തിരുവനന്തപുരം: പത്തുമണിക്കൂർ ജോലി ചെയ്ത ശേഷം 16 മണിക്കൂറിന്റെ ശമ്പളം വാങ്ങുന്ന കണ്ടക്ടർമാരുടേയും ഡ്രൈവർമാരുടേയും ഡബിൾ ഡ്യൂട്ടി സമ്പ്രദായമാണ് കെഎസ്ആർടിസി എംഡി എം.ജി.രാജമാണിക്യം പൊളിച്ചെഴുതിയത്. ഈ സ്ഥാപനത്തെ നന്നാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് പിന്മാറിയവരുടെ ചരിത്രത്തിൽ നെഞ്ച് വിരിച്ച് നിൽക്കാൻ രാജമാണിക്യത്തിന് കഴിയുന്നത് അതുകൊണ്ടാണ്. ഡ്യൂട്ടി പരിഷ്‌കരണത്തിലൂടെ വരുമാനത്തിൽ ഒന്നേമുക്കാൽ കോടി രൂപയാണ് വർദ്ധിച്ചത്. നാലരക്കോടിയുണ്ടായിരുന്ന വരുമാനം ഇപ്പോൾ ആറേകാൽ കോടി രൂപയായി.

നാളിതുവരെ ആരും നടപ്പിലാക്കാൻ ധൈര്യപ്പെടാത്ത നീക്കങ്ങളാണ് രാജമാണിക്യത്തിന്റെ വിജയത്തിന് പിന്നിൽ.ഡ്യൂട്ടിക്കിടെയുള്ള യൂണിയൻ പ്രവർത്തനം, ഡ്യൂട്ടിയിൽ വീഴ്്ച വരുത്തിയാൽ കർശന അച്ചടക്ക നടപടികൾ, വിദ്യാർത്ഥികൾക്ക് നൽകുന്ന കൺസഷൻ കാർഡിന് പ്രോസസിങ് ഫീസ് എന്നിവയൊക്കെ കടുത്ത എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയെങ്കിലും രാജമാണിക്യം കുലുങ്ങിയില്ല.

കഴിഞ്ഞ മാസം 15-നാണ് ഡബിൾഡ്യൂട്ടി സമ്പ്രദായം ഒന്നര ഡ്യൂട്ടിയാക്കി മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. പുതിയ ഉത്തരവ് പ്രകാരം ജോലിസമയം 13 മണിക്കൂറാണെങ്കിൽ മാത്രമേ ഡബിൾ ഡ്യൂട്ടി ആകുന്നുള്ളു.യാത്രക്കിടയിലുള്ള വിശ്രമ സമയവും ഭക്ഷണത്തിനുള്ള സമയവുമൊക്കെ നേരത്തെ ഡബിൾ ഡ്യൂട്ടിയിൽ പെടുത്തിയിരുന്നു. ഈ ആനുകൂല്യങ്ങൾ എടുത്തുകളഞ്ഞതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്.

പ്രതിവർഷം 500 കോടിയ രൂപയിൽ താഴെയുണ്ടാക്കുന്ന സംവിധാനമായിരുന്നു ജീവനക്കാരുടെ ഡബിൾ ഡ്യൂട്ടി സംവിധാനം. 2 മണിക്കൂർ വണ്ടി ഓടിച്ചാൽ പോലും 8 മണിക്കൂറിന്റെ ശമ്പളം കിട്ടുന്ന പരിപാടിയായിരുന്നു അത്. 16 മണിക്കൂർ വണ്ടി ഓടിക്കേണ്ട ഡബിൾ ഡ്യൂട്ടിയിൽ വണ്ടി ഓടിക്കുന്നത് 10 മുതൽ 12 മണിക്കൂർ വരെ മാത്രം. കർണ്ണാടകത്തിലും തമിഴ് നാട്ടിലുമൊക്കെ ഇത്തരം ഡ്യൂട്ടികൾക്ക് ഒരു റൂട്ടിലും 5 മണിക്കൂർ കഴിഞ്ഞുള്ള സമയത്തിന് മണിക്കൂർ ശമ്പളവുമാണ്. 1.20 ലക്ഷം ജനങ്ങൾ പണിയെടുക്കുന്ന ആന്ധ്ര ഗതാഗത കോർപ്പറേഷനിലും സ്ഥിതി ഇതു തന്നെയാണ് സ്ഥിതി.

ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്തുക എന്നതാണ് രാജമാണിക്യത്തിന്റെ മനസിലുള്ള മറ്റൊരു കാര്യം. ഇത് വഴി ലക്ഷങ്ങൾ പ്രതിമാസം ലാഭിക്കാൻ സാധിക്കും. ദ്വീർഘദൂര സർവീസുകളുടെ കാര്യത്തിലാണ് ഈ സംവിധാനം ഗുണപ്രദമാകുക. കണ്ടക്ടറും ഡ്രൈവറും എന്ന നിലവിലെ സംവിധാനത്തിന് പകരം കണ്ടക്ടറുടെയും ഡ്രൈവറുടെയും റോൾ വഹിക്കുന്ന രണ്ട് പേരെ ദീർഘദൂര സർവീസുകളിൽ നിയോഗിക്കും.കണ്ടക്ടറായും ക്ലർക്കായും പ്രവേശിച്ച് പിന്നീട് രാഷ്ട്രീയ പിൻബലത്തിൽ പ്രമോഷൻ നേടി ഉന്നത സ്ഥാനങ്ങൾ നേടിയെടുക്കുന്ന ശീലത്തിനും ഇതോടെ അറുതി വരുത്താനാകും.

ഹാജർ പരിശോധനയും ദ്രുതപരിശോധനയുമൊക്കെ സർവീസ് മുടക്കം തടയാനും, കാര്യക്ഷമമാക്കാനും സഹായിച്ചിട്ടുണ്ടെന്ന കാര്യം ജീവനക്കാർ പോലും രഹസ്യമായി സമ്മതിക്കുന്നു.ഹാജർ പരിശോധനയിൽ ഭരണക്ഷി യൂണിയൻ ഉന്നത നേതാവ് ഒപ്പിട്ടിട്ട് യൂണിയൻ പ്രവർത്തനത്തിന് പോയത് എംഡി കയ്യോടെ പിടികൂടി. തൊണ്ടിയോടെ പിടികൂടിയതിനാൽ പണിമുടക്കു പോയിട്ട് ഒന്നു പ്രതികരിക്കാൻ കൂടി യൂണിയനായില്ല. അച്ചടക്കത്തിനു തന്നെയാണ് പ്രഥമ പരിഗണനയെന്നും അതിൽ വീഴ്‌ച്ച വരുത്തുന്ന ആരെയും രക്ഷിക്കില്ല എന്നു മാത്രമല്ല അടിയന്തര നടപടിയുണ്ടാകുയെന്ന സന്ദേശവും നൽകാൻ രാജമാണിക്യത്തിനായി.

അതേസമയം നഷ്ടത്തിൽ നിന്നും കരകയറ്റി പൊതുഗതാഗത സംവിധാനം നിലനിർത്താൻ വേണ്ടി കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നെ പിന്തുണ രാജമാണിക്യത്തിനുണ്ട്. എതിർപ്പുകളെ സമചിത്തതയോടെ നേരിട്ട് ജീവനക്കാരുടെ വിശ്വാസമാർജിച്ച് മുന്നോട്ട് പോയാൽ കെഎസ്ആർടിസിയെ കരകയറ്റാൻ രാജമാണിക്യത്തിനാവുമെന്ന് ഉറപ്പാണ്. അതിനുള്ള പിന്തുണയും, ഇച്ഛാശക്തിയും കാട്ടേണ്ടത് സർക്കാരാണ്.