- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളവും പെൻഷനും നൽകുന്നത് സർക്കാർ; ശമ്പള പരിഷ്കരണത്തിനും കൈനീട്ടേണ്ടത് സർക്കാരിന് മുന്നിൽ; പച്ചപിടിച്ച് വരുമ്പോഴേക്കും ജീവനക്കാരുടെ സമരം; രണ്ടുദിവസത്തെ സമരം വരുത്തുന്ന നഷ്ടം ഒമ്പത് കോടിയോളം
തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കുമ്പോൾ, തകർക്കുന്നത് സ്വന്തം പ്രസ്ഥാനത്തെ തന്നെ. കാരണം ശമ്പളവും പെൻഷനും എല്ലാം കൊടുക്കുന്നത് സർക്കാരാണ്. സ്വന്തം പോക്കറ്റിൽ നിന്നല്ല എന്ന് ചുരുക്കം, സർക്കാർ ജീവനക്കാർക്ക് തുല്യമായ ശമ്പള വർദ്ധനയാണ് സമരലക്ഷ്യം.
കോവിഡ് കാലത്ത് തിരിച്ചടികളിൽ നിന്ന് ഒന്ന് രക്ഷപ്പെട്ടുവരുന്നതേയുള്ളു. അപ്പോഴേക്കും രണ്ടു ദിവസത്തെ സമരം ശരിക്കും ഇരുട്ടടിയായി. കാരണം നഷ്ടക്കണക്കുകൾ തന്നെ. പണിമുടക്കിയ വെള്ളിയാഴ്ച മാത്രം കെഎസ്ആർടിസിക്കുണ്ടായ ഏകദേശ വരുമാന നഷ്ടം ഒന്നരക്കോടി രൂപ. 4,42,63,043 രൂപയാണ് നാലാം തീയതിയിലെ വരുമാനം. 3,307 സർവീസുകളിലായി 10.27 ലക്ഷം കിലോമീറ്ററാണ് അന്ന് ഓപ്പറേറ്റ് ചെയ്തത്. ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടിയാണ്. ഇന്ധനചെലവ് കഴിച്ചുള്ള തുകയാണ് ഒരു ദിവസത്തെ വരുമാന നഷ്ടമായ ഒന്നരക്കോടി. ഒരു ദിവസത്തെ ശമ്പളം നൽകാൻ കെഎസ്ആർടിസിക്കു വേണ്ടത് 2.8 കോടി രൂപയാണ്.
പണിമുടക്കിയ തൊഴിലാളികൾക്കു സർക്കാർ തീരുമാനത്തിനു വിധേയമായി ഡയസ്നോൺ ബാധകമാകുമെന്നാണ് എംഡിയുടെ സർക്കുലർ. ഡയസ്നോൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചാൽ ശമ്പളം നഷ്ടമാകും. ഇന്നലെ എല്ലാ യൂണിയനുകളും പണിമുടക്കി. ഇന്ന് സിപിഐ, കോൺഗ്രസ് യൂണിയനുകളാണ് പണിമുടക്കുന്നത്. ഇന്നലെ ഒരു ബസും സർവീസ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് പരമാവധി സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി. ഇന്നത്തെ ഷെഡ്യൂളുകളുടെ എണ്ണം രാത്രിയേ അറിയാൻ കഴിയൂ. ഏകദേശം ഒരു കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇന്ന് സ്ഥാപനം കണക്കാക്കുന്നത്.
സാമ്പത്തികമായി ഇതിനോടകം തകർന്ന സ്ഥാപനത്തിനു പണിമുടക്കുകൾ തിരിച്ചടിയാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. കൺസോർഷ്യം വായ്പയായി 3,163.63 കോടി രൂപയും ജീവനക്കാർക്കു നൽകാനുള്ള കുടിശികയായി 212.54 കോടി രൂപയും വിവിധ കമ്പനികൾ, കരാറുകാർ, എണ്ണക്കമ്പനികൾ തുടങ്ങിയവയ്ക്ക് 639.96 കോടി രൂപയും സർക്കാർ വായ്പയായി 6,496.13 കോടി രൂപയും ഉൾപ്പെടെ സ്ഥാപനത്തിന്റെ കടം 10,512.26 കോടി രൂപയാണ്. കെഎസ്ആർടിസി ഭരണസമിതി അംഗീകരിച്ച ബസ്ജീവനക്കാർ തമ്മിലുള്ള അനുപാതം അനുസരിച്ച് 1,483 കണ്ടക്ടർമാരും 2,024 ഡ്രൈവർമാരും, 2,410 മെക്കാനിക്കുകളും അധികമാണ്. 4,250 ബസിന് 20,468 ജീവനക്കാർ മതി. 26,000 ജീവനക്കാരാണ് ആകെയുള്ളത്.
കോവിഡിനെത്തുടർന്ന് 2020 മാർച്ച് മാസം മുതൽ പൂർണമായും സർക്കാർ നൽകുന്ന സാമ്പത്തിക സഹായത്തിലാണ് കെഎസ്ആർടിസി പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് ഒരു മാസം ശമ്പളം നൽകാൻ 84 കോടി രൂപ ആവശ്യമാണ്. 1500 രൂപ ഇടക്കാല ആശ്വാസവും ഇതിൽപ്പെടുന്നു. ശമ്പളം, ഇടക്കാല ആശ്വാസം, കോവിഡിന്റെ ആദ്യ വ്യാപനഘട്ടത്തിൽ ജീവനക്കാരുടെ ശമ്പളത്തിൽനിന്നും പിടിച്ച തുക ഉൾപ്പെടെ 2020 മാർച്ച് മുതൽ 2021 സെപ്റ്റംബർ വരെ 1,460.96 കോടി രൂപ സർക്കാർ നൽകി. ശമ്പളവും പെൻഷനും നൽകാൻ 5 വർഷം ചെലവഴിച്ചത് 4,630 കോടി രൂപയാണ്.
5500 ബസുകൾ ഓടിയിരുന്നിടത്ത് ഇപ്പോൾ 3500 ബസുകൾ മാത്രമാണ് ഓടുന്നത്. നഷ്ടമില്ലാതിരിക്കാൻ, ദിവസം എട്ടുകോടി വരുമാനം വേണം. ഇപ്പോൾ ശമ്പളവും പെൻഷനുമായി മാസം സർക്കാർ നൽകുന്നത് 140 കോടി. ശമ്പള പരിഷ്കരണം നടപ്പാക്കുക എന്നാൽ, സർക്കാരിനോട് കൈ നീട്ടുക എന്നത് തന്നെ. വേറെ വഴിയില്ല.
മറുനാടന് മലയാളി ബ്യൂറോ