തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിക്കുന്ന സമാനതകലളില്ലാത്ത സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണാനെന്നോണം സ്വീകരിക്കുന്ന പരിഷ്‌കാരങ്ങളെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ.കെഎസ്ആർടിസി ക്ലാസ് മുറികളാക്കുന്നതും മെട്രോ വിവാഹ സേവ് ദ ഡേറ്റിന് അനുവദിക്കുന്നതുമാണ് ഇപ്പോൾ ട്രോളന്മാരുടെ ഇഷ്ടവിഷയം.ഇ ട്രോളുകൾ ഒക്കെത്തന്നെയും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്.കെഎസ്ആർടിസി സ്‌കുളും മെട്രോ സേവ് ദ ഡേറ്റിനും നൽകുമ്പോൾ കെ റെയിൽ കെ ബാറാകുമോയന്നും ട്രോളന്മാർ ചോദിക്കുന്നു.

സർക്കാർ ഏതൊരു പുതിയ പദ്ധതി വരുന്നതിനും മുന്നെ, പദ്ധതി വിജയിക്കുമോയെന്ന സാദ്ധ്യതാ പഠനം നടത്തും. കാരണം, പദ്ധതി പ്രാവർത്തികമായതിന് ശേഷം പിന്നീട് നഷ്ടത്തിലായാൽ അത് സർക്കാറിന് ക്ഷീണമാണെന്നതുകൊണ്ട് തന്നെ. അങ്ങനെ ഒരു വിജയ പദ്ധതിയായി അവതരിപ്പിച്ചായിരുന്നു മെട്രോ റയിൽ കേരളത്തിലെത്തിയത്.

എന്നാൽ, കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം പ്രതിദിനം ഒരുകോടി രൂപയാണ് കൊച്ചി മെട്രോയുടെ നഷ്ടമെന്ന് സർക്കാറിന്റെ കണക്കുകൾ തന്നെ തെളിവ് തരുന്നു.ഇതിനിടെയാണ് മറ്റൊരു വിജയകരമായ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്, കെ റെയിൽ. കെ എസ് ആർ ടിസിയുടെ നഷ്ടക്കണക്ക് കൂടി വന്നതോടെ സർക്കാർ പ്രതിരോധത്തിലായി.

 

വരുമാനം കണ്ടെത്താനായി കെഎസ്ആർടിസി ബസിൽ ക്ലാസ് റൂം ആരംഭിക്കാനും മെട്രോ റെയിൽ വിവാഹ ഷൂട്ടിങ്ങിന് നൽകാനും സർക്കാർ തീരുമാനിച്ചു. അപ്പോഴാണ്, വരാനിരിക്കുന്ന കെ റെയിൽ ബാറാക്കാമോയെന്ന് ചോദിച്ച് ട്രോളന്മാർ രംഗത്തെത്തിയത്.

കടം കേറി മുങ്ങാറായ നിലയിലാണ് കെഎസ്ആർടിസി എന്ന പൊതു ഗതാഗതസംവിധാനമെന്ന് സർക്കാർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഓരോ വർഷവും കൂടുതൽ പണം വകയിരുത്തി നഷ്ടം നികത്താനുള്ള ശ്രമം സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുമുണ്ട്. കട്ടപ്പുറത്തായ കെ.എസ്.ആർ.ടി.സി ബസ്സുകൾ ഇനി കുട്ടികൾക്ക് പഠിക്കാൻ ക്ലാസ് മുറികളാകുന്നത് ഇതിന്റെ ഭാഗമാണ്.

സ്‌കൂളുകൾ തുറക്കുമ്പോഴേക്കും ബസ്സുകൾ മോടി കൂടി ക്ലാസ്മുറികളായി സ്‌കൂൾ മുറ്റത്തെത്തെത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.പൊളിക്കാനിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾ സർക്കാരിന്റെ വിവിധ വകുപ്പുകൾ ഏറ്റെടുത്ത് മോടിപിടിപ്പിക്കാറുണ്ട്. കുടുംബശ്രീ, ഹോട്ടികോർപ്, ഫിഷറീസ്, ടൂറിസം വകുപ്പുകളെല്ലാം നിലവിൽ ഉപയോഗശൂന്യമായ കെ.എസ്.ആർ.ടി.സി ബസ്സുകൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ക്ലാസ്മുറി പദ്ധതിയും.

