- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേണം കൂടുതൽ യാത്രക്കാർ; ടിക്കറ്റ് നിരക്കിൽ ഇളവ് വരുത്തി കെഎസ്ആർടിസി; ഇളവ് പ്രഖ്യാപിച്ചത് അന്തർസംസ്ഥാന ബസ്സുകളിൽ; പുതിയ നിരക്ക് ഇന്ന് മുതൽ
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വരുമാനത്തിൽ നല്ലൊരു പങ്കും വഹിച്ചിരുന്നത് അന്തർസംസ്ഥാന ബസ്സുകൾ ആയിരുന്നു.എന്നാൽ കോവിഡാനന്തരം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതോടെ ഈ സർവ്വീസും പ്രതിസന്ധിയിലായി.ഈ പ്രശ്നത്തിന് പരിഹാരമായാണ് കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകളിൽ ഇളവ് വരുത്താൻ കെഎസ്ആർടിസി ഒരുങ്ങുന്നത്. അന്തർ സംസ്ഥാന വോൾവോ, സ്കാനിയ, മൾട്ടി ആക്സിൽ ബസ് ടിക്കറ്റ് നിരക്കിൽ 30 ശതമാനം താത്കാലിക ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കിലെ ഇളവുകൾ ഇന്ന് മുതൽ നിലവിൽ വരും.
ഇതോടൊപ്പം എസി ജന്റം ലോ ഫ്ളോർ ബസുകളിലും ടിക്കറ്റ് ഇളവ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിൽ നേരത്തെ താൽക്കാലികമായി വർധിപ്പിച്ച നിരക്കിലാണ് ഇളവ് നൽകുന്നത്. കോവിഡ് കാലത്ത് എസി ജന്റം ലോ ഫ്ളോർ ബസുകളിൽ ആദ്യത്തെ 5 കിലോമീറ്ററിന് മിനിമം ചാർജ് 26 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 187 പൈസയുമാണ് ഈടാക്കിയിരുന്നത്. ഇത് ഇപ്പോൾ മിനിമം ചാർജ് 26 ആയി നിലനിർത്തുകയും, കീലോമീറ്ററിന് 125 പൈസയുമായി കുറയ്ക്കുവാനും തീരുമാനിച്ചു.
ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ-എറണാകുളം വഴി കോഴിക്കോട് ഭാഗത്തേക്ക് ലോ ഫ്ളോർ എസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. കൂടാതെ തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴിയും കോഴിക്കോട് ഭാഗത്തേക്ക് സർവീസുണ്ട്. ഈ ബസുകളിലാണ് ടിക്കറ്റുകളിൽ ഇളവ് ലഭിക്കുക.