തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളപരിഷ്‌കരണം ജൂണിൽ നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 2016 മുതൽ കുടിശികയുള്ള ഒമ്പതു ഗഡു ഡിഎയിൽ മൂന്നു ഗഡു അടുത്ത മാസം നൽകും.

ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ പത്തു ശതമാനമെങ്കിലും സ്ഥാനക്കയറ്റം വഴി നികത്തുന്ന കാര്യം പരിഗണിക്കും. ആശ്രിത നിയമനത്തിന് അർഹതയുള്ളവരെ ഡ്രൈവർ, കണ്ടക്ടർ വിഭാഗത്തിൽ ഒഴിവുള്ള തസ്‌കയിലേക്കു പരിഗണിക്കും. ജീവനക്കാരുടെ ശമ്പള റിക്കവറികൾ, ബാങ്കുകൾ, എൽഐസി, കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്ക് അടയ്ക്കുന്നതിനുള്ള ഇനത്തിൽ 2016 മുതൽ കുടിശികയുള്ള 225 കോടി രൂപ ഈ വർഷം നൽകും.

പിരിച്ചുവിട്ട താത്കാലിക വിഭാഗം ഡ്രൈവർ, കണ്ടക്ടർമാരിൽ പത്തു വർഷത്തിലധികം സർവീസുള്ള അർഹതയുള്ളവരെ ആദ്യഘട്ടമായി കെയുആർടിസിയിൽ സ്ഥിരപ്പെടുത്തും. ബാക്കി പത്തു വർഷത്തിൽ താഴെ സർവീസുള്ളവരെ ഘട്ടം ഘട്ടമായി പുതുതായി രൂപീകരിക്കുന്ന കെഎസ്ആർടിസി സ്വിഫ്റ്റിൽ താത്കാലിക അടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കെഎസ്ആർടിസി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്

നിലവിൽ പ്രതിവർഷം സർക്കാർ നൽകുന്ന 1500 മുതൽ 1700 കോടി രൂപ വരെ ധനസഹായത്തോടെയാണ് കെഎസ്ആർസിസി മുന്നോട്ടുപോകുന്നത്. വരവുചെലവ് അന്തരം ക്രമാതീതമായി കുറച്ചുകൊണ്ട് അടുത്ത മൂന്നു വർഷത്തിനുള്ളിൽ സർക്കാരിലുള്ള ആശ്രയം പരമാവധി കുറയ്ക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി സർക്കാർ കെഎസ്ആർടിസി റീസ്ട്രക്ചർ 2.0 എന്ന ബൃഹത് പദ്ധതി നടപ്പിലാക്കുകയാണ്.

ഇത്തരം പരിഷ്‌ക്കാരങ്ങൾ ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനും സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും ഉന്നമനത്തിനും അനിവാര്യമാണ്. ഈ പദ്ധതി നടപ്പിലാക്കുന്നതിന് ജീവനക്കാരുടെ പൂർണ്ണ സഹകരണവും സംതൃപ്തമായ വ്യവസായ അന്തരീക്ഷവും നിലനിർത്തേണ്ടതുണ്ട്. ഇതുകണക്കിലെടുത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും 65 കോടി രൂപ ശമ്പളത്തിന് പുറമെ എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും പ്രതിമാസം 1,500 രൂപ വീതം ഇടക്കാലാശ്വാസം സർക്കാർ 2020 നവംബർ മാസം മുതൽ അനുവദിച്ച് നൽകിയിട്ടുള്ളത്.

റീസ്ട്രക്ചർ 2.0 നടപ്പിലാക്കുന്നതിനായി ജീവനക്കാരുടെ പൂർണ്ണ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് താഴെപറയുന്ന കാര്യങ്ങൾ നടപ്പിലാക്കും.

1. കെഎസ്ആർടിസിയിൽ 01-7-2016 മുതലുള്ള ഒൻപത് ഗഡു ഡിഎ കുടിശ്ശികയാണ്. ഇതിൽ മൂന്നു ഗഡു ഡിഎ 2021 മാർച്ച് മാസം നൽകും.

2. 2016 മുതൽ അർഹമായ ശമ്പളപരിഷ്‌ക്കരണം 2021 ജൂൺ മാസം മുതൽ പ്രാബല്യത്തിലാകും.

3. ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയിൽ ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്തികയിലും സ്ഥാനക്കയറ്റം നൽകാൻ കഴിയില്ല. എന്നാൽ, എല്ലാ തലങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന തസ്തികയുടെ പത്തുശതമാനമെങ്കിലും സ്ഥാനക്കയറ്റം നൽകുന്നത് പരിഗണിക്കും.

