- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ക്വയർഫീറ്റിന് റേറ്റ് നൂറു രൂപയിൽ ഒരിക്കലും കുറയാത്ത കെട്ടിടം; ആലിഫ് ബിൽഡേഴ്സിന് കൊടുത്തത് പത്ത് രൂപ നിരക്കിലും; 30 വർഷം കൊണ്ട് 1140 കോടി കിട്ടേണ്ടിടത്ത് ഇനി കിട്ടുക വെറും 270 കോടിയും 17 കോടിയുടെ തിരിച്ചു നൽകാത്ത നിക്ഷേപവും; കോഴിക്കോട്ടെ കെ എസ് ആർ ടി സി സമുച്ഛയ കച്ചവടത്തിൽ അഴിമതിയോ?
തിരുവനന്തപുരം: മാളുകളിൽ സ്ക്വയർഫീറ്റ് റേറ്റ് 150 രൂപയ്ക്ക് മുകളിലാണ് കേരളത്തിൽ. എന്നാൽ കോഴിക്കോട് കണ്ണായ സ്ഥലത്തെ മാൾ കേരള സർക്കാർ കൈമാറുന്നത് സ്ക്വയർഫീറ്റിന് പത്തു രൂപ നിരക്കിലാണ്. അതായത് നാലു ലക്ഷം സ്വയർഫീറ്റിന് മാസ വാടക 43 ലക്ഷം രൂപ. ഇതിനൊപ്പം 17 കോടി രൂപ കൂടി കിട്ടും. ഈ തുക തിരിച്ചു കൊടുക്കേണ്ടതില്ല. ഇങ്ങനെ കിട്ടുന്ന 17 കോടിയുടെ പലിശയ്ക്ക് പ്രതിമാസം പത്ത് ശതമാനം നൽകിയാൽ പോലും കേരളത്തിന് ആകെ കിട്ടുക മാസം അറുപത് ലക്ഷം രൂപ. അതായത് വമ്പൻ കൊള്ള.
കോഴിക്കോട്ടെ മാവൂർ റോഡിലെ 3 ഏക്കർ 22 സെന്റ് ഭൂമിയിൽ സ്ഥിതിചെയ്യുന്ന, 4 ലക്ഷം സ്ക്വയർ ഫീറ്റുള്ള, 11 ലിഫ്റ്റുകളും 2 എസ്കവേറ്ററുകളുമുള്ള, കോഴിക്കോട് കെ എസ് ആർ ടി സി ബസ് ടെർമിനൽ, കോഴിക്കോട് ആസ്ഥാനമായ ആലിഫ് ബിൽഡേഴ്സിന് 30 കൊല്ലത്തേക്ക് പാട്ടത്തിന് കൊടുത്തിരിക്കുന്നത്, സ്ക്വയർ ഫീറ്റിന് 10 രൂപ നിരക്കിലാണ്. കോഴിക്കോടിന്റെ ഹൃദയഭാഗമായ മാവൂർ റോഡിലാണ് ബസ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്. മാവൂർ റോഡിൽ, വ്യാപാര സ്ഥാപനങ്ങളുടെ വാടക സ്ക്വയർ ഫീറ്റിന് 100 രൂപയ്ക്കും 150 രൂപയ്ക്കും ഇടയിലുള്ളപ്പോഴാണ്, വെറും 10 രൂപയ്ക്ക്, അതും 30 കൊല്ലത്തേക്ക് പാട്ടത്തിന് കൊടുത്തിരിക്കുന്നത്.