അതത് സ്‌കൂളുകൾ വേണം ബസ് ഏറ്റെടുത്ത് മോടി പിടിപ്പിച്ച് ക്ലാസ്മുറികളാക്കാൻ. എ സി ലോ ഫ്ളോർ ബസ്സുകളടക്കം ഇതിനായി നൽകാനാണ് ഉദ്ദേശിക്കുന്നത്. വിവിധ സ്‌കൂളുകളാണ് ആവശ്യവുമായി മുന്നോട്ടുവന്നത്. യാത്രായോഗ്യമല്ലാത്ത ബസുകൾ പൊളിക്കുക ഏറെ ചെലവുള്ള കാര്യമാണെന്നും പുനരുപയോഗത്തിലൂടെ ഈ പ്രശ്നം പരിഹരിക്കാമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. നിലവിൽ സർക്കാർ സ്‌കൂളുകൾക്കാണ് ബസുകൾ നൽകുന്നത്. ബസ് ക്ലാസ്മുറികൾ വിദ്യാർത്ഥികൾക്ക് ഇത് പുതിയൊരു അനുഭവമാകുമെന്ന് ആന്റണി രാജു പറഞ്ഞു.

ഇതിന് പിന്നാലെയാണ് മെട്രോയെ സേവ് ദ ഡേറ്റിന് അനുവദിക്കുന്നത്.സിനിമകളിലും മറ്റും മെട്രോ സ്റ്റേഷനുകളും, ട്രെയിനുകളും കാണുമ്പോൾ നിങ്ങൾക്കൊരു ഫോട്ടോഷൂട്ട് നടത്തണമെന്നു തോന്നിയിട്ടുണ്ടോ? എന്നാൽ ഇനി അത് ആഗ്രഹമായി മനസിൽ കൊണ്ട് നടക്കണ്ട. കൊച്ചിയിലേക്ക് വച്ചുപിടിച്ചോ. അതേ, കൊച്ചി മെട്രോ ഇനി മുതൽ ഫോട്ടോഷൂട്ടുകളിൽ നിറയും.

വർധിച്ചു വരുന്ന സേവ് ദ ഡേറ്റ് ട്രെൻഡ് വരുമാന മാർഗമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കൊച്ചി മെട്രോ. കൊച്ചി മെട്രോയെ ലാഭത്തിലാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഫോട്ടോഷൂട്ട് എന്ന ആശയം ഉൾക്കൊള്ളുന്നത്.കൊച്ചി മെട്രോ അതോരിറ്റിയുടെ നടപടിയെ വിമൾശിച്ചും നിരവധി ആളുകൾ രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണു വിലയിരുത്തൽ. എന്നാൽ നടപടി വരുമാനം വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

 

ഫോട്ടോഷൂട്ടുകൾക്കായി മെട്രോ സ്റ്റേഷനുകളിലും മറ്റും പ്രത്യേക സൗകര്യമൊരുക്കുമോയെന്ന കാര്യം കണ്ടറിയണം. ഫോട്ടോ ഷൂട്ടിനായി ഉപയോക്താക്കൾക്ക് ഒരു കോച്ച് മുതൽ മൂന്ന് കോച്ച് വരെ ബുക്ക് ചെയ്യാം. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാൻ അനുമതിയുണ്ടാകും. ആലുവയിൽ നിന്ന് പേട്ട വരെയും തിരിച്ചുമുള്ള സർവീസുകളിൽ ഷൂട്ടിങ് അനുമതി ഉണ്ടാകും. അതേസമയം നിരക്കുകളിൽ മാറ്റമുണ്ടാകും.

നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ രണ്ട് മണിക്കൂർ ഷൂട്ട് ചെയ്യാൻ 5,000 രൂപയും മൂന്ന് കോച്ചിന് 12,000 രൂപ നൽകേണ്ടി വരും. സഞ്ചരിക്കുന്ന ട്രെയിനിലാണ് ഷൂട്ട് എങ്കിൽ ചെലവ് അൽപം കൂടും. ഇവിടെ ഒരു കോച്ചിന് 8,000 രൂപയും മൂന്നു കോച്ചിന് 17,500 രൂപയും നൽകേണ്ടി വരും. ഷൂട്ടിന് മുമ്പ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം.

 

ഒരു കോച്ചിന് 10,000 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. മൂന്ന് കോച്ച് ഒരുമിച്ചെടുത്താൽ 25,000 രൂപ നൽകിയാൽ മതി. ഈ തുക ഷൂട്ട് കഴിഞ്ഞ് പോകുമ്പോൾ തിരികെ നൽകും. ഇനി മുതൽ കൊച്ചി മെട്രോ സ്റ്റേഷനുകൾ സേവ് ദ് ഡേറ്റ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾക്ക് നിറം പകരും.

നഷ്ടക്കണക്കുകൾ കൂടിയപ്പോഴാണ് ട്രോളന്മാരും രംഗത്തെത്തിയത്. തുടങ്ങും മുമ്പ് സർക്കാർ കണക്കുകളിൽ കോടികളുടെ ലാഭത്തിലാണ് കെ റെയിൽ. തുടങ്ങിക്കഴിഞ്ഞാൽ പിന്നെ കെഎസ്ആർടിസിയുടെയും മെട്രോയുടെയും അവസ്ഥയിലാകുമെന്നത് സർക്കാറിനറിയില്ലെങ്കിലും ട്രോളന്മാർക്ക് അറിയാം.