- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണം; സർക്കാർ ജീവനക്കാർക്ക് തുല്യമായി ശമ്പളം പരിഷ്കരിക്കാൻ തീരുമാനം; അടിസ്ഥാന ശമ്പളം 23000 രൂപയായി ഉയരും; ഡ്യൂട്ടി പാറ്റേൺ പരിഷ്കരിക്കും
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം സർക്കാർ ജീവനക്കാരുടേതിനു തുല്യമായി പരിഷ്കരിക്കും. ജനുവരി 1 മുതൽ പുതിയ നിരക്ക് നടപ്പാക്കാനും അംഗീകൃത തൊഴിലാളി യൂണിയനുകളുമായി മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയിൽ തീരുമാനമായി. പുതിയ ശമ്പള സ്കെയിലിന് 2021 ജൂൺ മുതൽ പ്രാബല്യമുണ്ട്.നിലവിലുള്ള അടിസ്ഥാന ശമ്പളം 8730 രൂപയിൽ നിന്ന് 23,000 ആകും. ഡിഎ 137% പുതിയ ശമ്പള സ്കെയിലിൽ ലയിപ്പിക്കും. ഫിറ്റ്മെന്റ് അലവൻസ് 10% നിലനിർത്തും.
ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക് തസ്തികയിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ആറു മാസം പ്രസവാവധിക്കു പുറമെ 5000 രൂപ അലവൻസോടെ ഒരു വർഷത്തെ ശൂന്യവേതനാവധി അനുവദിക്കും. സർവീസ് ആനുകൂല്യങ്ങൾക്ക് ഇക്കാലയളവ് പരിഗണിക്കും. 2022 ജനുവരിയിലേതുമുതൽ പുതിയ നിരക്കിൽ ശമ്പളം ലഭിക്കും. 2021 ജൂൺ മുതൽ മുൻകാല പ്രാബല്യമുണ്ടാകും.
വീട്ടുവാടക ബത്ത നാലു ശതമാനം നിരക്കിൽ കുറഞ്ഞത് 1200- രൂപമുതൽ 5000 രൂപവരെ വർധിപ്പിക്കും. ഡിസിആർജി ഏഴു ലക്ഷത്തിൽനിന്ന് 10 ലക്ഷമായി വർധിപ്പിക്കും. സിവിപി 20 ശതമാനം തുടരും. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർമാർക്ക് 50 രൂപയും ഇരുപതിൽ കൂടുതൽ ഡ്യൂട്ടി ചെയ്യുന്നവർക്ക് 100 രൂപയും അധികബത്ത നൽകും. സ്ഥാനക്കയറ്റം ഘട്ടംഘട്ടമായി നടപ്പാക്കും.
ഡ്യൂട്ടി പാറ്റേൺ പരിഷ്കരിക്കും
മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് അനുസരിച്ച് നിയമപരമായി ഡ്യൂട്ടി പാറ്റേൺ പരിഷ്കരിക്കും. ജോലി മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഉൽപ്പാദനക്ഷമത വർധിപ്പിക്കും. 500 കിലോമീറ്റർ വരെയുള്ള ദീർഘദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്ടറെ നിയോഗിക്കും. അന്തർസംസ്ഥാന ബസുകളിൽ ക്രൂ ചെയിഞ്ച് നടപ്പാക്കും. ഡ്രൈവർ കം കണ്ടക്ടർ, അക്കൗണ്ടിങ് വിഭാഗം എന്നീ പുതിയ കേഡർ തസ്തികകൾ സൃഷ്ടിക്കും. മെക്കാനിക്കൽ ജനറൽ, മെക്കാനിക്കൽ ഓട്ടോ എന്നിങ്ങനെ മെക്കാനിക്കൽ വിഭാഗം പുനഃസംഘടിപ്പിക്കും. 45 വയസ്സ് കഴിഞ്ഞ ജീവനക്കാർക്ക് 50 ശതമാനം ശമ്പളത്തോടുകൂടി അഞ്ചു വർഷംവരെ സർവീസ് ആനുകൂല്യങ്ങൾ നിലനിർത്തി അവധി അനുവദിക്കും. പൊതു അവധി പതിനഞ്ചായും നിയന്ത്രിതാവധി നാലായും നിജപ്പെടുത്തും.
കെ സ്വിഫ്റ്റ് ജനുവരിയിൽ
ദീർഘദൂര സർവീസുകൾക്കായുള്ള പുതിയ കമ്പനിയായ കെഎസ്ആർടിസി സ്വിഫ്റ്റ് 2022 ജനുവരിയിൽ ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. എംപാനൽ ജീവനക്കാരെ സംബന്ധിച്ച കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗ സമിതിയെ നിയോഗിക്കും. പെൻഷൻ പരിഷ്കരണം സംബന്ധിച്ച് പെൻഷൻകാരുടെ സംഘടനകളുമായും സഹകരണ, ധന വകുപ്പുമായും ചർച്ച നടത്തി മുഖ്യമന്ത്രിയുടെ അനുമതിയോടെ തീരുമാനിക്കും.
സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ശമ്പളപരിഷ്കരണം നടപ്പാക്കുന്നത് കണക്കിലെടുത്ത് ജീവനക്കാർ സംതൃപ്തരാകുമെന്നും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ചർച്ചയിൽ സി കെ ഹരികൃഷ്ണൻ, പി ഗോപാലകൃഷ്ണൻ (കെഎസ്ആർടിഇഎ-സിഐടിയു), ആർ ശശിധരൻ (ടിഡിഎഫ്), കെ എൽ രാജേഷ് (ബിഎംഎസ്) എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