ഇവിടെ 250 കാറുകൾക്കും, 600 ഇരുചക്രവാഹനങ്ങൾക്കും, 40 ബസുകൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഈ നിരക്കിൽ വാടകയ്ക്ക് കൊടുത്താൽ, കെ എസ് ആർ ടിസിക്ക് 30 വർഷം കൊണ്ട്, 257 കോടിയോളം രൂപ വരുമാനം കിട്ടുമെന്നാണ് സർക്കാരിന്റെ ന്യായീകരണം. സ്ക്വയർ ഫീറ്റിന് 100 രൂപ വച്ച് കണക്കാക്കിയാൽപ്പോലും, പ്രതിമാസം 4 കോടി രൂപ കിട്ടാമെന്നിരിക്കെയാണ്, വെറും 40 ലക്ഷം രൂപ വാടകയ്ക്ക് ഈ സർക്കാർ കെട്ടിടം ആലിഫ് ബിൽഡേഴ്സിന് 'പാട്ടത്തിന് കൊടുക്കുകയാണ്' എന്ന പേരിൽ വിൽപ്പന നടത്തുന്നത്.
ഒരു മാസം 4 കോടി രൂപ വച്ച് കണക്കാക്കിയാൽ, 30 വർഷം കൊണ്ട് സർക്കാരിന് 1440 കോടി കിട്ടും. ആ സ്ഥാനത്താണ് 257 കോടിയെ 1440 കോടിയേക്കാൾ പെരുപ്പിച്ചു കാണിക്കുന്നത് എന്നാണ് ആരോപണം. ഈ കരാർ നടക്കുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയിൽ കിട്ടേണ്ട തുകയും ഖജനാവിന് കിട്ടില്ല. അതുകൊണ്ടാണ് ഇത് വമ്പൻ അഴിമതിയാണെന്ന സൂചന പുറത്തു വരുന്നത്. ഗതാഗത മന്ത്രി ആന്റണി രാജുവാണ്. എന്നാൽ ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും. വെറുതെ പൂട്ടിക്കിടക്കുന്ന കെട്ടിടം ഇല്ലാതാകാതിരിക്കാനാണ് ഇതെല്ലാമെന്ന് റിയാസ് പറയുന്നുമുണ്ട്. ഇതിന് സമാനമായ കരാറുകൾ തിരുവനന്തപുരത്തെ കെ എസ് ആർ ടി സിയുടെ മന്ദിരത്തിലും വരാൻ സാധ്യത ഏറെയാണ്.
ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത് 2016 -ലാണ്. വാണിജ്യ സമുച്ചയത്തിന്റെ കരാർ നടപടികൾ 2015 -ൽത്തന്നെ തുടങ്ങിയിരുന്നു. അതാകട്ടെ, നിയമനടപടികളിൽ കുരുങ്ങി. പിന്നീട് 2018 -ലും കരാർ ക്ഷണിച്ചു. അതിനുശേഷം, 2019 -ൽ നടന്ന ടെൻഡറിലാണ്, കോഴിക്കോട് മുക്കം ആസ്ഥാനമായ, ആലിഫ് ബിൽഡേഴ്സിന് കരാർ കിട്ടിയത്. 17 കോടി രൂപയുടെ തിരിച്ചു നൽകാത്ത നിക്ഷേപവും, പ്രതിമാസം 43 ലക്ഷം രൂപ വാടകയുമാണ് കരാർ പ്രകാരം തീരുമാനിച്ചിരുന്നത്.
എന്നാൽ, 17 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയായ നാലരക്കോടി ഇളവ് നൽകണമെന്ന് ആലിഫ് ബിൽഡേഴ്സ് ആവശ്യപ്പെട്ടതാണ് കാര്യങ്ങൾ ഇത്രയും വൈകിച്ചത്. 2019 ലും പിണറായി സർക്കാരിന്റെ നേതൃത്വത്തിലായിരുന്നു ടെൻഡർ. ഇതിന്റെ ധാരണാപത്രം ഓഗസ്റ്റ് 26 -ന് സർക്കാർ ആലിഫ് ബിൽഡേഴ്സിന് കൈമാറും. പുറത്തു വരുന്ന സൂചനകൾ അനുസരിച്ച് നാലു കോടിയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഇളവും കിട്ടും. രണ്ടാം പിണറായി സർക്കാരിലെ ഏറ്റവും വലിയ അഴിമതിയായി ഇതു മാറുമെന്നാണ് സൂചന.
