ബംഗളൂരു: കേരളത്തിലെ ആന വണ്ടിയുടെ പേര് തന്നയാണ് കർണ്ണാടകത്തിലെ സർക്കാർ ബസ് സർവ്വീസിനും. രണ്ടും കെഎസ്ആർടിസി. കേരളത്തെ പോലെ ആകുലതകളൊന്നും ബംഗളൂരുവിലെ കെഎസ്ആർടിസിക്കില്ല. അവിടുത്ത റോഡുകളിൽ അവൻ രാജാവാണ്. ആരോടും തോൽക്കാത്ത രാജാവ്.

ബി.എം.ഡബ്ല്യുവോ, ഫെരാരിയോ, ലംബോർഗിനിയോ ആഡംബര കാർ ഏതായാലും കെ.എസ്.ആർ.ടി.സിക്ക് അതൊരു വിഷയമല്ല. ആരൊക്കെ വന്നാലും റോഡിൽ രാജാവ് കെ.എസ്.ആർ.ടി.സി. തന്നെ. ബി.എം.ഡബ്ല്യു, ഫെരാരി, ലംബോർഗിനി എന്നീ കാറുകൾ മുന്നിൽ കയറാൻ പറ്റാതെ കർണാടകയുടെ കെ.എസ്.ആർ.ടി.സിക്ക് പിന്നിൽ കിടക്കുന്ന ചിത്രം ഫെയ്‌സ് ബുക്കിൽ വൈറലാവുകയാണ്.

കോടികൾ വിലമതിക്കുന്ന മൂന്ന് കാറുകളാണ് മുന്നിൽ കയറാൻ പറ്റാതെ കെ.എസ്.ആർ.ടി.സിയുടെ പിന്നിൽ പതുക്കെ പോകുന്നത്. കാറിനു പിന്നിലുള്ള മറ്റൊരു ബസിൽ സഞ്ചരിച്ചയാളാണ് ചിത്രം പകർത്തിയത്. തുടർന്ന് ഇയാൾ ചിത്രം ഫെയിസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ബി.എം.ഡബ്ല്യു ഐ8, ഫെരാരി 458 ഇറ്റാലിയ, ലംബോർഗിനി എവെന്റഡോർ എന്നീ ആഡംബര കാറുകൾ കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ പോകുന്നതാണ് ചിത്രം.