4. ആശ്രിത നിയമനത്തിന് അർഹതയുള്ളവരെ ഡ്രൈവർ, കണ്ടക്ടർ വിഭാഗത്തിൽ ഒഴിവുള്ള തസ്‌കയിലേയ്ക്ക് പരിഗണിക്കും.

5. ജീവനക്കാരുടെ ശമ്പള റിക്കവറികൾ, ബാങ്കുകൾ, എൽഐസി, കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്ക് അടയ്ക്കുന്നതിനുള്ള ഇനത്തിൽ 3062020ലെ കണക്കുപ്രകാരം 2016 മുതൽ കുടിശ്ശികയുള്ള 225 കോടി രൂപ ഈ വർഷം നൽകും. (ഇത് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്).

6. സർക്കാർ ഇതുവരെ വായ്പയായി നൽകിയ 3197.13 കോടി രൂപ സർക്കാർ ഇക്വിറ്റിയായി മാറ്റണമെന്നതും അതിന്മേലുള്ള പലിശയും പിഴപലിശയും ചേർന്ന 961.79 കോടി രൂപ എഴുതിത്ത്തള്ളണമെന്നതും തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.

7. എൽഎൻജി, സിഎൻജി, ഇലക്ട്രിക് ബസ്സുകൾ നിരത്തിലിറക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.റ്റി.സി.യുടെ കീഴിൽ കെഎസ്ആർടിസി സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. അതിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും. കിഫ്ബിയുടെ വായ്പയാണ് ഇതിന് ലഭ്യമാക്കുക.

8. പിരിച്ചുവിട്ട താൽക്കലിക വിഭാഗം ഡ്രൈവർ, കണ്ടക്ടർമാരിൽ പത്ത് വർഷത്തിന്മേൽ സർവീസുള്ള അർഹതയുള്ളവരെ ആദ്യഘട്ടമായി കെയുആർടിസിയിൽ സ്ഥിരപ്പെടുത്തും. ബാക്കി പത്ത് വർഷത്തിൽ താഴെ സർവീസുള്ളവരെ ഘട്ടംഘട്ടമായി കെഎസ്ആർടിസി സ്വിഫ്റ്റിൽ താൽക്കാലിക അടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കും.

9. ഒരു റവന്യൂ ജില്ലയിൽ ഒരു പ്രധാന ഡിപ്പോയിൽ മാത്രം ഭരണനിർവ്വഹണ ഓഫീസ് (14 ഓഫീസുകൾ) കളുടെ എണ്ണം നിജപ്പെടുത്തും.

10. പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയിൽ കെഎസ്ആർടിസിയുടെ 76 ഡിപ്പോകളിൽ പൊതുമേഖലാ എണ്ണകമ്പനികളുമായി ചേർന്ന് പെട്രോൾ, ഡീസൽ ഔട്ട്‌ലെറ്റുകൾ ആരംഭിക്കും. ഇതിലേക്ക് ഏകദേശം 600 മെക്കാനിക്കൽ ജീവനക്കാരെ നിയോഗിക്കും.

11. മേജർ വർക്ഷോപ്പുകളുടെ എണ്ണം 14 ആയും, സബ്ഡിവിഷൻ വർക്ഷോപ്പുകളുടെ എണ്ണം 6 ആയും പുനർ നിർണ്ണയിക്കും. നിലനിർത്തുന്ന 20 വർക്ക്‌ഷോപ്പുകളിൽ ആധുനിക സൗകര്യങ്ങൾ ഒരുക്കും.

12. ഹാൾട്ടിങ് സ്റ്റേഷനുകളിൽ വൃത്തിയുള്ള വിശ്രമ മുറികൾ ക്രൂവിന് ഒരുക്കും.

13. ഭരണവിഭാഗം ജീവനക്കാരെ അഡ്‌മിനിസ്‌ട്രേറ്റീവ്, അക്കൗണ്ടിങ് വിഭാഗങ്ങളായി പുനഃക്രമീകരിക്കും. ജീവനക്കാർക്ക് കൂടുതൽ പ്രമൊഷൻ സാധ്യതകൾ സൃഷ്ടിക്കും.

14. കിഫ്ബിയുമായി സഹകരിച്ച് വികാസ് ഭവൻ ഡിപ്പോ നവീകരണവും വാണിജ്യസമുച്ചയ നിർമ്മാണവും കെടിഡിസിയുമായി സഹകരിച്ച് മൂന്നാറിൽ ഹോട്ടൽ സമുച്ചയവും ആരംഭിക്കും.

15. ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഷോപ്‌സ് ഓൺ വീൽസ്, കെഎസ്ആർടിസി ലോജിസ്റ്റിക്‌സ്, ഡിജിറ്റൽ പരസ്യം തുടങ്ങിയ വിവിധ പദ്ധതികൾ ആരംഭിക്കും.