ധാരണാപത്രം കൈമാറുന്നതോടെ, വിദേശരാജ്യങ്ങളിലെ മാതൃകയിൽ സൂക്കും, ഫുഡ് കോർട്ടും തുടങ്ങുമെന്നാണ്, ആലിഫ് ബിൽഡേഴ്സ് ഉടമകളായ, കെവി മൊയ്തീൻ കോയയും അബ്ദുൽ കലാമും പറയുന്നത്. 250 കാറുകളും, 600 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യുന്നതിലൂടെ, ഒരുദിവസം എത്ര രൂപയുടെ വരുമാനമാണ് പാട്ടക്കാരായ ആലിഫ് ബിൽഡേഴ്സിന് ഉണ്ടാകുന്നത് എന്ന ചോദ്യം പ്രസക്തമാണ്. കെ എസ് ആർ ടി സി സമുച്ചയങ്ങളിൽ ഒരു നിശ്ചിത മണിക്കൂർ കഴിഞ്ഞാൽ കൂടുതൽ വാടക കൊടുക്കണം. വ്യാപാരസ്ഥാപനങ്ങളുടെ വാടക വേറെയും. ചുരുക്കിപ്പറഞ്ഞാൽ, ഒരുമാസം സർക്കാരിന് കൊടുക്കുന്നതിന്റെ ഇരുപതോ ഇരുപത്തിരണ്ടോ മടങ്ങാണ് ആലിഫ് ബിൽഡേഴ്സിന് കിട്ടുന്നത്.
2007 ലാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി കോംപ്ലക്സ് പണിയാൻ സർക്കാർ തീരുമാനിക്കുന്നത്. 2016 ൽ മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കി കോംപ്ലക്സ് നാടിന് സമർപ്പിച്ചു. മൊത്തം കെട്ടിടം ഏറ്റെടുത്ത് നടത്തുന്നതിന് വേണ്ടി 2015 ൽ തന്നെ ടെണ്ടറുകൾ വിളിച്ചിരുന്നെങ്കിലും ആരും ഏറ്റെടുക്കാനായി മുന്നോട്ടുവന്നില്ല. തുടർന്നാണ് ആലിഫ് ബിൽഡേഴ്സ് ഏറ്റെടുക്കുന്നത്. നേരത്തെ, തിരുവനന്തപുരം വിമാനത്താവളം 30 വർഷത്തേക്ക് പാട്ടത്തിന് നൽകാനായി കേന്ദ്ര സർക്കാർ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് ലേലം നടത്തിയതിനെ എതിക്കാൻ മുന്നിട്ട് നിന്ന് വ്യക്തിയാണ് ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.
ലേലത്തിൽ പിണറായി സർക്കാർ പരാജയപ്പെടുകയും അദാനി ഗ്രൂപ്പ് വിജയിക്കുകയും ചെയ്തതിനെതിരെ ഇദേഹം നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐ തിരുവനന്തപുരത്ത് സമരം നടത്തിയിരുന്നു. വിമാനത്താളവം കേന്ദ്ര സർക്കാർ അദാനി ഗ്രൂപ്പിന് വിറ്റുവെന്ന് പ്രചരിപ്പിക്കുന്നതിന് മുൻപന്തിയിൽ നിന്നതും മുഹമ്മദ് റിയാസും സംഘവുമായിരുന്നു. അതേ വ്യക്തിതന്നെ കോഴിക്കോട് കെ.എസ്.ആർ.ടി.സി കോംപ്ലക്സ് ദീർഘകാല പാട്ടത്തിന് ആലിഫ് ബിൽഡേഴ്സിന് 'വിറ്റ' പ്രഖ്യാപനം നടത്തിയ ഇരട്ടത്താപ്പ് സോഷ്യൽ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