താൻ കോർപറേഷൻ ആദ്യം നടപടി സ്വീകരിക്കണമെന്നു ഡ്രൈവർമാരുടെ പക്ഷം.
അതേസമയം ഇ പ്രതിസന്ധിക്കൊക്കെ ആക്കം കൂട്ടിയാണ് കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം.വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏതു റൂട്ടിലും ബസ്സോടിക്കാമെന്ന് കേന്ദ്രസർക്കാർ തീരുമാനം കെ എസ് ആർ ടി സി ഉൾപ്പെടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കുത്തക തകർക്കും.അന്തർസംസ്ഥാന പാതകളിലെ സ്വകാര്യബസുകൾ നിയമവിധേയമാക്കുന്നതാണ് ഓൺലൈൻ അഗ്രഗേറ്റർ പോളിസി. ഓൺലൈനിൽ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം.
ഇതോടെ അഗ്രഗേറ്റർ ലൈസൻസുള്ളവർക്ക് ഓൺലൈൻ ടിക്കറ്റ് നൽകി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം കിട്ടും എന്നാണ് റിപ്പോർട്ടുകൾ. പുതിയ നിയമം നിലവിൽ വന്നാൽ നിലവിലെ അന്തർസംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന ഓൺലൈൻ ബുക്കിങ് സംവിധാനങ്ങളും മൊബൈൽ ആപ്പും നിയമവിധേയമാകും. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കനത്ത തിരിച്ചടിയാവും ഈ നിയമം.ഓൺലൈൻ പോളിസി നടപ്പാകുന്നതോടെ നിലവിലുള്ള പെർമിറ്റ് വ്യവസ്ഥ അപ്രസക്തമാകും. കോൺട്രാക്റ്റ് ക്യാരേജ് പെർമിറ്റുള്ള ബസുകൾ പ്രത്യേകം ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകുന്നത് റൂട്ട് ബസ് പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനമാണ്. ഇതുപയോഗിച്ചാണ് അനധികൃത ബസുകൾ മോട്ടോർവാഹനവകുപ്പ് തടഞ്ഞിരുന്നത്. എന്നാൽ, ഓൺലൈനിൽ ടിക്കറ്റ് വിൽക്കാനും യാത്രക്കാരെ കൊണ്ടുപോകാനും അനുമതി ലഭിച്ചതോടെ സംസ്ഥാന സർക്കാരിന് ഈ വാഹനങ്ങളിന്മേലുള്ള നിയന്ത്രണം നഷ്ടമാകും
മറുനാടന് മലയാളി ബ്യൂറോ